തകര്‍പ്പന്‍ സെഞ്ചുറി, ഇതിഹാസ പട്ടികയില്‍ പൂജാര; സച്ചിനും ദ്രാവിഡിനും ഗാവസ്‌കര്‍ക്കുമൊപ്പം

By Web TeamFirst Published Jan 11, 2020, 6:57 PM IST
Highlights

രാജ്‌കോട്ടിലെ മാധവ്‌റാവു സിന്ധ്യ ക്രിക്കറ്റ് ഗ്രൗണ്ടില്‍ രഞ്ജി ട്രോഫി മത്സരത്തില്‍ കര്‍ണാടകയ്‌ക്ക് എതിരെയാണ് പൂജാരയുടെ നേട്ടം

രാജ്‌കോട്ട്: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ചരിത്രനേട്ടവുമായി സൗരാഷ്‌ട്ര താരം ചേതേശ്വര്‍ പൂജാര. കരിയറിലെ 50-ാം ഫസ്റ്റ് ക്ലാസ് ശതകം നേടിയ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറും സുനില്‍ ഗാവസ്‌കറും രാഹുല്‍ ദ്രാവിഡും അടക്കമുള്ള ഇതിഹാസങ്ങള്‍ക്കൊപ്പം ഇടംപിടിച്ചു. 

രഞ്ജി ട്രോഫിയില്‍ രാജ്‌കോട്ടിലെ മാധവ്‌റാവു സിന്ധ്യ ക്രിക്കറ്റ് ഗ്രൗണ്ടില്‍ കര്‍ണാടകയ്‌ക്ക് എതിരെയാണ് പൂജാരയുടെ നേട്ടം. ഒന്‍പത് ഇന്ത്യന്‍ താരങ്ങളാണ് ഇതുവരെ ഈ നേട്ടത്തിലെത്തിയിട്ടുള്ളത്. ഗാവസ്‌കറും സച്ചിനും 81 വീതം ഫസ്റ്റ് ക്ലാസ് സെഞ്ചുറികള്‍ നേടിയപ്പോള്‍ ദ്രാവിഡ് 68 തവണയാണ് നൂറ് തികച്ചത്. വിജയ് ഹസാരെ(60), വസീം ജാഫര്‍(57), ദിലീപ് വെങ്‌സര്‍ക്കര്‍(55), വിവിഎസ് ലക്ഷ്‌മണ്‍(55), മുഹമ്മദ് അസ്‌ഹറുദ്ദീന്‍(54) എന്നിവരും 50 ഫസ്റ്റ് ക്ലാസ് ശതകങ്ങള്‍ തികച്ച താരങ്ങളാണ്. 

ആക്‌റ്റീവ് ക്രിക്കറ്റര്‍മാരില്‍ നാലാം സ്ഥാനവും പൂജാരയ്‌ക്കുണ്ട്. ഇംഗ്ലണ്ട്-എസെക്‌സ് ഇതിഹാസം അലിസ്റ്റര്‍ കുക്ക്(65), ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വസീം ജാഫര്‍(57), സറേക്കായി കളിക്കാന്‍ തയ്യാറെടുക്കുന്ന ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ഹാഷിം അംല(52) എന്നിവരാണ് പൂജാരയ്‌ക്ക് മുന്നിലുള്ളത്. നിലവിലെ താരങ്ങളില്‍ 50 ഫസ്റ്റ് ക്ലാസ് സെഞ്ചുറികള്‍ തികച്ച പ്രായം കുറഞ്ഞ താരം കൂടിയാണ് 31കാരനായ പൂജാര. പൂജാരയുടെ സമകാലിക താരങ്ങളായ വിരാട് കോലി 34ഉം അജിങ്ക്യ രഹാനെ 32ഉം സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. 

പൂജാര 162 റണ്‍സുമായി പുറത്താകാതെ നില്‍ക്കുമ്പോള്‍ ആദ്യ ദിനം 296/2 എന്ന ശക്തമായ സ്‌കോറിലാണ് സൗരാഷ്‌ട്ര. പൂജാരയ്‌ക്കൊപ്പം 99 റണ്‍സുമായി ഷെല്‍ഡന്‍ ജാക്ക്‌സന്‍ ആണ് ക്രീസില്‍. ഓപ്പണര്‍മാരായ ഹര്‍വിക് ദേശായിയെ 13ല്‍ നില്‍ക്കേയും സ്‌നെല്‍ പട്ടേലിനെ 16ല്‍ വെച്ചും സുജിത്ത് പുറത്താക്കി. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇതിനകം 263 റണ്‍സ് സൗരാഷ്ട്ര നേടിയിട്ടുണ്ട്.  

click me!