
ധരംശാല: ഏറെനാള്‍ മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്നാലും മുഹമ്മദ് ഷമിയുടെ ബൗളിംഗിന്റെ മൂര്‍ച്ചയില്‍ ഒട്ടുംതന്നെ കുറവുണ്ടാകാറില്ല. മത്സരങ്ങളില്ലാത്ത സമയങ്ങളില്‍ ബൗളിംഗ് മെച്ചപ്പെടുത്താന്‍ പ്രത്യേക പരിശീലനമാണ് മുഹമ്മദ് ഷമി നടത്തുന്നത്. ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ പുറത്തിരുന്ന ശേഷം ന്യുസിലന്‍ഡിനെതിരെ പന്തെറിയാന്‍ അവസരം കിട്ടിയപ്പോള്‍ അഞ്ച് വിക്കറ്റുമായാണ് മുഹമ്മദ് ഷമി കരുത്തറിയിച്ചത്. ലോകകപ്പിന് തൊട്ടുമുന്‍പ് ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലും ഇടവേളമറന്ന് ഷമി നേടിയത് അഞ്ച് വിക്കറ്റുകള്‍.
വിക്കറ്റ് നേടിയതിനപ്പുറം ഓരോ പന്തും ബാറ്റര്‍മാരെ പരീക്ഷിക്കുന്ന തരത്തില്‍ മൂര്‍ച്ച കൂടിയതാണ് ഷമിയുടെ വൈറ്റ് ബോളിലേക്കുള്ള തിരിച്ചുവരവില്‍ ശ്രദ്ധേയമായത്. ഇതിനായി ഷമി നടത്തിയ പരിശീലന രഹസ്യം തുറന്നു പറയുകയാണ് ചെറുപ്പകാലത്തെ കോച്ചും മെന്ററുമായ മുഹമ്മദ് ബദറുദ്ദീന്‍. വിന്‍ഡീസ് പര്യടനത്തിന് ശേഷം ഇടവേള കിട്ടിയപ്പോള്‍ മുതല്‍ ഷമി ലോകകപ്പിനുള്ള ഒരുക്കം തുടങ്ങി. ഉത്തര്‍ പ്രദേശിലെ അലിനഗറിലുള്ള ഫാംഹൗസില്‍ മൂന്ന് പിച്ച് ഒരുക്കിയായിരുന്നു ഷമിയുടെ പരിശീലനം. ബാറ്റിംഗ് അനുകൂലമായ ഫ്‌ലാറ്റ് പിച്ചില്‍ ഹാര്‍ഡ് ലെങ്ത് പന്തുകള്‍ തുടരെ എറിഞ്ഞ് പരിശീലിച്ചു.
പുല്ല് നിറഞ്ഞ പിച്ചില്‍ പ്രാധാന്യം നല്‍കിയതത് പന്തിന്റെ ചലനത്തിന്. പന്തിന് ഗ്രിപ്പ് കിട്ടുന്ന പിച്ചുണ്ടാക്കിയും കഠിന പരിശീലനം. ടീമിനൊപ്പമില്ലാതിരിരുന്നപ്പോഴും ബൗളിംഗിന്റെ മൂര്‍ച്ച കൂട്ടാനുള്ള പ്രയത്‌നമാണ് ഷമിയെ ലോകകപ്പ് ടീമില്‍ എത്തിച്ചതെന്ന് കോച്ച് ബദറുദ്ദീന്‍ പറയുന്നു. പരിശീലന മൈതാനത്ത് ഫ്‌ലെഡ് ലൈറ്റ് സൗകര്യം ഒരുക്കി ഈര്‍പ്പമുള്ള സാഹചര്യത്തിലും പരിശീലിച്ച് മികവ് കൂട്ടി. കഴിഞ്ഞ രണ്ട് ഐപിഎല്‍ സീസണിലും ഷമിയുടെ പ്രകടനം മെച്ചപ്പെടുത്താന്‍ ഇത് സഹായിച്ചിട്ടുണ്ടെന്നും ബദറൂദ്ദീന്‍ പറയുന്നു.
ഗുജറാത്ത് ടൈറ്റന്‍സ് ചാംപ്യന്മാരായ 2022 സീസണില്‍ 16 കളിയില്‍ 20ഉം റണ്ണറപ്പായ കഴിഞ്ഞ സീസണില്‍ 16 കളിയില്‍ 28 വിക്കറ്റുകളും വീഴ്ത്തി. ലോകകപ്പില്‍ വരാനിരിക്കുന്ന മത്സരങ്ങളിലും ഷമിക്ക് അവസരം കിട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
റണ്‍വേട്ടയിലും രോഹിത് ശര്‍മയ്ക്ക് പണി കിട്ടി! ഇനി വാര്‍ണര്‍ക്ക് പിറകില്‍, കോലിക്കും ഓസീസ് താരം ഭീഷണി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!