
വഡോദര: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിനെതിരെ ബറോഡയുടെ ആദ്യ ഇന്നിങ്സ് 223 റൺസിന് അവസാനിച്ചു. നാല് വിക്കറ്റ് വീഴ്ത്തിയ ജോബിൻ ജോബിയാണ് കേരള ബൗളിങ് നിരയിൽ തിളങ്ങിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം നാല് വിക്കറ്റ് നഷ്ടത്തിൽ 50 റൺസെന്ന നിലയിലാണ്.
ടോസ് നേടിയ കേരളം ബറോഡയെ ആദ്യം ബാറ്റ് ചെയ്യാനയക്കുകയായിരുന്നു. പൃഥ്വി ഒഡേദ്രയും ക്യാപ്റ്റൻ സ്മിത് രഥ്വയും ചേർന്ന ഓപ്പണിങ് കൂട്ടുകെട്ടിൽ 34 റൺസ് പിറന്നു. എന്നാൽ വെറും അഞ്ച് റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ നാല് വിക്കറ്റുകൾ നഷ്ടമായത് ബറോഡയ്ക്ക് തിരിച്ചടിയായി. 13ആം ഓവറിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ ജോബിൻ ജോബിയാണ് ബറോഡയ്ക്ക് ആദ്യ പ്രഹരം ഏല്പിച്ചത്. 16 റൺസെടുത്ത പൃഥ്വിയെയും അക്കൗണ്ട് തുറക്കും മുൻപെ വിശ്വാസിനെയുമാണ് ജോബിൻ പുറത്താക്കിയത്. 15 റൺസെടുത്ത ക്യാപ്റ്റൻ സ്മിത്തിനെ അഭിനവ് കെ വിയും പീയൂഷ് റാമിനെ ജോബിനും പുറത്താക്കിയതോടെ നാല് വിക്കറ്റിന് 39 റൺസെന്ന നിലയിലായിരുന്നു ബറോഡ.
ആറാമനായി ബാറ്റ് ചെയ്യാനിറങ്ങിയ ആര്യ എം പട്ടേലിന്‍റെ ഇന്നിങ്സാണ് ബറോഡയെ കരകയറ്റിയത്. പ്രിയൻഷു ജാധവിനൊപ്പം 30 റൺസ് കൂട്ടിച്ചേർത്ത ആര്യ, ഹേത് പട്ടേലിനൊപ്പം 58 റൺസും കേശവ് വാർക്കെയ്ക്കൊപ്പം 38 റൺസും നേടി. 84 റൺസെടുത്ത ആര്യയെ ജോബിൻ ജോബിയാണ് പുറത്താക്കിയത്. ഹേത് പട്ടേൽ 26 റൺസെടുത്തു. പത്താമനായി ഇറങ്ങി 31 റൺസുമായി പുറത്താകാതെ നിന്ന അമാഹിദയുടെ പ്രകടനവും ശ്രദ്ധേയമായി. കേരളത്തിന് വേണ്ടി ജോബിൻ ജോബി നാലും തോമസ് മാത്യുവും ആഷ്ലിനും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന്‍റെ തുടക്കം തകർച്ചയോടെയായിരുന്നു. ഓപ്പണർമാരായ ജോബിൻ ജോബിയും ജോയ്ഫിന്നും 12 റൺസ് വീതം നേടി മടങ്ങി. അമയ് മനോജും തോമസ് മാത്യുവും ഒരേയോവറിൽ പൂജ്യത്തിന് പുറത്തായി. ഇതോടെ നാല് വിക്കറ്റിന് 24 റൺസെന്ന നിലയിലായിരുന്നു കേരളം. തുടർന്ന് ഹൃഷികേശും ഇഷാൻ കുനാലും ചേർന്ന് കൂടുതൽ വിക്കറ്റുകൾ നഷ്ടപ്പെടുത്താതെ ആദ്യ ദിവസത്തെ കളി അവസാനിപ്പിച്ചു. ബറോഡയ്ക്ക് വേണ്ടി ഹേത് പട്ടേലും ഗൗരവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!