നാളെ കൊളംബോയിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനോട് തോൽക്കുമെന്നാണ് ഇയാൾ അവകാശപ്പെടുന്നത്.
മുംബൈ: ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ നിർണായക പോരാട്ടത്തിന് ഇന്ത്യ തയാറെടുക്കുമ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു വീഡിയോ ഇന്ത്യൻ ആരാധകർക്കിടയിൽ ചെറിയൊരു ആശങ്ക പടർത്തുന്നു. ഈ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായ സിംബാബ്‌വെ-ഓസ്‌ട്രേലിയ മത്സരഫലം കൃത്യമായി പ്രവചിച്ച വ്യക്തിയാണ് ഇപ്പോൾ ഇന്ത്യക്കെതിരെയും രംഗത്തെത്തിയിരിക്കുന്നത്.
നാളെ കൊളംബോയിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനോട് തോൽക്കുമെന്നാണ് ഇയാൾ അവകാശപ്പെടുന്നത്. ഇതോടൊപ്പം ഫെബ്രുവരി 15-ന് തന്നെ മുംബൈയിൽ നടക്കുന്ന മത്സരത്തിൽ നേപ്പാൾ വെസ്റ്റ് ഇൻഡീസിനെ അട്ടിമറിക്കുമെന്നും ഇയാൾ പ്രവചിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയെ സിംബാബ്‌വെ തോൽപ്പിക്കുമെന്ന ഇയാളുടെ ആദ്യ പ്രവചനം ഫലിച്ചതോടെയാണ് ആരാധകർക്കിടയിൽ ഈ വീഡിയോ ചർച്ചയായത്. എന്നാല്‍ സിംബാബ്‌വെയോട് തോറ്റെങ്കിലും ഇത്തവണ ലോകകപ്പില്‍ ഓസ്ട്രേലിയ തന്നെയാണ് ചാമ്പ്യൻമാരാകുകയെന്നും ഇയാള്‍ പ്രവചിച്ചിട്ടുണ്ട്.
ഇന്ത്യൻ ആരാധകർക്ക് ആശ്വാസമായി ചരിത്രം
എന്നാൽ ഈ പ്രവചനങ്ങളിൽ ഭയപ്പെടേണ്ടതില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ചരിത്രം പരിശോധിച്ചാൽ സിംബാബ്‌വെ ഓസ്‌ട്രേലിയയെ തോൽപ്പിച്ചപ്പോഴെല്ലാം ഇന്ത്യ ലോകകിരീടം ചൂടിയിട്ടുണ്ട്. 1983ലെ ഏകദിന ലോകകപ്പില്‍ സിംബാബ്‌വെ ഓസ്‌ട്രേലിയയെ അട്ടിമറിച്ചപ്പോള്‍ ഇന്ത്യ കപ്പുയർത്തി. 2007ലെ ആദ്യ ടി20 ലോകകപ്പില്‍ സിംബാബ്‌വെ ഓസ്‌ട്രേലിയയെ തോൽപ്പിച്ചപ്പോഴും ഇന്ത്യ ചാമ്പ്യന്മാരായി. ഇത്തവണയും സിംബാബ്‌വെ ഓസ്ട്രേലിയയെ അട്ടിമറിച്ചതോടെ ഇന്ത്യ ചാമ്പ്യൻമാരാകുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. പ്രവചനങ്ങൾ എന്തുതന്നെയായാലും ഫെബ്രുവരി 15-ന് കൊളംബോയിലെ മൈതാനത്ത് കടുത്ത പോരാട്ടം തന്നെ പ്രതീക്ഷിക്കാം.
