
ചെന്നൈ: രഞ്ജി ട്രോഫിയില്‍ സഞ്ജുവും റുതുരാജ് ഗെയ്ക്‌വാദും ഒപ്പമുള്ള ചിത്രം പങ്കുവച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. സഞ്ജുവിനെ സ്വന്തമാക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ചെന്നൈയുടെ പോസ്റ്റ്. ചെന്നൈയുടെ ക്യാപ്റ്റനാണ് റുതുരാജ് ഗെയ്കവാദ്. ചിത്രം സഞ്ജു സാംസണും ഇന്‍സ്റ്റയില്‍ പങ്കുവച്ചിട്ടുണ്ട്. ചെന്നൈയുടെ 'തലയും ചിന്നത്തലയും' എന്നു പറഞ്ഞ് ആരാധകരും ചിത്രം ഏറ്റെടുത്തു. സഞ്ജുവിനെ ചെന്നൈയിലെത്തിക്കൂ എന്നാണ് ആരാധകരുടെ ആവശ്യം. അതേസമയം, സഞ്ജുവിനെ സ്വന്തമാക്കാന്‍ മറ്റ് ഫ്രാഞ്ചൈസികളും ശ്രമിക്കുന്നുണ്ട്.
സഞ്ജുവിനെ ഡല്‍ഹി കാപിറ്റല്‍സ് ടീമിലെത്തിച്ചേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒരു സീനിയര്‍ താരത്തെ വിട്ടുകൊടുത്ത് സഞ്ജുവിനെ കൊണ്ടുവരാനാണ് ഡല്‍ഹി ശ്രമിക്കുന്നത്. എന്നാല്‍ ഏത് താരത്തെ വിട്ടുകൊടുക്കുമെന്നുള്ള കാര്യത്തില്‍ വ്യക്തതയില്ല. കെ എല്‍ രാഹുലിനെ ഇപ്പോള്‍ തന്നെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നോട്ടമിട്ടിട്ടുണ്ട്. ക്യാപ്റ്റനും വിക്കറ്റ് കീപ്പറും ഓപ്പണറുമായിട്ടാണ് രാഹുലിനെ കൊല്‍ക്കത്ത പരിഗണിക്കുന്നത്. ഡല്‍ഹിയുടെ സീനിയര്‍ താരം രാഹുലാണ്. മാത്രമല്ല, അക്സര്‍ പട്ടേലും ടീമിലുണ്ട്. അക്സറാണ് കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ചത്.
സഞ്ജു ചെന്നൈയിലേക്കാണെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. പരിശീലകന്‍ സ്റ്റീഫന്‍ ഫ്ളെമിംഗ്, സഞ്ജുവുമായ ചര്‍ച്ച നടത്തിയെന്ന് വരെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്തായാലും രാജസ്ഥാന്‍ വിടുമെന്നുള്ള കാര്യത്തില്‍ ഏറെക്കുറെ ഉറപ്പായി. കഴിഞ്ഞ സീസണിന് മുമ്പ് ജോസ് ബട്ലറെ ഒഴിവാക്കിയതുള്‍പ്പെടെയുള്ള സഞ്ജുവിന്റെ പിന്മാറ്റത്തിന് പിന്നിലുണ്ട്.
അതേസമയം, ഇത്തവണ താരലേലത്തിന് മുമ്പ് ടീമുകള്‍ക്ക് കളിക്കാരെ നിലനിര്‍ത്താനുള്ള അവസാന തീയതി നവംബര്‍ 15 ആയിരിക്കും. ഈ വര്‍ഷത്തെ ഐപിഎല്‍ മിനി താരലേലം ഡിസംബര്‍ 15ന് നടക്കുമെന്ന് റിപ്പോര്‍ട്ട്. ഡിസംബര്‍ 13- മുതല്‍ 15 വരെയുള്ള തിയതികളിലൊന്നിലായിരിക്കും താരലേലം നടക്കുകയെന്ന് ബിസിസിഐ വൃത്തങ്ങലെ ഉദ്ധരിച്ച് ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ തവണ മെഗാ താരലേലത്തിന് സൗദി അറേബ്യ വേദിയായതുപോലെ ഇത്തവണ വിദേശത്ത് താരലേലം നടക്കാനുള്ള സാധ്യതയില്ല.