
ചെന്നൈ: ഐപിഎൽ സീസണ് മുന്നോടിയായി ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചയായ നിയമപോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് തിരിച്ചടി. സൂപ്പർ താരം രജനീകാന്തിന്‍റെ സിനിമകളിലെ ഗാനങ്ങൾ പ്രൊമോഷണൽ വീഡിയോകളിൽ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് സൺ ടിവി ഫയൽ ചെയ്ത 1 കോടി രൂപയുടെ മാനനഷ്ടക്കേസിനെത്തുടർന്ന്, വിവാദമായ വീഡിയോകൾ സിഎസ്‌കെ നീക്കം ചെയ്തു. സൺ റൈസേഴ്സ് ഹൈദരാബാദ് ഉടമകളായ സൺ ടിവി നെറ്റ്‌വർക്ക് മദ്രാസ് ഹൈക്കോടതിയിലാണ് സിഎസ്‌കെക്കെതിരെ പകർപ്പവകാശ ലംഘനത്തിന് കേസ് നൽകിയത്.
രജനീകാന്ത് ചിത്രങ്ങളായ 'ജയിലർ', 'ജയിലർ 2', 'കൂലി' എന്നിവയിലെ ഗാനങ്ങൾ അനുമതിയില്ലാതെ തങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിലും ജേഴ്‌സി വിൽപന പ്രൊമോകളിലും ഉപയോഗിച്ചു എന്നാണ് സൺ പിക്ചേഴ്സിന്‍റെ വാദം. ഈ സിനിമകളുടെ പകർപ്പവകാശം സൺ ടിവിക്കാണെന്നിരിക്കെ, ഇത് വാണിജ്യപരമായ ലാഭത്തിന് വേണ്ടി സിഎസ്‌കെ ദുരുപയോഗം ചെയ്തുവെന്ന് കോടതിയിൽ ബോധിപ്പിച്ചു.
കോടതി നടപടികളെത്തുടർന്ന് സിഎസ്‌കെ അധികൃതർ സത്യവാങ്മൂലം സമർപ്പിച്ചു. വിവാദമായ എല്ലാ വീഡിയോകളും സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തു. ഇനിമുതൽ കൃത്യമായ ലൈസൻസ് ഇല്ലാതെ സൺ പിക്ചേഴ്സിന്റെ ഗാനങ്ങൾ ഉപയോഗിക്കില്ലെന്ന് ഉറപ്പുനൽകി. എന്നാൽ, തങ്ങൾ ഡിലീറ്റ് ചെയ്ത വീഡിയോകൾ ആരാധകരോ മറ്റ് മൂന്നാം കക്ഷികളോ വീണ്ടും പങ്കുവെച്ചാൽ അതിൽ ഉത്തരവാദിത്തമുണ്ടാവില്ലെന്നും സിഎസ്‌കെ വ്യക്തമാക്കി.
ഗാനങ്ങൾ ഉപയോഗിക്കാൻ മ്യൂസിക് ഏജൻസികളിൽ നിന്ന് ലൈസൻസ് എടുക്കാൻ ശ്രമിക്കുമ്പോൾ സൺ ടിവി അതിൽ ഇടപെടുകയോ തടസ്സപ്പെടുത്തുകയോ ചെയ്യരുതെന്ന് സിഎസ്‌കെ കോടതിയിൽ ആവശ്യപ്പെട്ടു. സിഎസ്‌കെ സ്വമേധയാ വീഡിയോകൾ നീക്കം ചെയ്ത സാഹചര്യത്തിൽ താൽക്കാലിക സ്റ്റേ ഉത്തരവ് കോടതി ഒഴിവാക്കി. എന്നാൽ 1 കോടി രൂപയുടെ നഷ്ടപരിഹാര കേസ് പിൻവലിക്കണമോ എന്ന കാര്യത്തിൽ 2026 ഏപ്രിൽ 6-നകം തീരുമാനം അറിയിക്കാൻ ജസ്റ്റിസ് സൺ ടിവിയോട് നിർദ്ദേശിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!