ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ ഓഹരി ആവശ്യപ്പെട്ടു എന്ന വാര്‍ത്ത അസംബന്ധം; പ്രതികരിച്ച് ആകാശ് ചോപ്ര

Published : Aug 27, 2026, 03:55 PM IST
MS Dhoni

Synopsis

ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ എം എസ് ധോണി 25 ശതമാനം ഓഹരി ആവശ്യപ്പെട്ടെന്ന വാര്‍ത്തകളെ മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര തള്ളി. ഇത്തരം പ്രചാരണങ്ങള്‍ യാഥാര്‍ത്ഥ്യബോധമില്ലാത്തതും കെട്ടിച്ചമച്ചതുമാണെന്ന് അദ്ദേഹം തൻ്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.

ദില്ലി: ഐപിഎല്‍ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ നിന്ന് എം എസ് ധോണി 25 ശതമാനം ഓഹരി ആവശ്യപ്പെട്ടെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ തള്ളി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ യാഥാര്‍ത്ഥ്യബോധമില്ലാത്തതും ആസൂത്രിതമായി പ്രചരിപ്പിക്കപ്പെടുന്നതുമാണെന്ന് ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ വ്യക്തമാക്കി. ഐപിഎല്‍ 2026 സീസണില്‍ ഒരു മത്സരത്തില്‍ പോലും കളിച്ചില്ലെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വ്യക്തിയാണ് 45 കാരനായ ധോണി.

ഇതിനിടയിലാണ് ധോണി ആദ്യം 25 ശതമാനവും പിന്നീട് 20 ശതമാനവും ഓഹരി ആവശ്യപ്പെട്ടെന്നും, ഫ്രാഞ്ചൈസി 5.5 ശതമാനം വാഗ്ദാനം ചെയ്തുവെന്നും കാണിച്ച് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഈ വാര്‍ത്തയാണ് ചോപ്ര ചോദ്യം ചെയ്തത്. 'ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഒരു വലിയ ഫ്രാഞ്ചൈസിയാണ്. അഞ്ച് കിരീടങ്ങളും ഇന്ത്യക്ക് പുറത്ത് മറ്റ് ലീഗുകളിലും ഫ്രാഞ്ചൈസികളുമുള്ള പ്രമുഖ ബ്രാന്‍ഡാണിത്. ഒന്നര ബില്യണിലധികം വിലമതിക്കുന്ന ഒരു ഫ്രാഞ്ചൈസിയില്‍ ധോണി 25 ശതമാനം ഓഹരി ആവശ്യപ്പെട്ടു എന്നത് യാഥാര്‍ത്ഥ്യബോധമില്ലാത്ത കാര്യമാണ്.' ആകാശ് ചോപ്ര പറഞ്ഞു.

'ഇത് ഒരിക്കലും സാധ്യമായ കാര്യമല്ല. ആരും ആര്‍ക്കും 400 ദശലക്ഷം ഡോളര്‍ വെറുതെ നല്‍കില്ല. വാസ്തവത്തില്‍ 25 ശതമാനം ഓഹരി ലഭിക്കാന്‍ അത്രയും തുക നിക്ഷേപിക്കേണ്ടി വരും. അതുകൊണ്ട് തന്നെ ഇതൊരു അസംബന്ധമായ കണക്കാണ്. ഐപിഎല്‍ ടീമില്‍ ആര്‍ക്കും ആരും അത്രയും വലിയ ഓഹരി സൗജന്യമായി നല്‍കില്ല.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് 3.5 ശതമാനത്തിന്റെയും 5.5 ശതമാനത്തിന്റെയും കണക്കുകള്‍ വന്നതിനെക്കുറിച്ചും ചോപ്ര സംസാരിച്ചു. അഞ്ച് ശതമാനമെന്നത് പോലും വളരെ വലിയൊരു തുകയാണെന്നും, ആദ്യം 25 ശതമാനം ചോദിച്ചു, പിന്നീട് അത് നിരസിച്ചു, തുടര്‍ന്ന് 3.5 ശതമാനവും ഒടുവില്‍ 5.5 ശതമാനവുമായി ഒതുങ്ങി എന്നൊക്കെയുള്ള പ്രചാരണങ്ങള്‍ വ്യാജമായി നിര്‍മ്മിക്കപ്പെട്ടതാണെന്ന് തനിക്ക് തോന്നുന്നുവെന്നും ചോപ്ര വ്യക്തമാക്കി. തനിക്ക് ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ഇത് വ്യാജവാര്‍ത്തയാണെന്ന് നേരിട്ട് പറയുന്നില്ലെങ്കിലും, ഇതൊരു കെട്ടിച്ചമച്ച കഥയാണെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഇന്ത്യയുടെ അണ്ടര്‍-19 ക്രിക്കറ്റ് ടീമില്‍ സെവാഗിന്റേയും ദ്രാവിഡിന്റേയും മക്കള്‍; മലയാളി താരത്തിനും ഇടം, പരമ്പരയ്ക്കുള്ള സ്‌ക്വാഡ്
മഴ ചുരുക്കിയ മത്സരത്തില്‍ കൊച്ചി ബ്ലൂടൈഗേഴ്‌സിനെ തകര്‍ത്തെറിഞ്ഞ് ആലപ്പി റിപ്പിള്‍സ്