
ദില്ലി: ഐപിഎല്ലിൽ കെ.എൽ രാഹുലിനെ വിമര്‍ശിച്ച് ഇന്ത്യൻ താരം ചേതേശ്വര്‍ പൂജാര. രാജസ്ഥാൻ റോയൽസിനെതിരായ രാഹുലിന്‍റെ ബാറ്റിംഗിലെ മെല്ലെപ്പോക്ക് ചൂണ്ടിക്കാട്ടിയായിരുന്നു പൂജാരയുടെ വിമര്‍ശനം. രാജസ്ഥാനെതിരെ മധ്യനിര ബാറ്ററായി ക്രീസിലെത്തിയ രാഹുൽ 32 പന്തുകളിൽ നിന്ന് 38 റൺസ് നേടി പുറത്തായിരുന്നു.
'ഒരു സീനിയര്‍ താരമെന്ന നിലയിൽ 15-20 പന്തുകൾ നേരിട്ട് നിലയുറപ്പിച്ച ശേഷം കെ.എൽ രാഹുൽ ആക്രമിച്ച് കളിക്കണം. രാജസ്ഥാനെതിരെ രാഹുൽ ആക്രമിച്ച് കളിക്കാൻ ശ്രമിക്കണമായിരുന്നു. അദ്ദേഹത്തിന്‍റെ ബാറ്റിംഗ് ഓര്‍ഡറിൽ ചെറിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. പൊതുവേ പവര്‍ പ്ലേയിൽ രാഹുൽ ആക്രമിച്ച് കളിക്കാറുണ്ട്. എന്നാൽ, അതിന് ശേഷവും അഗ്രസീവായി തുടരാൻ ശ്രമിക്കണം. രാജസ്ഥാനെതിരെ രാഹുൽ തന്‍റെ സ്വന്തം വിക്കറ്റ് കളയാതെ നോക്കുന്നത് പോലെയാണ് തോന്നിയത്'. പൂജാര പറഞ്ഞു.
അതേസമയം, രാജസ്ഥാനെതിരെ അഭിഷേക് പോറെൽ വെടിക്കെട്ട് തുടക്കമാണ് ഡൽഹിയ്ക്ക് നൽകിയത്. ഓപ്പണര്‍ ജെയ്ക് ഫ്രേസര്‍ മക്ഗുര്‍ക്കും കരുൺ നായരും പുറത്തായതിന് പിന്നാലെ ക്രീസിലൊന്നിച്ച കെ.എൽ രാഹുൽ - അഭിഷേക് പോറെൽ സഖ്യം 53 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. 14 പന്തിൽ 34 റൺസ് നേടിയ നായകൻ അക്സര്‍ പട്ടേലിന്‍റെയും 18 പന്തിൽ 34 റൺസ് നേടിയ ട്രിസ്റ്റൺ സ്റ്റബ്സിന്‍റെയും തകര്‍പ്പൻ പ്രകടനമാണ് ഡൽഹിയ്ക്ക് 188 റൺസ് എന്ന മികച്ച സ്കോര്‍ സമ്മാനിച്ചത്. സൂപ്പര്‍ ഓവറിൽ കലാശിച്ച മത്സരത്തിൽ 2 പന്തുകൾ ബാക്കി നിര്‍ത്തി ഡൽഹി വിജയിച്ചു.
READ MORE: റിട്ടയേഡ് ഔട്ടും റിട്ടയേഡ് ഹർട്ടും; എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം?