
കൊളംബോ: 2010 മുതല്‍ 2023 വരെയുള്ള തന്റെ കരിയറിനിടയില്‍ ലോകോത്തര പേസ് ബൗളര്‍മാരുടെ പ്രകടനങ്ങള്‍ അടുത്തറിഞ്ഞ താരമാണ് ചേതേശ്വര്‍ പുജാര. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച അദ്ദേഹം നിലവില്‍ കമന്റേറ്ററാണ്. ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലും അദ്ദേഹം കമന്ററി പറയാനുണ്ട്. ഇപ്പോള്‍ ഇന്ത്യയുടെ എക്കാലത്തേയും മികച്ച അഞ്ച് പേസര്‍മാരെ തെരഞ്ഞെടുത്തിരിക്കുകയാണ് അദ്ദേഹം. മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരൊന്നും ഇല്ലാത്തതാണ് പൂജാരയുടെ ലിസ്റ്റ്. എന്നാല്‍ ആദ്യ പത്തില്‍ ഇവരുടെ പേര് പുജാര ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കപില്‍ ദേവ്, സഹീര്‍ ഖാന്‍, ജവഗല്‍ ശ്രീനാഥ്, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ്മ എന്നിവരാണ് തന്റെ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളവരെന്ന് പുജാര പറഞ്ഞു. മുഹമ്മദ് സിറാജ് തന്റെ മികച്ച 20 ഇന്ത്യന്‍ പേസര്‍മാരുടെ പട്ടികയിലുണ്ടോ എന്ന ചോദ്യത്തിന് 'തീര്‍ച്ചയായും, അദ്ദേഹം അതിലുണ്ട്' എന്നായിരുന്നു പുജാരയുടെ മറുപടി. ആദ്യ പത്ത് പേരുടെ പട്ടികയിലുണ്ടോ എന്ന് ചോദിച്ചപ്പോള്‍, 'അതെ, അങ്ങനെ ഞാന്‍ പറയും. വിദേശത്തും ഇന്ത്യയിലും അദ്ദേഹം കാഴ്ചവെച്ച പ്രകടനങ്ങളും ടീമിനായി അദ്ദേഹം നല്‍കുന്ന കഠിനാധ്വാനവും കണക്കിലെടുക്കുമ്പോള്‍ സിറാജ് തീര്‍ച്ചയായും ടോപ് 10-ല്‍ ഉള്‍പ്പെടുന്നു' എന്ന് പുജാര വ്യക്തമാക്കി. എന്നാല്‍ സിറാജ് മികച്ച അഞ്ച് ബൗളര്‍മാരില്‍ ഉള്‍പ്പെടുമോ എന്ന ചോദ്യത്തിന്, 'ഒരുപക്ഷേ ഇല്ല' എന്ന് പറഞ്ഞ പുജാര തന്റെ ടോപ് 5 പട്ടിക പങ്കുവെക്കുകയായിരുന്നു.
അതേസമയം, ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ സമനില പൊരുതി നേടി ശ്രീലങ്ക. ഫോളോഓണ്‍ വഴങ്ങി വീണ്ടും ബാറ്റിംഗിനെത്തിയ ശ്രീലങ്ക ഇന്ത്യന്‍ ബൗളര്‍മാരെ വെള്ളം കുടിപ്പിച്ചെന്ന് പറയാം. 264 പന്തില്‍ 133 റണ്‍സുമായി പുറത്താവാതെ നിന്ന സോണല്‍ ദിനുഷയാണ് ആതിഥേയര്‍ക്ക് വിജയതുല്യമായ സമനില സമ്മാനിച്ചത്. വാലറ്റത്ത് ലാഹിരു കുമാരയുടെ (90 പന്തില്‍ 2) പ്രകടനം നിര്‍ണായകമായി. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ, മാനവ് സുതര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി.
നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 503നെതിരെ ശ്രീലങ്ക 290ന് എല്ലാവരും പുറത്താവുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സിലും ദിനുഷ (103) സെഞ്ചുറി നേടിയിരുന്നു. ഇന്ത്യക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ, മാനവ് സുതര്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം നേടി. സമനിലയോടെ രണ്ട് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 1-0ത്തിന് സ്വന്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!