
ചെന്നൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ജയം. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആതിഥയേല്‍ 18.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 48 പന്തില്‍ 67 റണ്‍സുമായി പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദാണ് ചെന്നൈയെ വിജയത്തിലേക്ക് നയിച്ചത്. കാര്‍ത്തിക് ശര്‍മ (40 പന്തില്‍ പുറത്താവാതെ 54) റുതുരാജിന് നിര്‍ണായക പിന്തുണ നല്‍കി. ജയത്തോടെ ചെന്നൈ പോയിന്റ് പട്ടികില്‍ ആറാം സ്ഥാനത്തേക്ക് കയറി. ഒമ്പത് മത്സരങ്ങളില്‍ എട്ട് പോയിന്റാണ് ചെന്നൈക്കുള്ളത്. മുംബൈ നാല് പോയിന്റമായി ഒമ്പതാം സ്ഥാനത്ത് തുടരുന്നു.
വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈക്ക് രണ്ടാം ഓവറില്‍ തന്നെ സഞ്ജു സാംസണിന്റെ (11) വിക്കറ്റ് നഷ്ടമായി. ജസ്പ്രിത് ബുമ്രയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റയാന്‍ റിക്കിള്‍ട്ടണ് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങിയത്. മൂന്നാമനായി ക്രീസിലെത്തിയ ഉര്‍വില്‍ പട്ടേല്‍ 12 പന്തില്‍ 24 റണ്‍സ് നേടി ആത്മവിശ്വാസത്തോടെ തുടങ്ങിയെങ്കിലും അധികനേരം മുന്നോട്ട് പോയില്ല. ഗസന്‍ഫാറിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. റുതുരാജിനൊപ്പം 49 റണ്‍സ് ചേര്‍ക്കാന്‍ ഉര്‍വിലിന് സാധിച്ചിരുന്നു.
ഉര്‍വില്‍ മടങ്ങിയെങ്കിലും ഗെയ്കവാദ് - കാര്‍ത്തിക് സഖ്യം ചേര്‍ന്ന് നേടിയ 98 റണ്‍സ് ചെന്നൈയെ വിജയത്തിലേക്ക് നയിച്ചു. റുതുരാജ് രണ്ട് സിക്‌സും അഞ്ച് ഫോറും നേടി. കാര്‍ത്തിക്കിന്റെ ഇന്നിംഗ്‌സില്‍ മൂന്ന് സിക്‌സും നാല് ഫോറുമുണ്ടായിരുന്നുന്നു. നേരത്തെ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത മുംബൈക്ക് വേണ്ടി നമന്‍ ധിര്‍ (37 പന്തില്‍ 57) മാത്രമാണ് തിളങ്ങിയത്. റിയാന്‍ റിക്കിള്‍ട്ടണ്‍ 37 റണ്‍സെടുത്തു. ചെന്നൈക്ക് വേണ്ടി അന്‍ഷൂല്‍ കാംബോജ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നൂര്‍ അഹമ്മദിന് രണ്ട് വിക്കറ്റുണ്ട്.
മോശം തുടക്കമായിരുന്നു മുംബൈക്ക്. രണ്ടാം ഓവറില്‍ തന്നെ വില്‍ ജാക്‌സിന്റെ (1) വിക്കറ്റ് നഷ്ടമായി. പിന്നീട് റിക്കിള്‍ട്ടണ്‍ - ധിര്‍ സഖ്യം 58 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ റിക്കിള്‍ട്ടണെ പുറത്താക്കി നൂര്‍ അഹമ്മദ് ചെന്നൈയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. തുടര്‍ന്ന് വന്ന സൂര്യകുമാര്‍ യാദവ് (21) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. തിലക് വര്‍മയും (5) വന്നത് പോലെ മടങ്ങി. തൊട്ടുപിന്നാലെ ധിറും പവലിയനിലെത്തി. ഹാര്‍ദിക് പാണ്ഡ്യക്ക് ആവട്ടെ (23 പന്തില്‍ 18) വേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ സാധിച്ചതുമില്ല. റോബിന്‍ മിന്‍സാണ് (5) പുറത്തായ മറ്റൊരു താരം. കൃഷ് ഭഗത് (3), ട്രന്റ് ബോള്‍ട്ട് (7) പുറത്താവാതെ നിന്നു.
ചെന്നൈ സൂപ്പര്‍ കിംഗ്സ്: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റുതുരാജ് ഗെയ്ക്വാദ് (വിക്കറ്റ് കീപ്പര്‍), ഉര്‍വില്‍ പട്ടേല്‍, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, ജാമി ഓവര്‍ട്ടണ്‍, രാമകൃഷ്ണ ഘോഷ്, പ്രശാന്ത് വീര്‍, നൂര്‍ അഹമ്മദ്, അന്‍ഷുല്‍ കംബോജ്, മുകേഷ് ചൗധരി.
മുംബൈ ഇന്ത്യന്‍സ്: വില്‍ ജാക്ക്സ്, റയാന്‍ റിക്കല്‍ടണ്‍(ഡബ്ല്യു), സൂര്യകുമാര്‍ യാദവ്, നമാന്‍ ധിര്‍, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ(സി), റോബിന്‍ മിന്‍സ്, ട്രെന്റ് ബോള്‍ട്ട്, കൃഷ് ഭഗത്, ജസ്പ്രീത് ബുംറ, ഗസന്‍ഫര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!