
ബിര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരെ അഞ്ചാം ടെസ്റ്റില്‍ രോഹിത് ശര്‍മ (Rohit Sharma) കളിക്കുന്നില്ലെങ്കില്‍ ഈവര്‍ഷം ഇന്ത്യയെ നയിക്കുന്ന അഞ്ചാമത്തെ ക്യാപ്റ്റനാവും ജസ്പ്രിത് ബുമ്ര (Jasprit Bumrah). ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ വിരാട് കോലിയായിരുന്നു (Virat Kohli) നായകന്‍. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം കോലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. തുടര്‍ന്ന് നടന്ന ഏകദിന പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യയെ നയിച്ചത് കെ എല്‍ രാഹുലായിരുന്നു. രോഹിത് ശര്‍മ്മയുടെ അഭാവത്തിലായിരുന്നു രാഹുല്‍ ഇന്ത്യയെ നയിച്ചത്.
ശ്രീലങ്കയ്ക്കും വിന്‍ഡീസിനും എതിരായ പരമ്പരകളില്‍ രോഹിത് നായകനായി തിരിച്ചെത്തി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി 20 പരമ്പരയില്‍ റിഷഭ് പന്താണ് ഇന്ത്യയെ നയിച്ചത്. രോഹിത്തിന് വിശ്രമം നല്‍കുകയും രാഹുലിന് പരിക്കേല്‍ക്കുകയും ചെയ്തതോടെയാണ് പന്ത് ക്യാപ്റ്റനായത്. അയര്‍ലന്‍ഡിനെതിരായ രണ്ട് ടി20 അടങ്ങിയ പരമ്പരയില്‍ ഹാര്‍ദിക് പണ്ഡ്യയായിരുന്നു ഇന്ത്യന്‍ നായകന്‍.
വൈകിട്ട് മൂന്നരയ്ക്ക് എഡ്ജ്ബാസ്റ്റണിലാണ് കളി തുടങ്ങുക. ഇതിനിടെ രോഹിത് തിരിച്ചെത്തുന്നുമെന്നുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ഇന്നത്തെ കൊവിഡ് പരിശോധനാ ഫലത്തിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കൂയെന്ന് കോച്ച് രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി.
രോഹിത് കളിക്കുന്നില്ലെങ്കില്‍ 35 വര്‍ഷത്തിന് ശേഷം ആദ്യമായിട്ടായിരിക്കും ഒരു ഫാസ്റ്റ് ബൗളര്‍ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുക. 1987ല്‍ കപില്‍ ദേവാണ് ഇന്ത്യയെ നയിച്ച അവസാന ഫാസ്റ്റ് ബൗളര്‍.
ശുഭ്മാന്‍ ഗില്ലിനൊപ്പം ചേതേശ്വര്‍ പുജാരയോ കെ എസ് ഭരത്തോ ഓപ്പണറായേക്കും. ടീമിനൊപ്പം അവസാന നിമിഷം ചേര്‍ന്ന മായങ്ക് അഗര്‍വാളിനെ കളിപ്പിച്ചേക്കില്ല. പരന്പരയില്‍ ഇന്ത്യ 2-1ന് മുന്നിട്ട് നില്‍ക്കുകയാണ്.