ആദ്യ മത്സരത്തിലെ മികച്ച ജയത്തിനിടയിലും ഇന്ത്യയുടെ മധ്യനിര ബാറ്റിംഗ് ആശങ്ക ഉയർത്തുന്നുണ്ട്. ബൗൺസറുകളെ നേരിടാൻ ബുദ്ധിമുട്ടിയ ഇന്ത്യൻ മധ്യനിര 114/1 എന്ന നിലയിൽ നിന്ന് 136/5 എന്ന ഘട്ടത്തിലേക്ക് തകർന്നിരുന്നു.
വെല്ലിംഗ്ടണ്‍: ന്യൂസിലൻഡിനെതിരായ അഞ്ച് മത്സര ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ത്യ നാളെ ഇറങ്ങും. ഇന്ത്യൻ സമയം രാവിലെ 7.30നാണ് മത്സരം ആരംഭിക്കുക. സോണി സ്പോർട്സ് നെറ്റ്വര്‍ക്കിലും സോണി ലിവിലും മത്സരം തത്സമയം കാണാനാവും. വെല്ലിംഗ്ടണിലെ എൻട്രി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം ജയിച്ച് പരമ്പരയിൽ 2-0ന് മുന്നിലെത്തുകയാണ് ശുഭ്മൻ ഗില്ലിന്റെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യയുടെ ലക്ഷ്യം. ആദ്യ മത്സരത്തിൽ ഇന്ത്യ 5 വിക്കറ്റിന്റെ ആധികാരിക ജയം സ്വന്തമാക്കിയിരുന്നു.
ആദ്യ ഏകദിനത്തിൽ മികച്ച ബൗളിംഗ് പ്രകടനമാണ് ഇന്ത്യൻ പേസ് നിര പുറത്തെടുത്തത്. ന്യൂസിലൻഡിനെ 185 റൺസിന് പുറത്താക്കിയ ശേഷം, മഴമൂലം പുനർനിശ്ചയിച്ച 143 റൺസ് വിജയം 5 വിക്കറ്റുകൾ ബാക്കിനിൽക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിംഗും മൂന്ന് വിക്കറ്റെടുത്ത ഗുർനൂർ ബ്രാറും രണ്ട് വിക്കറ്റ് നേടിയ അൻഷുൽ കാംബോജും ഇന്ത്യൻ ബൗളിംഗിൽ തിളങ്ങി. 10 ഓവറിൽ 22 റൺസ് മാത്രം വഴങ്ങിയ കാംബോജായിരുന്നു മത്സരത്തിലെ താരം. മറുപടി ബാറ്റിംഗിൽ രോഹിത് ശർമ്മ പൂജ്യത്തിന് പുറത്തായെങ്കിലും, 51 പന്തിൽ 74 റൺസ് നേടിയ വിരാട് കോലിയുടെയും 37 റൺസെടുത്ത ശുഭ്മൻ ഗില്ലിന്റെയും പ്രകടനം ഇന്ത്യൻ ജയം എളുപ്പമാക്കി.
ആദ്യ മത്സരത്തിലെ മികച്ച ജയത്തിനിടയിലും ഇന്ത്യയുടെ മധ്യനിര ബാറ്റിംഗ് ആശങ്ക ഉയർത്തുന്നുണ്ട്. ബൗൺസറുകളെ നേരിടാൻ ബുദ്ധിമുട്ടിയ ഇന്ത്യൻ മധ്യനിര 114/1 എന്ന നിലയിൽ നിന്ന് 136/5 എന്ന ഘട്ടത്തിലേക്ക് തകർന്നിരുന്നു. അക്സർ പട്ടേലും ശ്രേയസ് അയ്യരും കെ.എൽ. രാഹുലും ഷോര്‍ട്ട് പിച്ച് പന്തുകൾക്ക് മുന്നിൽ പതറി. രണ്ടാം മത്സരത്തിൽ ടോപ്പ് ഓർഡറിനെ മാത്രം ആശ്രയിക്കാതെ മിഡിൽ ഓർഡർ ബാറ്റിംഗ് മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. ആദ്യ മത്സരത്തിൽ പൂജ്യത്തിന് പുറത്തായ രോഹിത് ശർമ്മക്കും രണ്ടാം മത്സരം നിര്‍ണായകമാണ്. ആദ്യ മത്സരത്തില്‍ കളിച്ച ടീമില്‍ ഇന്ത്യ ഒരു മാറ്റം വരുത്തിയേക്കും. ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയ പേസര്‍ ആഖിബ് നബിക്ക് പകരം പരിചയസമ്പന്നനായ മുഹമ്മദ് സിറാജ് പേസ് നിരയില്‍ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അക്ഷര്‍ പട്ടേലിന് പകരം കുല്‍ദീപ് യാദവിനും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാൻ സാധ്യതയുണ്ട്.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
മറുവശത്ത്, മിച്ചൽ സാന്റ്നറുടെ നേതൃത്വത്തിലിറങ്ങുന്ന ന്യൂസിലൻഡിന് ബാറ്റിംഗ് നിരയിലെ വീഴ്ചകളാണ് പ്രധാന തിരിച്ചടി. വെല്ലിംഗ്ടണിലെ സാഹചര്യങ്ങളുമായി വേഗത്തിൽ പൊരുത്തപ്പെട്ട് പരമ്പരയിൽ ഒപ്പമെത്താനാണ് കിവീസിന്റെ ശ്രമം. കൂടാതെ, പരിക്കുമൂലം മുൻനിര ബാറ്റർ ഡെവൺ കോൺവേ പരമ്പരയിൽ നിന്ന് പുറത്തായത് ന്യൂസിലൻഡിന് വലിയ തിരിച്ചടിയാണ്.
ഇന്ത്യ സാധ്യതാ ഇലവൻ: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, നമൻ ധിര്‍, അക്ഷര്‍ പട്ടേല്‍/ കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ഗുര്‍നൂര്‍ ബ്രാര്‍, മുഹമ്മദ് സിറാജ്, അന്‍ഷുല്‍ കാംബോജ്.




