
ദില്ലി: ഐപിഎല്‍ 2026ലേക്ക് കടക്കുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് മുന്നിലുള്ളത് വലിയ കടമ്പകളാണ്. കഴിഞ്ഞ സീസണിലെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ടീമിനെ നയിക്കാന്‍ ഒരുങ്ങുന്ന അക്‌സര്‍ പട്ടേലിന് പ്രമുഖ താരങ്ങളില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.
കഴിഞ്ഞ സീസണില്‍ (2025) അക്‌സര്‍ പട്ടേലിന് കീഴില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വപ്നതുല്യമായ തുടക്കമാണ് നടത്തിയത്. ആദ്യ 6 മത്സരങ്ങളില്‍ 5 എണ്ണവും വിജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിയ ഡല്‍ഹിക്ക്, സീസണിന്റെ രണ്ടാം പകുതിയില്‍ ആ വേഗത നിലനിര്‍ത്താനായില്ല. അവസാന എട്ട് മത്സരങ്ങളില്‍ അഞ്ചെണ്ണത്തിലും തോറ്റ ഡല്‍ഹിക്ക് പ്ലേ ഓഫ് നഷ്ടമായത് വെറും ഒരു പോയിന്റിനായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ചേതേശ്വര്‍ പുജാര സംസാരിച്ചത്. അക്‌സര്‍ പട്ടേലിന്റെ കൂള്‍ സ്വഭാവം ടീമിന് ഗുണകരമാണെങ്കിലും, കളി കൈവിട്ടുപോകുന്ന ഘട്ടത്തില്‍ പോലും അമിതമായി റിലാക്‌സ്ഡ് ആകുന്നത് ടീമിന് തിരിച്ചടിയാകുമെന്ന് പുജാര നിരീക്ഷിക്കുന്നു. മൊമെന്റം നഷ്ടമാകാതെ നോക്കുക എന്നതാണ് ഒരു നായകനെന്ന നിലയില്‍ അക്‌സറിന് മുന്നിലുള്ള പ്രധാന വെല്ലുവിളിയെന്ന് പുജാര ഓര്‍മ്മിപ്പിച്ചു.
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ബൗളിംഗില്‍ അക്‌സര്‍ പട്ടേലിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. 12 മത്സരങ്ങളില്‍ നിന്ന് 5 വിക്കറ്റുകള്‍ മാത്രം. ശരാശരി 57.60, ഇക്കോണമി 8.47. എന്നാല്‍ ഈ സ്ഥിതി ഇത്തവണ മാറുമെന്ന് മുന്‍ ഡല്‍ഹി കോച്ച് മുഹമ്മദ് കൈഫ് വിശ്വസിക്കുന്നു. ഇത്തവണ പവര്‍പ്ലേ ഓവറുകളില്‍ അക്‌സര്‍ പുതിയ പന്തില്‍ ബൗള്‍ ചെയ്യാന്‍ സാധ്യതയുണ്ട്. കുല്‍ദീപ് യാദവിനൊപ്പം ഉത്തര്‍പ്രദേശില്‍ നിന്നുള്ള യുവ ലെഗ് സ്പിന്നര്‍ വിപ്രാജ് നിഗം കൂടി എത്തിയതോടെ ഡല്‍ഹിയുടെ സ്പിന്‍ നിര ശക്തമായി. ഇത് അക്‌സറിന് മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കും.
ഐപിഎല്ലിന് മുന്നോടിയായി നടന്ന മത്സരങ്ങളില്‍ 7 കളിയില്‍ നിന്ന് 11 വിക്കറ്റുകള്‍ വീഴ്ത്തി അക്‌സര്‍ ഫോമിലേക്ക് തിരിച്ചെത്തിക്കഴിഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!