ആരാധകരോഷം ഫലിച്ചു; ഐപിഎല്‍ സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് ഒരുവര്‍ഷത്തെ ഇടവേളയെടുത്ത് വിവോ

By Web TeamFirst Published Aug 4, 2020, 5:29 PM IST
Highlights

തിങ്കളാഴ്ച ചേര്‍ന്ന ഐപിഎല്‍ ഭരണസമിതി യോഗം ടൈറ്റില്‍ സ്പോണ്‍സര്‍ സ്ഥാനത്തുനിന്ന് വിവോയെ മാറ്റേണ്ടെന്ന് തിരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ആരാധകരുടെ ഭാഗത്തുനിന്ന് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. ഐപിഎല്‍ ബഹിഷ്കരിക്കണമെന്നുവരെ ആഹ്വാനമുണ്ടായി

മുംബൈ: അതിര്‍ത്തിയിലെ ഇന്ത്യ-ചൈന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഐപിഎല്‍ ടൈറ്റില്‍ സ്പോര്‍ണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്‍മാറുകയാണെന്ന് ചൈനീസ് മൊബൈല്‍ നിര്‍മാണ കമ്പനിയായ വിവോ അറിയിച്ചു. വിവോ പിന്‍മാറിയതോടെ ഈ സീസണിലേക്ക് മാത്രമായി പുതിയ ടൈറ്റില്‍ സ്പോണ്‍സറെ ബിസിസിഐ കണ്ടെത്തേണ്ടിവരും.

2022വരേക്ക് ബിസിസിഐയുമായി വിവോയ്ക്ക് ഐപിഎല്‍ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് കരാറുണ്ട്. ഈ വര്‍ഷം മാറി നില്‍ക്കുന്ന പശ്ചാത്തലത്തില്‍ വിവോയുമായുള്ള കരാര്‍ 2023വരെ ദീര്‍ഘിപ്പിക്കും. 2199 കോടി രൂപക്കാണ് അഞ്ച് വര്‍ഷത്തെ ഐപിഎല്‍ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പിപ്പ് കരാര്‍ വിവോ 2017ല്‍ സ്വന്തമാക്കിയത്. കരാര്‍ അനുസരിച്ച് വിവോ ബിസിസിഐക്ക് പ്രതിവര്‍ഷം 440 കോടി രൂപയാണ് നല്‍കുന്നത്.

തിങ്കളാഴ്ച ചേര്‍ന്ന ഐപിഎല്‍ ഭരണസമിതി യോഗം ടൈറ്റില്‍ സ്പോണ്‍സര്‍ സ്ഥാനത്തുനിന്ന് വിവോയെ മാറ്റേണ്ടെന്ന് തിരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ആരാധകരുടെ ഭാഗത്തുനിന്ന് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. ഐപിഎല്‍ ബഹിഷ്കരിക്കണമെന്നുവരെ ആഹ്വാനമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് സ്വയം മാറി നില്‍ക്കാന്‍ വിവോ തയാറായത്.

അതേസമയം, ചൈനീസ് നിക്ഷേപമുള്ള കമ്പനികളായ പേ ടിഎം, സ്വിഗ്ഗി, ഡ്രീം 11 എന്നിവയുമായി ഐപിഎല്ലിന് സ്പോണ്‍സര്‍ഷിപ്പ് കരാറുകളുണ്ട്. ഇതിനുപുറമെ പല ടീമുകള്‍ക്കും ചൈനീസ് കമ്പനികളുടെ സ്പോണ്‍സര്‍ഷിപ്പ് കരാറുകളുണ്ട്. ഇവയുടെ കാര്യത്തില്‍ എന്ത് നിലപാടെടുക്കുമെന്ന് വ്യക്തതയില്ല.

അതിര്‍ത്തിയിലെ ഇന്ത്യ-ചൈന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ 59 ചൈനീസ് ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇതിനുപുറമെ ചൈനീസ് ഉല്‍പ്പന്ന ഇറക്കുമതിക്കും കേന്ദ്രം നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിവോയെ ഐപിഎല്‍ സ്പോണ്‍സര്‍ഷിപ്പില്‍ നിന്നും മാറ്റണമെന്ന് ആരാധകപക്ഷത്തുനിന്ന് ആവശ്യമുയര്‍ന്നത്.

click me!