മുന്നറിയിപ്പ് ഓസീസിന്, വീണ്ടും കൗണ്ടി സെഞ്ചുറിയുമായി പൂജാര; ജാഫറിന്‍റെ റെക്കോര്‍ഡ് തകര്‍ത്തു

Published : Apr 29, 2023, 04:22 PM ISTUpdated : Apr 29, 2023, 04:30 PM IST
മുന്നറിയിപ്പ് ഓസീസിന്, വീണ്ടും കൗണ്ടി സെഞ്ചുറിയുമായി പൂജാര; ജാഫറിന്‍റെ റെക്കോര്‍ഡ് തകര്‍ത്തു

Synopsis

ബ്രിസ്റ്റോളില്‍ ഗ്ലോസ്‌സ്റ്റ്ഷയറിന് എതിരായ മത്സരത്തിന്‍റെ മൂന്നാം ദിനം 191 പന്തുകളില്‍ ചേതേശ്വര്‍ പൂജാര മൂന്നക്കത്തിലെത്തി

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പ് ഇന്ത്യന്‍ ടീമിന് സന്തോഷ വാര്‍ത്ത. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വേദിയായ ഇംഗ്ലണ്ടില്‍ പുരോഗമിക്കുന്ന കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ബാറ്റര്‍ ചേതേശ്വര്‍ പൂജാര സീസണിലെ രണ്ടാം സെഞ്ചുറി നേടി. 191 പന്തുകളില്‍ നിന്ന് പൂജാര തന്‍റെ 58-ാം ഫസ്റ്റ് ക്ലാസ് ശതകത്തിലെത്തി. സസെക്‌സിനായി ഈ സീസണില്‍ മൂന്നാം മത്സരത്തില്‍ പൂജാരയുടെ രണ്ടാം സെഞ്ചുറിയാണിത്. 

ബ്രിസ്റ്റോളില്‍ ഗ്ലോസ്‌സ്റ്റ്ഷയറിന് എതിരായ മത്സരത്തിന്‍റെ മൂന്നാം ദിനം 191 പന്തുകളില്‍ ചേതേശ്വര്‍ പൂജാര മൂന്നക്കത്തിലെത്തി. ഈ സീസണില്‍ നേരത്തെ ഡര്‍ഹാമിനെതിരായ മത്സരത്തില്‍ സസെക‌്‌സ് ക്യാപ്റ്റനായി ഇറങ്ങി പൂജാര 115 റണ്‍സെടുത്തിരുന്നു. കൗണ്ടി സീസണിലെ രണ്ടാം സെഞ്ചുറിയോടെ ഇന്ത്യന്‍ ആഭ്യന്തര ഇതിഹാസം വസീം ജാഫറിന്‍റെ 57 ഫസ്റ്റ് ക്ലാസ് ശതകങ്ങളുടെ റെക്കോര്‍ഡ് പൂജാര മറികടന്നു. ഏറ്റവും കൂടുതല്‍ ഫസ്റ്റ് ക്ലാസ് ശതകങ്ങളുള്ള ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് പൂജാര ചേക്കേറി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(81), സുനില്‍ ഗാവസ്‌കര്‍(81), രാഹുല്‍ ദ്രാവിഡ്(68), വിജയ് ഹസാരെ(60) എന്നിവരാണ് ചേതേശ്വര്‍ പൂജാരയ്‌ക്ക് മുന്നിലുള്ളത്. 

ഈ കൗണ്ടി സീസണില്‍ അഞ്ച് ഇന്നിംഗ്‌സുകളില്‍ ചേതേശ്വര്‍ പൂജാരയ്‌ക്ക് 280 റണ്‍സുകളായി. 2022 കൗണ്ടി സീസണ്‍ മുതല്‍ ഇംഗ്ലണ്ടില്‍ റണ്ണൊഴുക്കുകയാണ് താരം. 13 ഇന്നിംഗ്‌സുകളില്‍ 1094 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ ബാറ്റിംഗ് ശരാശരി 109.40 ആണ്. അഞ്ച് സെഞ്ചുറികള്‍ സഹിതമാണിത്. ഇംഗ്ലണ്ടില്‍ റോയല്‍ ലണ്ടന്‍ ഏകദിന കപ്പും കളിച്ച പൂജാര 9 ഇന്നിംഗ്‌സുകളില്‍ 624 റണ്‍സ് മൂന്ന് സെഞ്ചുറികളും അഞ്ച് ഫിഫ്റ്റികളും സഹിതം നേടിയിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ ജൂണ്‍ 7ന് ഓവലില്‍ ഓസീസിനെതിരെ ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ ടീമിന് പ്രതീക്ഷയാണ് പൂജാരയുടെ കൗണ്ടി ഫോം. 

Read more: അത്ഭുതാവഹമായ വളര്‍ച്ച; ഐപിഎല്‍ 2023ല്‍ സിറാജ് തന്നെ കിടിലോസ്‌കി പേസര്‍ എന്ന് കണക്കുകള്‍

PREV
Read more Articles on
click me!

Recommended Stories

'ഫിനിഷർ' വേണ്ട! റിങ്കുവിനോടും അനീതിയോ; എന്തുകൊണ്ട് ടീമില്‍ നിന്നും ഒഴിവാക്കി?
മുഷ്താഖ് അലി ടി20: നിര്‍ണായക മത്സരത്തില്‍ ആന്ധ്രയ്‌ക്കെതിരെ കേരളത്തിന് ടോസ് നഷ്ടം