Mithali Raj : 'ഏറെ ആവേശകരമായ ക്രിക്കറ്റ് ജീവിതം'; മിതാലി രാജിന് ആശംസകളുമായി മുഖ്യമന്ത്രി

Published : Jun 08, 2022, 09:36 PM ISTUpdated : Jun 08, 2022, 09:38 PM IST
Mithali Raj : 'ഏറെ ആവേശകരമായ ക്രിക്കറ്റ് ജീവിതം'; മിതാലി രാജിന് ആശംസകളുമായി മുഖ്യമന്ത്രി

Synopsis

23 വർഷത്തെ മിതാലിയുടെ കായിക ജീവിതത്തിലെ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞാണ് മുഖ്യമന്ത്രിയുടെ ആശംസ

തിരുവനന്തപുരം: വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജിന് (Mithali Raj) ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. 23 വർഷത്തെ മിതാലിയുടെ കായിക ജീവിതത്തിലെ നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞാണ് മുഖ്യമന്ത്രിയുടെ ആശംസ. ഇന്ത്യയെ ഏറ്റവും കൂടുതൽ തവണ നയിച്ചിട്ടുള്ള മിതാലി നേതൃപാടവത്തിന് പേരുകേട്ട താരമാണെന്ന് പിണറായി ചൂണ്ടികാട്ടി. എണ്ണിയാലൊടുങ്ങാത്ത റെക്കോർഡുകൾ സ്വന്തം പേരിലുള്ള മിതാലിയുടെ ക്രിക്കറ്റ് ജീവിതം ഏറെ ആവേശകരമായിരുന്നുവെന്നും മുഖ്യമന്ത്രി ആശംസകുറിപ്പിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ

അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിലെ ഇതിഹാസമായ മിതാലി രാജ് വിരമിക്കുകയാണ്. 23 വർഷമെന്ന റെക്കോർഡ് കാലം ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലുണ്ടായ മിതാലി ഏകദിന, ടെസ്റ്റ്, ട്വന്റി ട്വന്റി ഫോർമാറ്റുകളിലായി ഏറ്റവും കൂടുതൽ റൺസ് നേടിയ (10,868 റൺസ്) ബാറ്റിങ് താരവുമാണ്. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ കാലം ഒന്നാം റാങ്ക് അലങ്കരിച്ച ഇവർ ക്രിക്കറ്റ് ലോകത്തെ വനിതാ ടെണ്ടുൽക്കർ എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി ഇരട്ടസെഞ്ച്വറി നേടിയ താരവുമാണ് മിതാലി. ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും (232 മത്സരങ്ങൾ) മിതാലി രാജ് തന്നെ. നേതൃപാടവത്തിന് പേരുകേട്ട ഇവർ 155 ഓളം ഏകദിന മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചു. അതിൽ രണ്ട് ലോകകപ്പ് ഫൈനലുകളും ഉൾപ്പെടും. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത റെക്കോർഡുകൾ സ്വന്തം പേരിലുള്ള മിതാലിയുടെ ക്രിക്കറ്റ് ജീവിതം ഏറെ ആവേശകരമായിരുന്നു. മിതാലി രാജിന് ആശംസകൾ നേരുന്നു.

 

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് ഇന്ന് രാവിലെയാണ് രാജ്യാന്തര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ഇന്ത്യന്‍ വനിതകളുടെ ടെസ്റ്റ്- ഏകദിന ടീമുകളുടെ ക്യാപ്റ്റനായിരുന്നു. രാജ്യം കണ്ട എക്കാലത്തെയും മികച്ച വനിതാ ബാറ്ററായ മിതാലി രാജ് ഏകദിന ചരിത്രത്തിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരി കൂടിയാണ്. 23 നീണ്ട കരിയറിന് 39-ാം വയസിലാണ് മിതാലി അവസാനമിട്ടത്.

എല്ലാവരുടേയും പിന്തുണയ്‌ക്ക് നന്ദിയറിയിക്കുന്നതായും ജീവിതത്തിലെ രണ്ടാം ഇന്നിംഗ്‌സിന് പിന്തുണയും ആശംസയും പ്രതീക്ഷിക്കുന്നതായും മിതാലി ട്വീറ്റ് ചെയ്തു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'മുമ്പും വൈസ് ക്യാപ്റ്റനെ മാറ്റിയിട്ടുണ്ട്'; സഞ്ജു സാംസണ് വേണ്ടി വാദിച്ച് മുഹമ്മദ് കൈഫ്
ഗില്ലിന് പകരം സഞ്ജു സാംസണ്‍ വരുമോ? ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20, സാധ്യതാ ഇലവന്‍