
ചെന്നൈ: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ജയിച്ചിട്ടും ചെന്നെ സൂപ്പർ കിംഗ്സ് പോയിൻ്റ് പട്ടികയിൽ നാലാമത് തന്നെ. എം എ ചിദംബരം സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനായിരുന്നു ചെന്നൈയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കൊൽക്കത്ത 137 റൺസ് വിജയലക്ഷ്യമാണ് മൂന്നോട്ടുവച്ചത്. മൂന്ന് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് കൊൽക്കത്തയെ തകർത്തത്. മറുപടി ബാറ്റിംഗിൽ ചെന്നൈ 14 പന്ത് ശേഷിക്കെ ലക്ഷ്യം മറികടന്നു.
അഞ്ച് മത്സരങ്ങൾ പൂർത്തിയാക്കിയ ചെന്നൈക്ക് മൂന്ന് ജയമാണുള്ളത്. രണ്ട് തോൽവിയും. നിലവിൽ ആറ് പോയിൻ്റുമായി നാലാമതാണ് ചെന്നൈ. സീസണിൽ ആദ്യ തോൽവിയേറ്റുവാങ്ങിയ കൊൽക്കത്ത രണ്ടാം സ്ഥാനത്താണ്. നാല് മത്സരങ്ങൾ പൂർത്തിയാക്കിയ കൊൽക്കത്ത ആദ്യ മൂന്നിലും ജയിച്ചിരുന്നു. നിലവിൽ തോൽവി അറിയാത്ത ഒരേയൊരു ടീം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് മാത്രമാണ്. ഒന്നാമതുള്ള രാജസ്ഥാന് നാല് മത്സരങ്ങളിൽ എട്ട് പോയിൻ്റാണുള്ളത്.
കൊൽക്കത്തയ്ക്ക് പിന്നിൽ മൂന്നാമത് ലഖ്‌നൗ സൂപ്പർ ജയൻ്റ്സുണ്ട്. നാലിൽ ഒരു മത്സരം മാത്രമാണ് ലഖ്‌നൗ തോറ്റത്. നെറ്റ് റൺറേറ്റിൻ്റെ അടിസ്ഥാനത്തിലാണ് ലഖ്‌നൗ മൂന്നാമതായത്. രാജസ്ഥാൻ ഒഴികെ, ആദ്യ നാലിലെ മൂന്ന് ടീമുകൾക്കും ആറ് പോയിൻ്റ് വീതമാണുള്ളത്. ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദ് - പഞ്ചാബ് കിംഗ്സ് മത്സരം ജയിക്കുന്നവർക്കും ആറ് പോയിൻ്റാവും. പിന്നീട് നെറ്റ് റൺറേറ്റാണ് സ്ഥാനങ്ങൾ നിശ്ചയിക്കുക. നിലവിൽ ഹൈദരാബാദ് അഞ്ചാമതും പഞ്ചാബ് ആറാം സ്ഥാനത്തുമാണ്. ഇരുവർക്കും നാല് മത്സരങ്ങളിൽ 4 പോയിൻ്റ്. അഞ്ച് മത്സരങ്ങളിൽ നാല് പോയിൻ്റുള്ള ഗുജറാത്ത് ടൈറ്റൻസ് ഏഴാമത്.
കഴിഞ്ഞ ദിവസം സീസണിലെ ആദ്യജയം സ്വന്തമാക്കിയ മുംബൈ ഇന്ത്യൻസ് ഏഴാം സ്ഥാനത്ത്. നാല് മത്സരങ്ങൾ മുംബൈ പൂർത്തിയാക്കി. അഞ്ച് മത്സരങ്ങളിൽ ഒരോ ജയവുമായി രണ്ട് പോയിൻ്റ് മാത്രമുള്ള ആർസിബിയും ഡൽഹി കാപിറ്റൽസും യഥാക്രമം ഒമ്പതും പത്തും സ്ഥാനങ്ങളിൽ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!