ഇന്ത്യയോ ന്യൂസിലൻഡോ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ സാധ്യത ആർക്ക് ?, പ്രവചനവുമായി റിച്ചാർഡ് ഹാഡ്ലി

By Web TeamFirst Published May 25, 2021, 4:05 PM IST
Highlights

നിഷ്‌പക്ഷ വേദിയിലാണ് മത്സരങ്ങള്‍ എന്നതിനാൽ ഒരു ടീമിനും നാട്ടിൽ കളിക്കുന്നതിന്റെ ആനുകൂല്യമില്ല. ഏത് ടീം മികച്ച രീതിയില്‍ തയ്യാറെടുപ്പുകള്‍ നടത്തി, വേഗത്തില്‍ ഇംഗ്ലീഷ് സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു എന്നതിനെ ആശ്രയിച്ചിരിക്കും മത്സരഫലം.

വെല്ലിം​ഗ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയും ന്യൂസിലൻഡും അടുത്തമാസം 18ന് ഏറ്റുമുട്ടാനിരിക്കുമ്പോൾ സാധ്യത ആർക്കെന്ന് പ്രവചിച്ച് കിവീസ് ഇതിഹാസം റിച്ചാർഡ് ഹാഡ്ലി. ഫൈനലിൽ ഒരു ടീമിനും വ്യക്തമായ മുൻതൂക്കം പ്രവചിക്കാനാവില്ലെങ്കിലും സാഹചര്യങ്ങളും സ്വിം​ഗ് ബൗളർമാരുടെ സാന്നിധ്യവും ന്യൂസിലൻഡിന്റെ സാധ്യത കൂട്ടുന്നുവെന്ന് ഹാഡ്ലി പറഞ്ഞു. ഇം​ഗ്ലണ്ടിലെ സാഹചര്യങ്ങളുമായി എത്രയും വേ​ഗം പൊരുത്തപ്പെടുന്ന ടീമിനാവും ഫൈനൽ ജയിക്കാനുള്ള സധ്യതയെന്നും ഹാഡ്ലി വ്യക്തമാക്കി.

നിഷ്‌പക്ഷ വേദിയിലാണ് മത്സരങ്ങള്‍ എന്നതിനാൽ ഒരു ടീമിനും നാട്ടിൽ കളിക്കുന്നതിന്റെ ആനുകൂല്യമില്ല. ഏത് ടീം മികച്ച രീതിയില്‍ തയ്യാറെടുപ്പുകള്‍ നടത്തി, വേഗത്തില്‍ ഇംഗ്ലീഷ് സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു എന്നതിനെ ആശ്രയിച്ചിരിക്കും മത്സരഫലം. കാലാവസ്ഥയും നിര്‍ണായകമാകും. തണുപ്പും കാറ്റുമുണ്ടെങ്കില്‍ ന്യൂസിലന്‍ഡിന് അനുകൂലമാകും. ഡ്യൂക്ക് പന്തുകൾ ഇരു ടീമിലേയും പേസര്‍മാര്‍ക്ക് അനുയോജ്യമാണ്.

പ്രത്യേകിച്ച് സ്വിം​ഗ് ബൗളര്‍മാര്‍ക്ക്. സൗത്തിയും ബോള്‍ട്ടും ജാമീസണുമുള്ള കിവികള്‍ അക്കാര്യത്തില്‍ കേമന്‍മാരാണ്. പന്ത് പിച്ചില്‍ കറങ്ങിനടന്നാല്‍ ഇരു ടീമിലേയും ബാറ്റ്സ്‌മാന്‍മാര്‍ക്ക് വെല്ലുവിളിയാവും. പക്ഷെ ഇരു ടീമിലും നിലവാരമുള്ള നിരവധി ബാറ്റ്സ്മാൻമാരുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോൾ മത്സരത്തിലെ വിജയിയെ തെരഞ്ഞെടുക്കുക അസാധ്യമാണെന്നും റിച്ചാര്‍ഡ് ഹാഡ്‌ലി കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ടിലെ സതാംപ്‌ടണില്‍ ജൂണ്‍ 18 മുതലാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള കലാശപ്പോര് ആരംഭിക്കുന്നത്. നിലവിൽ മുംബൈയിൽ ക്വാറന്റൈനിൽ കഴിയുന്ന ഇന്ത്യന്‍ ടീം ജൂണ്‍ രണ്ടിന് യുകെയിലേക്ക് തിരിക്കും. കോലിപ്പടയ്‌ക്കെതിരെ ഫൈനലിന് ഇറങ്ങും മുൻപ് ഇംഗ്ലണ്ടിനെതിരെ രണ്ട് ടെസ്റ്റുകള്‍ കളിച്ചാണ് കെയ്‌ന്‍ വില്യംസണും സംഘവും തയ്യാറെടുപ്പുകള്‍ നടത്തുന്നത്. ഇത് ഇം​ഗ്ലീഷ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ന്യൂസിലൻഡിന് അവസരമൊരുക്കും.

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ.

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, അര്‍സാന്‍ നാഗ്വസ്വല്ല, കെ എസ് ഭരത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!