ടി20 ക്രിക്കറ്റിലെ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഒരു ഇന്ത്യൻ താരം പോലും ഇടം നേടിയിട്ടില്ല. 14,218 റണ്‍സുമായി ആറാം സ്ഥാനത്തുള്ള വിരാട് കോലിയാണ് ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യൻ താരം.

ലണ്ടൻ: ടി20 ക്രിക്കറ്റ് ചരിത്രത്തിൽ എക്കാലത്തെയും മികച്ച റൺവേട്ടക്കാരൻ എന്ന ചരിത്ര നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് താരം ജോസ് ബട്‌ലർ. വെസ്റ്റ് ഇൻഡീസ് ഇതിഹാസം കെയ്റോൺ പൊള്ളാർഡിന്‍റെ റെക്കോർഡ് മറികടന്നാണ് ബട്‌ലർ ഈ നേട്ടത്തിലെത്തിയത്. ദി ഹണ്ട്രഡ് ലീഗിൽ മാഞ്ചസ്റ്റർ ഒറിജിനൽസിന് വേണ്ടി 27 പന്തിൽ പുറത്താകാതെ 51 റൺസ് അടിച്ചുകൂട്ടിയതോടെയാണ് ബട്‌ലർ റെക്കോർഡ് സ്വന്തമാക്കിയത്.

522 ടി20 മത്സരങ്ങളിൽ നിന്ന്14,833 റണ്‍സാണ് ബട്‌ലറുടെ നേട്ടം. 10 സെഞ്ചുറികളും 106 അർധസെഞ്ചുറികളും ഉൾപ്പെടുന്നതാണ് ബട്‌ലറുടെ ടി20 കരിയർ. 14,803 റൺസാണ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം കെയ്റോൺ പൊള്ളാർഡിന്‍റെ പേരിലുണ്ടായിരുന്നത്. 14,562 റൺസുമായി വെസ്റ്റ് ഇൻഡീസിന്‍റെ തന്നെ ക്രിസ് ഗെയ്‌ലാണ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. ഇംഗ്ലണ്ട് താരം അലക്സ് ഹെയ്‌ൽസ്(14449 റണ്‍സ്), ഓസ്ട്രേലിയൻ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍(14284 റണ്‍സ്) എന്നിവരാണ് ടി20 ക്രിക്കറ്റിലെ ടോപ് ഫൈവ് റണ്‍വേട്ടക്കാര്‍. ടി20 ക്രിക്കറ്റിലെ റണ്‍വേട്ടക്കാരുടെ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഒരു ഇന്ത്യൻ താരം പോലും ഇടം നേടിയിട്ടില്ല. 14,218 റണ്‍സുമായി ആറാം സ്ഥാനത്തുള്ള വിരാട് കോലിയാണ് ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യൻ താരം.

റണ്‍സിന്‍റെ റെക്കോര്‍ഡ് കൈവിട്ടെങ്കിലും ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോര്‍ഡ് ഇപ്പോഴും പൊള്ളാര്‍ഡിന്‍റെ പേരിലാണ്. 741 മത്സരങ്ങളാണ് ടി20 ക്രിക്കറ്റില്‍ മാത്രം പൊള്ളാര്‍ഡ് കളിച്ചത്. 139 മത്സരങ്ങള്‍ കുറച്ച് കളിച്ചിട്ടുള്ള വെസ്റ്റ് ഇന്‍ഡീസിന്‍റെ തന്നെ സുനില്‍ നരെയ്നാണ് രണ്ടാമത്. മത്സരങ്ങളുടെ എണ്ണത്തില്‍ ബട്‌ലര്‍ ഒമ്പതാം സ്ഥാനത്താണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക