
ബാര്‍ബഡോസ്: കെ എല്‍ രാഹുലിന് പരിക്കേറ്റതിന് പിന്നാലെ കൊവിഡ് ബാധിതനായത് മലയാളി താരം സഞ്ജു സാംസണ് ഇന്ത്യയുടെ ടി20 ടീമിലേക്ക് വീണ്ടും വഴി തുറന്നിരിക്കുന്നു. അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ തിളങ്ങിയ സഞ്ജുവിനെ പക്ഷെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ മാത്രമാണ് ഉള്‍പ്പെടുത്തിയത്. പിന്നീട് രോഹിത്തും കോലിയുമെല്ലാം തിരിച്ചെത്തിയപ്പോള്‍ സഞ്ജു ടീമില്‍ നിന്ന് പുറത്തായി. അയര്‍ലന്‍ഡിനെതിരെ തിളങ്ങിയിട്ടും ഇംഗ്ലണ്ടിനെതിരെ അവസരം ലഭിക്കാതിരുന്നത് വലിയ വിമര്‍ശനത്തിന് ഇടയാക്കുയും ചെയ്തു.
അയര്‍ലന്‍ഡിനെതിരെ പുറത്തെടുത്ത പ്രകടനത്തിന്‍റെ കരുത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്കുള്ള ടീമിലിടം പ്രതീക്ഷിച്ചെങ്കിലും ഏകദിന പരമ്പരക്കുള്ള ടീമിലാണ് സെലക്ടര്‍മാര്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. ഇതോടെ ടി20 ലോകകപ്പ് അടുത്തിരിക്കെ ലോകകപ്പ് ടീമില്‍ സഞ്ജുവിന് സ്ഥാനമുണ്ടാവില്ലെന്ന് ഉറപ്പിച്ചവരാണേറെയും.
എന്നാല്‍ പരിക്കേറ്റ കെ എല്‍ രാഹുല്‍ പിന്നാലെ കൊവിഡ് ബാധിതനായി. ഏകദിന പരമ്പരയില്‍ ലഭിച്ച അവസരങ്ങളിലാകട്ടെ സഞ്ജു കീപ്പറായും ബാറ്ററായും തിളങ്ങി. അപ്പോഴും ടി20 ടീമിലേക്ക് സഞ്ജുവിന് വഴിതുറന്നില്ല. ഒടുവില്‍ കെ എല്‍ രാഹുല്‍ ടി20 പരമ്പരയില്‍ കളിക്കില്ലെന്ന ഉറപ്പായതോടെ സെലക്ടര്‍മാര്‍ സഞ്ജുവിനെ തന്നെ ടീമിലുള്‍പ്പെടുത്തി.
വിന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്ക്വാഡില്‍ സഞ്ജുവും; കെ എല്‍ രാഹുലിനെ ഒഴിവാക്കി
സഞ്ജു ഉള്‍പ്പെടെ നാലു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീമിലുള്ളത്. സഞ്ജുവിന് പുറമെ ഇഷാന്‍ കിഷന്‍, റിഷബ് പന്ത്, ദിനേശ് കാര്‍ത്തിക് എന്നിവരാണ് ടീമിലുള്ളത്. വിന്‍ഡീസിനെതിരെ അഞ്ച് ടി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. ആദ്യ മത്സരങ്ങളില്‍ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചില്ലെങ്കിലും സഞ്ജുവിന് പിന്നീടുള്ള മത്സരങ്ങളില്‍ മധ്യനിരയില്‍ അവസരം ലഭിക്കാന്‍ സാധ്യതയുണ്ട്. രോഹിത് ശര്‍മക്കൊപ്പം റിഷഭ് പന്ത് ഓപ്പണറായി തുടര്‍ന്നാല്‍ സഞ്ജുവിന്‍റെ സാധ്യത കൂടും.
ഇഷാന്‍ കിഷനാണ് നിലവിലെ ബാക്ക് അപ്പ് ഓപ്പണര്‍. എന്നാല്‍ കിഷനെക്കാള്‍ മധ്യനിരയിലേക്ക് കൂടുതല്‍ പരിഗണിക്കാനിടയുള്ളത് സഞ്ജുവിനെയാണെന്നാണ് വിലയിരുത്തല്‍. ലഭിക്കുന്ന അവസരങ്ങളില്‍ തിളങ്ങിയാല്‍ സഞ്ജുവിന് ഇനിയും ലോകകപ്പ് ടീമില്‍ കയറി ഓസ്ട്രേലിയയിലേക്ക് പറക്കാനാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.