
ബെംഗളൂരു: രഞ്ജി ട്രോഫി ക്രിക്കറ്റിൽ അപൂർവ്വ നേട്ടം സ്വന്തമാക്കി മിസോറാം താരം ചിന്മയ് സുതാർ. ദിമാപ്പൂരിൽ നാഗാലാൻഡിനെതിരെ നടന്ന പ്ലേറ്റ് ഗ്രൂപ്പ് മത്സരത്തിൽ പുറത്താകാതെ 400 റൺസ് അടിച്ചുകൂട്ടിയാണ് സുതാർ റെക്കോര്‍ഡിട്ടത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ മിസോറാം, സുതാറിന്‍റെ മാരത്തൺ ഇന്നിംഗ്സിന്‍റെ കരുത്തിൽ 9 വിക്കറ്റിന് 581 റൺസ് എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. 46 ഫോറുകളും 7 സിക്സറുകളും അടങ്ങുന്നതായിരുന്നു സുതാറിന്‍റെ വെടിക്കെട്ട് ഇന്നിംഗ്സ്. 69 റൺസെടുത്ത ജാഹു ആൻഡേഴ്സൺ സുതാറിന് മികച്ച പിന്തുണ നൽകി.
രഞ്ജി ട്രോഫി ചരിത്രത്തിൽ ക്വാഡ്രപ്പിൾ സെഞ്ച്വറി (400 റൺസ്) തികയ്ക്കുന്ന രണ്ടാമത്തെ മാത്രം ബാറ്ററാണ് ചിന്മയ് സുതാർ. 1948-ൽ മഹാരാഷ്ട്രയ്ക്ക് വേണ്ടി കത്തിയവാറിനെതിരെ പുറത്താകാതെ 443 റൺസ് നേടിയ ബി.ബി. നിംബാൽക്കറാണ് ഇതിനുമുമ്പ് രഞ്ജി ട്രോഫിയിൽ ഈ നേട്ടത്തിലെത്തിയ ഏക താരം. 78 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ താരം രഞ്ജി ട്രോഫിയിൽ 400 റൺസ് കടക്കുന്നത്. ഇതോടെ രഞ്ജി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറുകളിൽ നിംബാൽക്കർക്ക് തൊട്ടുപിന്നിൽ രണ്ടാമതെത്താനും സുതാറിനായി.
2022-23 സീസണിൽ ആസമിനെതിരെ 379 റൺസ് നേടിയ പ്രഥ്വി ഷാ, 1990-91 സീസണിൽ ഹൈദരാബാദിനെതിരെ 366 റൺസ് നേടിയ സഞ്ജയ് മഞ്ജരേക്കർ, 1993-94 സീസണിൽ 344 റൺസ് നേടിയ എം.വി. ശ്രീധർ എന്നിവരാണ് പട്ടികയിൽ അടുത്ത സ്ഥാനങ്ങളിലുള്ളത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 400 റൺസ് തികയ്ക്കുന്ന പത്താമത്തെ മാത്രം ബാറ്ററെന്ന അപൂർവ്വ നേട്ടവും സുതാറിന് സ്വന്തമായി. ബ്രയാൻ ലാറ, ഡോൺ ബ്രാഡ്മാൻ എന്നീ ക്രിക്കറ്റ് ഇതിഹാസങ്ങൾക്കൊപ്പമാണ് സുതാറും പട്ടികയില്‍ ഇടംപിടിച്ചത്. ഇംഗ്ലീഷ് കൗണ്ടിയിൽ ഡർഹാമിനെതിരെ വാർവിക്ഷെയറിനായി പുറത്താകാതെ 501 റൺസ് നേടിയ വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറയാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറിന് ഉടമ.
കരിയറിന്‍റെ തുടക്കത്തിൽ വലിയ തിരിച്ചടികൾ നേരിട്ട ശേഷമാണ് ചിന്മയ് സുതാർ ഈ റെക്കോർഡ് വേട്ട നടത്തിയത്. ഈ വർഷം ജനുവരിയിൽ വിജയ് ഹസാരെ ട്രോഫിയിൽ മുംബൈക്കായി ലിസ്റ്റ് എ ക്രിക്കറ്റിൽ അരങ്ങേറിയ സുതാർ രണ്ട് റൺസെടുത്ത് റണ്ണൗട്ടാവുകയായിരുന്നു. തുടർന്ന് മിസോറാമിലേക്ക് മാറിയ താരം, തന്‍റെ അരങ്ങേറ്റ ഫസ്റ്റ് ക്ലാസ് മത്സരത്തിലെ രണ്ടാം ഇന്നിംഗ്സിൽ 99 റൺസെടുത്ത് പുറത്തായി. എന്നാൽ ആ നിരാശയെല്ലാം മറികടന്ന് തൊട്ടടുത്ത മത്സരത്തിൽ തന്നെ രഞ്ജി ട്രോഫി റെക്കോര്‍ഡിടാൻ ചിന്മയ് സുതാറിന് സാധിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!