ആ മോശം റെക്കോഡ് ഇനി പൂജാരയുടെ അക്കൗണ്ടില്‍; മറികടന്നത് സച്ചിനെ! കോലിയും രഹാനെയും പിന്നില്‍

By Web TeamFirst Published Aug 25, 2021, 5:25 PM IST
Highlights

ഒരു അര്‍ധ സെഞ്ചുറി പോലും നേടാന്‍ താരത്തിനായില്ല. ഉയര്‍ന്ന സ്‌കോര്‍ ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 45 റണ്‍സ്. 8, 15 (ന്യൂസിലന്‍ഡിനെതിരെ), 14, 12, 9 എന്നിങ്ങനെയാണ് പൂജാരയുടെ മറ്റുസ്‌കോറുകള്‍.
 

ലീഡ്‌സ്: കരിയറിലെ മോശം ഫോമിലാണ് ചേതേശ്വര്‍ പൂജാര. ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ഉള്‍പ്പെടെ ഇംഗ്ലണ്ടില്‍ മാത്രം ഏഴ് ഇന്നിംഗ്‌സുകളാണ് പൂജാര കളിച്ചത്. ഒരു അര്‍ധ സെഞ്ചുറി പോലും നേടാന്‍ താരത്തിനായില്ല. ഉയര്‍ന്ന സ്‌കോര്‍ ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 45 റണ്‍സ്. 8, 15 (ന്യൂസിലന്‍ഡിനെതിരെ), 14, 12, 9 എന്നിങ്ങനെയാണ് പൂജാരയുടെ മറ്റുസ്‌കോറുകള്‍. ഇന്ന് ലീഡ്‌സില്‍ ഒരു റണ്‍സിനും താരം പുറത്തായി. 

ജയിംസ് ആന്‍ഡേഴ്‌സണായിരുന്നു പൂജാരയുടെ വിക്കറ്റ്. ജിമ്മിയുടെ ഔട്ട്‌സ്വിങര്‍ ബാറ്റിലുരസി വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറുടെ കൈകളിലെത്തുകയായിരുന്നു. ഇതോടെ ഒരു മോശം റെക്കോഡും പൂജാരയുടെ അക്കൗണ്ടിലായി. ആന്‍ഡേഴ്‌സണ് മുന്നില്‍ ഏറ്റവും കൂടുതല്‍ തവണ കീഴടങ്ങുന്ന ഇന്ത്യന്‍ താരമെന്ന മോശം റെക്കോഡ് സ്വന്തം പേരിലാക്കിയിരിക്കുയാണ് പൂജാര.

ആന്‍ഡേഴ്‌സണിനെതിരെ 22 മാച്ചുകള്‍ കളിച്ചപ്പോള്‍ 10 തവണ പൂജാര വിക്കറ്റ് സമ്മാനിച്ചു. ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറെയാണ് പൂജാര മറികടന്നത്. സച്ചിന്‍ 14 മത്സരങ്ങളില്‍ 9 തവണ ആന്‍ഡേഴ്‌സണ്‍ മുന്നില്‍ മുട്ടുമടക്കി. അജിന്‍ക്യ രഹാനെ, വിരാട് കോലി, മുരളി വിജയ് എന്നിവരെ ഏഴ് തവണയും ആന്‍ഡേഴ്‌സണ്‍ മടക്കിയിട്ടുണ്ട്. മൂവരും സച്ചിന് പിന്നിലുണ്ട്. രഹാനെ 18ഉം കോലി 23ഉം വിജയ് 10 ടെസ്റ്റുകളും ആന്‍ഡേഴ്‌സണെതിരെ കളിച്ചു. 

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയാണ് നാലാം സ്ഥാനത്ത്. ആന്‍ഡേഴ്‌സണിനെതിരെ 19 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ധോണി ആറ് തവണ ആന്‍ഡേഴ്‌സണ് വിക്കറ്റ് നല്‍കി. ഗൗതം ഗംഭീറും ആറ് തവണ ആന്‍ഡേഴ്‌സണിന് മുന്നില്‍ കീഴടങ്ങി. 11 ടെസ്റ്റുകളാണ് ഗംഭീര്‍ ആന്‍ഡേഴ്‌സണെതിരെ കളിച്ചത്.

click me!