
ആന്റിഗ്വെ: കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ നേതൃത്വത്തില്‍ തുടങ്ങുന്ന ടി10 ടൂര്‍ണമെന്റായ സിക്സ്റ്റിയില്‍ ക്രിസ് ഗെയിലാണ് (Chris Gayle) ബ്രാന്‍ഡ് അംബാസിഡര്‍. സിക്സ്റ്റി ടൂര്‍ണമെന്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഗെയില്‍ സിപിഎല്ലില്‍ കളിക്കില്ല. ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്ററാണ് ക്രിസ് ഗെയില്‍. ഐപിഎല്ലിലും (IPL) സിപിഎല്ലിലുമെല്ലാം (CPL) യൂണിവേഴ്‌സല്‍ ബോസ് പലതവണ നിറഞ്ഞാടി. ടി20യുടെ ആവേശത്തെ കടത്തിവെട്ടാനെത്തുന്ന 60 പന്തുകള്‍ മാത്രമുള്ള സിക്സ്റ്റി ടൂര്‍ണമെന്റിലാണ് ഇനി ഗെയിലിനെ കാണാനാവുക.
കുറഞ്ഞ ഓവര്‍ മത്സരവും ടൂര്‍ണമെന്റിലെ പുതിയ നിയമങ്ങളുമെല്ലാം ആശ്ചര്യപ്പെടുത്തിയെന്നും സിക്സ്റ്റിക്കായി കാത്തിരിക്കുകയാണെന്നും ഗെയില്‍ പറഞ്ഞു. ലോകക്രിക്കറ്റിലെ പലനിയമങ്ങളും മാറ്റിയെഴുതിയാണ് സിക്സ്റ്റിയുടെ വരവ്. ആദ്യ 12 പന്തുകളില്‍ 2 സിക്‌സര്‍ നേടിയാല്‍ മൂന്നാം ഓവര്‍ പവര്‍പ്ലേ ആയി കണക്കാക്കും. ആ വിക്കറ്റുകള്‍ വീണാല്‍ ഓള്‍ഔട്ട്. 45 മിനുറ്റിനുള്ളില്‍ 10 ഓവര്‍ പൂര്‍ത്തിയാക്കാനാകുന്നില്ലെങ്കില്‍
അവസാന ഓവറില്‍ ബൗളിംഗ് ടീമില്‍ ഒരു ഫീല്‍ഡര്‍ പുറത്താകും.
ആരാധകര്‍ വോട്ടെടുപ്പിലൂടെ തീരുമാനിക്കുന്ന മിസ്റ്ററി ഫ്രീഹിറ്റ്. ഒരേ എന്‍ഡില്‍ നിന്ന് തുടരെ അഞ്ച് ഓവറുകള്‍. ഇങ്ങനെ അന്താരാഷ്ട്ര ക്രിക്കറ്റിന് പരിചിതമല്ലാത്ത നിയമങ്ങളാണ് സിക്സ്റ്റിയിലുള്ളത്. സിക്‌സറുകള്‍ക്ക് പ്രാധാന്യമുള്ളതിനാല്‍ വെടിക്കെട്ട് ബാറ്റര്‍മാരുടെ പറുദീസയാകും സിക്സ്റ്റി. ടി20യില്‍ 1000 സിക്‌സറുകള്‍ പൂര്‍ത്തിയാക്കിയ ഒരേയൊരു ക്രിക്കറ്ററാണ് ക്രിസ് ഗെയില്‍.
കഴിഞ്ഞ വര്‍ഷത്തെ അബുദാബി ടി10 ടൂര്‍ണമെന്റില്‍ 12 പന്തില്‍ ഗെയില്‍ അര്‍ധ സെഞ്ച്വറി നേടിയിട്ടുണ്ട്. വിന്‍ഡീസ് താരങ്ങളും നിരവധി വിദേശതാരങ്ങളും സിക്സ്റ്റിയില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ഓഗസ്റ്റ് 24 മുതല്‍ 28 വരെയാണ് പുരുഷ- വനിതാ ടീമുകളെ പങ്കെടുപ്പിച്ച് സിക്സ്റ്റി ടൂര്‍ണമെന്റ് നടത്തുന്നത്.
കഴിഞ്ഞ ഐപിഎല്ലില്‍ നിന്ന് പിന്മാറിയ ഗെയില്‍ ഈ വര്‍ഷത്തെ സിപിഎല്ലില്‍ തിരിച്ചെത്താനിരിക്കുന്നതിനിടെയാണ് സിക്‌സറ്റി ടൂര്‍ണമെന്റ് പ്രഖ്യാപിച്ചത്.