ദ്രാവിഡിന്റെ വാക്കുകള്‍ തുണയായി; ടി20 ശൈലിയിലേക്കുള്ള മാറ്റത്തെ കുറിച്ച് പൂജാര

By Web TeamFirst Published Apr 5, 2021, 6:04 PM IST
Highlights

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹത്തെ ടീമിലെടുക്കാന്‍ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ പോലും തയ്യാറായിരുന്നില്ല. എന്നാല്‍ ഇത്തവണ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരത്തെ ടീമിലെത്തിച്ചു.

ചെന്നൈ: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയ്ക്കായിട്ടില്ല. ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് പേര് അദ്ദേഹത്തിനുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹത്തെ ടീമിലെടുക്കാന്‍ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ പോലും തയ്യാറായിരുന്നില്ല. എന്നാല്‍ ഇത്തവണ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരത്തെ ടീമിലെത്തിച്ചു. അടുത്തിടെ പൂജാര വലിയ ഷോട്ടുകള്‍ കളിക്കുന്ന വീഡിയോ വൈറലായിരുന്നു.

ഇപ്പോള്‍ ടി20 ക്രിക്കറ്റിന് വേണ്ടി മനസ് പാകപ്പെടുത്തിയതിനെ കുറിച്ച് സംസാരിക്കുയാണ് പൂജാര. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുല്‍ ദ്രാവിഡാണെന്നാണ് പൂജരാ പറയുന്നത്. താരം തുടര്‍ന്നു... ''നേരത്തെ ഐപിഎല്ലിന്റെ ഭാഗമായിരുന്നു ഞാന്‍. അന്ന് ഐപിഎല്ലിന് ശേഷം ടെസ്റ്റ് കളിക്കുമ്പോള്‍ സാങ്കേതികമായി ചില പിഴവുകള്‍ സംഭവിച്ചിരുന്നു. കൂടുതല്‍ ടി20 കളിക്കുമ്പോള്‍ ടെസ്റ്റ് കളിക്കാനുള്ള മികവിന് കോട്ടം തട്ടുമോയെന്നുള്ള ആശങ്ക എനിക്കുണ്ടായിരുന്നു. 

ഇത്തരം ആശങ്കകളെല്ലാം മാറ്റിതന്നത് ദ്രാവിഡായിരുന്നു. ബാറ്റിങ്ങില്‍ എന്തൊക്കെ മാറ്റം വരുത്തിയാലും സ്വാഭവിക കളിക്ക് കോട്ടം തട്ടില്ലെന്ന് ദ്രാവിഡ് ബോധ്യപ്പെടുത്തികൊണ്ടിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ശരിയായിരുന്നു. രണ്ട് ഫോര്‍മാറ്റിലും വ്യത്യസ്ത ശൈലിയില്‍ കളിക്കാനാകുമെന്ന് ബോധ്യം എനിക്കുണ്ട്.'' പൂജാര വ്യക്തമാക്കി.  

ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പൂജാര ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നത്. മുമ്പ് മൂന്ന് ഫ്രഞ്ചൈസികളുടെ ജേഴ്‌സി അണിഞ്ഞിട്ടുണ്ട് പൂജാര. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ്, പഞ്ചാബ് കിംഗ്‌സ് എന്നിവര്‍ക്ക് വേണ്ടിയാണ് പൂജാര കളിച്ചിട്ടുള്ളത്. 30 മത്സരങ്ങളില്‍ നിന്ന് 390 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. സ്ട്രൈക്ക് റേറ്റ് 99.74.

click me!