ആഭ്യന്തര ക്രിക്കറ്റിലെ സൂപ്പര്‍ പരിശീലകനെ മക്കല്ലത്തിന് പകരക്കാരനാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

By Gopalakrishnan CFirst Published Aug 17, 2022, 6:50 PM IST
Highlights

ഇന്ത്യക്കായി അഞ്ച് ടെസ്റ്റിലും 36 ഏകദിനങ്ങളിലും കളിച്ചിട്ടുള്ള ചന്ദ്രകാന്ത് പണ്ഡിറ്റ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 48 റണ്‍സ് ശരാശരിയില്‍ 8000ത്തോളം റണ്‍സടിച്ചിട്ടുണ്ട്. 2013ല്‍ ഇന്ത്യന്‍ ജൂനിയര്‍ ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായും ചന്ദ്രകാന്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.

കൊല്‍ക്കത്ത: പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലത്തിന് പകരക്കാരനെ പ്രഖ്യാപിച്ച് ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. മധ്യപ്രദേശിനെ രഞ്ജി ട്രോഫി ചാമ്പ്യന്‍മാരാക്കിയ ചന്ദ്രകാന്ത് പണ്ഡിറ്റാണ് കൊല്‍ക്കത്തയുടെ പുതിയ മുഖ്യ പരിശീലകന്‍. കഴിഞ്ഞ സീസണൊടുവില്‍ മക്കല്ലം ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്‍റെ പരിശീലകനായി പോയതോടെയാണ് കൊല്‍ക്കത്ത പുതിയ പരിശീലകനായുള്ള അന്വേഷണം തുടങ്ങിയത്.

രണ്ട് ഐപിഎല്‍ കിരീടം നേടിയിട്ടുള്ള കൊല്‍ക്കത്ത 2021ല്‍ റണ്ണര്‍ അപ്പുകളായിരുന്നു. രഞ്ജി ട്രോഫിയില്‍ കഴിഞ്ഞ സീസണില്‍ മധ്യപ്രദേശിനെ ആദ്യമായി ചാമ്പ്യന്‍മാരാക്കിയ ചന്ദ്രകാന്ത് ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച പരിശീലകരില്‍ ഒരാളാണ്. 2018ലും  2019ലും വിദര്‍ഭ ക്രിക്കറ്റ് ടീം തുടര്‍ച്ചയായി രണ്ടു തവണ രഞ്ജി ചാമ്പ്യന്‍മാരായപ്പോഴും ചന്ദ്രകാന്തായിരുന്നു പരിശീലകന്‍. രഞ്ജി ട്രോഫിയില്‍ മുംബൈ ടീമിനെയും ചന്ദ്രകാന്ത് പരിശീലിപ്പിച്ചിട്ടുണ്ട്.

വാര്‍ണര്‍, വില്യംസണ്‍, എബിഡി, ബട്‌ലര്‍! ഇന്ത്യക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് ലോകതാരങ്ങള്‍- വീഡിയോ

ഇന്ത്യക്കായി അഞ്ച് ടെസ്റ്റിലും 36 ഏകദിനങ്ങളിലും കളിച്ചിട്ടുള്ള ചന്ദ്രകാന്ത് പണ്ഡിറ്റ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 48 റണ്‍സ് ശരാശരിയില്‍ 8000ത്തോളം റണ്‍സടിച്ചിട്ടുണ്ട്. 2013ല്‍ ഇന്ത്യന്‍ ജൂനിയര്‍ ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായും ചന്ദ്രകാന്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഐപിഎല്ലിന്‍റെ തുടക്കകാലത്ത് കൊല്‍ക്കത്ത ടീം ഉടമ ഷാരൂഖ് ഖാനുമായി നേരിട്ട് സംസാരിച്ചിരുന്നുവെന്നും അന്ന് തന്നെ സഹപരിശീലകനായോ സപ്പോര്‍ട്ട് സ്റ്റാഫായോ തന്നെ ടീമിലേക്ക് ക്ഷണിക്കരുതെന്ന് പറഞ്ഞിരുന്നുവെന്നും ചന്ദ്രകാന്ത് അടുത്തിടെ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

രാഹുല്‍ അല്ല ഓപ്പണറാവേണ്ടത്! കൈഫിന്റെ പിന്തുണ മറ്റൊരു യുവതാരത്തിന്; കാരണം വിശദീകരിച്ച് മുന്‍ ഇന്ത്യന്‍ താരം

ചന്ദ്രകാന്തിനെ പുതിയ പരിശീലകനായി നിയമിക്കാനായതില്‍ സന്തോഷമുണ്ടെന്ന് കൊല്‍ക്കത്ത ടീം സിഇഒ വെങ്കി മൈസൂര്‍ പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റില്‍ പരിശീലകനെന്ന നിലയില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ചന്ദ്രകാന്തിന് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കൊപ്പം ചേര്‍ന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും വെങ്കി മൈസൂര്‍ വ്യക്തമാക്കി.

tags
click me!