ലോകകപ്പിനോളം മൂല്യമുണ്ട് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനും; തുറന്നുപറഞ്ഞ് പൂജാര

By Web TeamFirst Published May 25, 2021, 4:45 PM IST
Highlights

ഇപ്പോള്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യയുടെ വിശ്വസ്ഥനായ താരം ചേതേശ്വര്‍ പൂജാര. ഫൈനലിന്റെ മൂല്യം വലുതാണെന്നാണ് പൂജാര പറയുന്നത്.

മുംബൈ: അടുത്തമാസം 18നാണ് ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടുന്നത്. സതാംപ്ടണിലാണ് മത്സരം. ടെസ്റ്റ് ക്രിക്കറ്റില്‍ തങ്ങളെ വെല്ലാനാരുമില്ലെന്ന് തെളിയിക്കാനുള്ള അവസരമാണ് വിരാട് കോലിക്കും സംഘത്തിനും വന്നുചേര്‍ന്നിരിക്കുന്നത്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരായ പരമ്പര നേട്ടം ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കഴിഞ്ഞ ന്യൂസിലന്‍ഡ് പര്യടനത്തില്‍ രണ്ട് ടെസ്റ്റിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു.

ഇപ്പോള്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യയുടെ വിശ്വസ്ഥനായ താരം ചേതേശ്വര്‍ പൂജാര. ഫൈനലിന്റെ മൂല്യം വലുതാണെന്നാണ് പൂജാര പറയുന്നത്. 33-കാരന്റെ വാക്കുകള്‍. ''ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ജയിക്കുകയെന്നത് ടീമംഗങ്ങളുടെ സ്വപ്‌നമാണ്. ലോകകപ്പ് ഫൈനലിനോളം പ്രാധാന്യമുണ്ട് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന്. ആകാംക്ഷയോടെയാണ് ഓരോ താരങ്ങളും കാത്തിരിക്കുന്നത്.'' പൂജാര വ്യക്തമാക്കി. ഓസ്‌ട്രേലിയക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയെ കുറിച്ചും പൂജാജ വാചാലനായി. ''ഓസ്‌ട്രേലിയക്കെതിരെ കളിക്കുന്ന ഓരോ പരമ്പരയും വെല്ലുവിളിയേറിയതാണ്. ഓരോന്നും പ്രധാനപ്പെട്ടതാണ്. ആ നിലയില്‍ 2018 പരമ്പരയാണ് എനിക്ക് സ്‌പെഷ്യലായിട്ട് തോന്നിയത്. ശരിയാണ് അവസാനം കളിച്ച പരമ്പരയ്ക്കും വലിയ മൂല്യമുണ്ട്. കാരണം ചില സീനിയര്‍ താരങ്ങള്‍ക്ക് കളിക്കാനായില്ല. 

മറ്റുചിലരാവട്ടെ പരിക്കിനെ തുടര്‍ന്ന് പുറത്താവുകയും ചെയ്തു. ടീം ദുര്‍ബലമായിരുന്നു. ആ പരമ്പര നേട്ടം വലുതായിരുന്നു. വ്യക്തിപരമായും ഒരുപാട് സംതൃപ്തി നല്‍കുന്ന പരമ്പരയാണത്. രണ്ട് പരമ്പരയ്ക്ക് മുമ്പും ഞാന്‍ കഠിനാധ്വാനം ചെയ്തിരുന്നു. അത് ഫലവത്താവുകയും ചെയ്തു. ലോകത്തിലെ ഏറ്റവും മികച്ച ബൗളിംഗ് അറ്റാക്കുകളില്‍ ഒന്നാണ് ഓസ്‌ട്രേലിയയുടേത്. അവര്‍ക്കെതിര നന്നായി കളിക്കുന്‍ സാധിക്കുകയെന്നത് വലിയ നേട്ടം തന്നെയാണ്.'' പൂജാര പറഞ്ഞുനിര്‍ത്തി. 

നേരത്തെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രാഹനെ, ഇശാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവരെല്ലാം ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനെ കുറിച്ച് പറഞ്ഞിരുന്നു. ലോകകപ്പ് ഫൈനലിനോളം പ്രാധാന്യമുണ്ട് ന്യൂസിലന്‍ഡിനെതിരായ മത്സരത്തിനുമെന്നാണ് മൂവരും പറഞ്ഞത്.

click me!