CWG 2022 : കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റ്; ബാര്‍ബഡോസിനെതിരെ '100 വാട്ട്' വിജയവുമായി ഇന്ത്യ സെമിയില്‍

By Jomit JoseFirst Published Aug 4, 2022, 7:54 AM IST
Highlights

ഇന്ത്യക്കായി രേണുക സിംഗ് നാലും മേഘ്ന സിംഗ്, സ്നേഹ് റാണ, രാധാ യാദവ്, ഹര്‍മൻപ്രീത് കൗര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി

ബര്‍മിംഗ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റിൽ(Commonwealth Games Womens Cricket 2022 ) ഇന്ത്യന്‍ വനിതകള്‍ സെമിയിൽ. ബാര്‍ബഡോസിനെതിരെ(India Women beat Barbados Women) നൂറ് റണ്‍സിന്‍റെ തകര്‍പ്പൻ ജയത്തോടെയാണ് സെമി പ്രവേശം. ഇന്ത്യ ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാര്‍ബഡോസിന് എട്ട് വിക്കറ്റിന് 62 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. കോമണ്‍വെല്‍ത്ത് ഗെയിംസിലെ മികച്ച പ്രകടനം തുടരുന്ന രേണുക സിംഗ്(Renuka Singh) 4 ഓവറില്‍ 10 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്‌ത്തി. ബാറ്റിംഗില്‍ ഷെഫാലി വര്‍മ്മയും(Shafali Verma), ജെമീമ റൊഡ്രിഗസും(Jemimah Rodrigues), ദീപ്തി ശര്‍മ്മയും(Deepti Sharma) തിളങ്ങി. 

ഇന്ത്യക്കായി രേണുക സിംഗ് നാലും മേഘ്ന സിംഗ്, സ്നേഹ് റാണ, രാധാ യാദവ്, ഹര്‍മൻപ്രീത് കൗര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തിയതാണ് ബാര്‍ബഡോസിനെ തളച്ചത്. സൂപ്പര്‍താരം ഡീന്‍ഡ്ര ഡോട്ടിന്‍ പൂജ്യത്തിനും ക്യാപ്റ്റന്‍ ഹെയ്‌ലി മാത്യൂസ് 9നും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കിസിയ നൈറ്റ് മൂന്നിനും പുറത്തായപ്പോള്‍ നാലാമതായിറങ്ങി 16 റണ്‍സെടുത്ത കിഷോണ നൈറ്റാണ് ബാര്‍ബഡോസിന്‍റെ ടോപ് സ്‌കോറര്‍. പുറത്താകാതെ 12 റണ്‍സെടുത്ത ഷകീര സെല്‍മാന്‍ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറുകാരിയും. 

നേരത്തെ ജെമീമ റൊഡ്രിഗസിന്‍റെ അര്‍ധസെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ 20 ഓവറില്‍ നാല് വിക്കറ്റിന് 162 റണ്‍സിലെത്തിയത്. ജെമീമ 46 പന്തില്‍ പുറത്താകാതെ 56* റണ്‍സെടുത്തു. 26 പന്തില്‍ 43 റണ്‍സെടുത്ത ഷെഫാലി വര്‍മ്മ റണ്ണൗട്ടായി. സ്‌മൃതി മന്ഥാനയ്‌ക്ക് തിളങ്ങാനായില്ല. മന്ഥാന ഏഴ് പന്തില്‍ 5 റണ്‍സുമായി മടങ്ങി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ഗോള്‍ഡന്‍ ഡക്കായപ്പോള്‍ താനിയ ഭാട്യ 13 പന്തില്‍ 6 റണ്‍സെടുത്ത് വീണു. എന്നാല്‍ ജെമീമയ്‌ക്കൊപ്പം 28 പന്തില്‍ 34* റണ്‍സുമായി ദീപ്തി ശര്‍മ്മ ഇന്ത്യയെ സെമിയിലേക്ക് ആനയിച്ചു. ശനിയാഴ്ചയാണ് സെമി ഫൈനൽ മത്സരങ്ങൾ.

ഇന്ത്യാ-പാക് പോരാട്ടങ്ങള്‍ക്ക് ആവേശം പകരാന്‍ മോക്കാ..മോക്കാ ഇനിയുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്

click me!