ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ സഞ്ജു റിട്ടയേഡ് ഹര്‍ട്ട് പ്രഖ്യാപിച്ച് മൈതാനം വിട്ടിരുന്നു.

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരത്തിനിടെ പരിക്കേറ്റ സഞ്ജു സാംസൺ മൈതാനം വിട്ടിരുന്നു. മത്സരത്തിന്‍റെ ആറാം ഓവറിലായിരുന്നു സംഭവം. 19 പന്തിൽ നിന്ന് 31 റൺസ് നേടി മികച്ച രീതിയിൽ മുന്നോട്ടുപോകുകയായിരുന്ന സഞ്ജുവിന് അപ്രതീക്ഷിതമായി പരിക്കേൽക്കുകയായിരുന്നു. ഇതോടെ താരം പ്രാഥമിക ചികിത്സ തേടി ബാറ്റിംഗ് തുടര്‍ന്നെങ്കിലും വൈകാതെ തന്നെ വീണ്ടും അസ്വസ്ഥത അനുഭവപ്പെടുകയും റിട്ടയേഡ് ഹര്‍ട്ടായി പ്രഖ്യാപിച്ച് ഡ്രസിംഗ് റൂമിലേയ്ക്ക് മടങ്ങുകയുമായിരുന്നു. 

ലക്നൗ സൂപ്പര്‍ ജയന്‍റ്സ് - മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ മുംബൈ താരം തിലക് വർമ്മയും ചെന്നൈ സൂപ്പർ കിംഗ്‌സ് - പഞ്ചാബ് കിംഗ്‌സ് മത്സരത്തിനിടെ ചെന്നൈ താരം ഡെവോൺ കോൺവെയും പുറത്താകാതെ തന്നെ മൈതാനം വിട്ടിരുന്നു. സഞ്ജു സാംസണെ 'റിട്ടയേർഡ് ഹർട്ട്' ആയി പ്രഖ്യാപിച്ചപ്പോൾ തിലകിനെയും കോൺവേയെയും 'റിട്ടയേർഡ് ഔട്ട്' ആയാണ് പ്രഖ്യാപിച്ചത്. 

ഒരു ബാറ്റ്സ്മാൻ പരിക്ക് അല്ലെങ്കിൽ അസുഖം മൂലം ഫീൽഡ് വിടേണ്ടി വരുമ്പോഴാണ് 'റിട്ടയേഡ് ഹർട്ട്' എന്ന സാഹചര്യം ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ ആരോഗ്യ പ്രശ്നം സ്ഥിരീകരിക്കേണ്ടത് മാച്ച് ഓഫീസർമാരുടെ ഉത്തരവാദിത്തമാണ്. മുകളിൽ പറഞ്ഞ കാരണങ്ങളാൽ ഒരു കളിക്കാരൻ ഫീൽഡ് വിട്ടാൽ, വിക്കറ്റ് വീണതിന് ശേഷമോ ഒരു കളിക്കാരൻ 'റിട്ടയേഡ് ഔട്ട്' ആയതിന് ശേഷമോ ഇന്നിംഗ്സിലെ ഏത് ഘട്ടത്തിലും ആ താരത്തിന് കളിക്കളത്തിലേയ്ക്ക് തിരികെയെത്താനും ബാറ്റിംഗ് തുടരാനും അനുവാദമുണ്ട്.

അതേസമയം, 'റിട്ടയേഡ് ഔട്ട്' എന്നത് ഒരു തന്ത്രപരമായ തീരുമാനമാണ്. ബാറ്റിംഗ് ടീമാണ് ഈ തീരുമാനം എടുക്കുന്നത്. നിയമ പ്രകാരം ടീമുകൾക്ക് മത്സരത്തിന്‍റെ സാഹചര്യത്തിന് കൂടുതൽ അനുയോജ്യനായ മറ്റൊരു ബാറ്റ്സ്മാനെ ക്രീസിൽ അയയ്ക്കാൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ, റിട്ടയേഡ് ഔട്ട് പ്രഖ്യാപിച്ച് പുറത്തുപോകുന്ന ബാറ്റ്സ്മാന് വീണ്ടും ബാറ്റ് ചെയ്യാൻ അവസരമുണ്ടാകില്ല. ആ കളിക്കാരന്‍റെ ഇന്നിംഗ്സ് അവസാനിച്ചു എന്നര്‍ത്ഥം.

READ MORE: സ്റ്റാർക്കും കമ്മിൻസുമല്ല! വെള്ളം കുടിപ്പിച്ച ബൗളറുടെ പേര് വെളിപ്പെടുത്തി രോഹിത് ശർമ്മ