
ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരെ അവസാന ഓവറുകള്‍ വരെ വിജയപ്രതീക്ഷ ഉയര്‍ത്തിയശേഷം തോല്‍വി വഴങ്ങി ഇന്ത്യ. 155 റണ്‍സ് വിജയലക്ഷ്യം തേടിയിറിങ്ങിയ ഓസ്ട്രേലിയ 49-5ലേക്കും 110-7ലേക്കും തകര്‍ന്നടിഞ്ഞെങ്കിലും ആഷ് ഗാര്‍ഡ്നറുടെ അപരാജിത അര്‍ധസെഞ്ചുറിയുടെയും അലന്‍ കിങിന്‍റെ പോരാട്ടവീര്യത്തിന്‍റെയും കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 154-8, ഓസ്ട്രേലിയ 19 ഓവറില്‍ 157-7.
മൂന്ന് വിക്കറ്റ് മാത്രം ശേഷിക്കെ അവസാന നാലോവറില്‍ 36 റണ്‍സ് വേണമായിരുന്നു ഓസീസിന്. മേഘ്ന സിങ് എറിഞ്ഞ പതിനേഴാം ഓവറില്‍ 15 റണ്‍സടിച്ച ഓസീസ് രാധാ യാദവിന്‍റെ പതിനെട്ടാം ഓവറില്‍ 12 റണ്‍സും പത്തൊമ്പതാം ഓവറില്‍ 11 റണ്‍സും അടിച്ച് ഓസീസിനെ അവിശ്വസനീയ ജയത്തിലെത്തിച്ചു.
ഓസീസ് വന്‍മരങ്ങളായ അലീസ ഹീലി(0), ബെത്ത് മൂണി(10), ക്യാപ്റ്റന്‍ മെഗ് ലാനിങ്(8), താഹില മക്‌ഗ്രാത്ത്(14) എന്നിവരെ പുറത്താക്കി അരങ്ങേറ്റക്കാരി രേണുകാ സിങ് ഠാക്കൂറാണ് ഓസീസിന്‍റെ തലയരിഞ്ഞത്. പിന്നാലെ റൈച്ചല്‍ ഹൈന്‍സിനെ(9) ദീപ്തി ശര്‍മ പുറത്താക്കിയതോടെ ഓസീസ് കൂട്ടത്തകര്‍ച്ചയിലായി.
എന്നാല്‍ ആറാമതായി ക്രീസിലെത്തിയ ആഷ്‌ലി ഗാര്‍ഡ്‌നറും ഏഴാ നമ്പറിലെത്തിയ ഗ്രേസ് ഹാരിസും ചേര്‍ന്ന് ഓസീസിന് പ്രതീക്ഷ നല്‍കി. ഹാരിസിനെ മടക്കി മേഘ്ന കൂട്ടുകെട്ട്
പൊളിച്ചു. പിന്നീടെത്തിയ ജെസ് ജൊനാസനെ(3) ദീപ്തി മടക്കിയതോടെ ഇന്ത്യ വിജയം ഉറപ്പിച്ചു. എന്നാല്‍ അലാന കിങിനെ ക്രീസില്‍ കൂട്ടുകിട്ടിയതോടെ തകര്‍ത്തടിച്ച ഗാര്‍ഡ്നര്‍ ഓസീസിനെ അവിശ്വസനീയ ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തി. ഇന്ത്യക്കായി രേണുകാ സിങ് നാലോവറില്‍ 18 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തി അരങ്ങേറ്റം ഗംഭീരമാക്കി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്‍റെ അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. ഷഫാലി വര്‍മ 48 റണ്‍സടിച്ച് തിളങ്ങി. ഓസീസിനായി ജെസ് ജൊനാസന്‍ നാലു വിക്കറ്റ് വീഴ്ത്തി.