എസിസി അണ്ടർ-19 ഏഷ്യ കപ്പിൽ നേപ്പാളിനെ 10 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യക്ക് വിജയത്തുടക്കം. നേപ്പാൾ ഉയർത്തിയ 129 റൺസ് വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു.

മസ്കറ്റ്: എസിസി അണ്ടർ-19 ഏഷ്യ കപ്പിൽ നേപ്പാളിനെ 10 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യക്ക് വിജയത്തുടക്കം. ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 42.3 ഓവറില്‍ 128 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഓപ്പണര്‍മാരായ ആര്യവീര്‍ സെവാഗിന്‍റെയും ലക്ഷ്യ രാജേഷ് റായ്‌ചന്ദാനിയുടെയും അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ ഇന്ത്യ 19.1 ഓവറില്‍ ലക്ഷ്യം കണ്ടു. 34 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ആര്യവീര്‍ സെവാഗ് 51 പന്തില്‍ 69 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്കോററായപ്പോള്‍ ലക്ഷ്യ രാജേഷ് 53 റണ്‍സുമായി പുറത്താകാതെ നിന്നു.

ഏഴ് ഫോറും നാലു സിക്സും അടങ്ങുന്നതാണ് മുന്‍ ഇന്ത്യൻ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്‍റെ മകനായ ആര്യവീര്‍ സെവാഗിന്‍റെ അര്‍ധസെഞ്ചുറി. ഏഴ് ബൗണ്ടറി പറത്തിയ ലക്ഷ്യ രാജേഷ് 58 പന്തിലാണ് അര്‍ധസെഞ്ചുറിയിലെത്തിയത്. മുന്‍ ഇന്ത്യൻ താരം രാഹുല്‍ ദ്രാവിഡിന്‍റെ മകനായ അന്‍വയ് ദ്രാവിഡിന് ബാറ്റിംഗിന് അവസരം ലഭിച്ചില്ല.

Scroll to load tweet…

ഒമാനിലെ അൽ അമിറാത്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യൻ യുവനിര നേപ്പാളിനെ 128 റൺസിന് ഓൾഔട്ടാക്കുകയായിരുന്നു. തുടക്കം മുതൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ബൗളർമാർ മത്സരം പൂർണ്ണമായും നിയന്ത്രിച്ചു. ഇന്ത്യയ്ക്കായി ഇഷാൻ സൂദും അർജുൻ രാജ്പൂതും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ യഷ്വീർ ഗൗഡ് രണ്ട് വിക്കറ്റുകൾ നേടി. മൂന്ന് റൺസ് മാത്രം വഴങ്ങി 4 മെയ്ഡനുകൾ ഉൾപ്പെടെ പത്ത് ഓവറിൽ 18 റൺസ് മാത്രമാണ് ഇഷാൻ സൂദ് വിട്ടുകൊടുത്തത്.

Scroll to load tweet…

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

നേപ്പാൾ നിരയിൽ 43 റൺസ് നേടിയ ദർശ് സോനാറാണ് ടോപ് സ്കോറർ. ആശിഷ് ലുഹാർ (29), നീരജ് കുമാർ യാദവ് (20) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 43 റൺസാണ് നേപ്പാളിനെ 100 കടക്കാൻ സഹായിച്ചത്. എന്നാൽ ഈ കൂട്ടുകെട്ട് പൊളിഞ്ഞതോടെ നേപ്പാൾ ബാറ്റിംഗ് നിര തകരുകയായിരുന്നു. ഞായറാഴ്ച നടക്കുന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യ അണ്ടര്‍ 19 പാകിസ്ഥാനെ നേരിടും. യുഎഇയാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ള മൂന്നാമത്തെ ടീം. ചൊവ്വാഴ്ചയാണ് ഇന്ത്യ-യുഎഇ മത്സരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക