ഇന്നലെ ഓക്ലൻഡിലെ ആർഡ്‌മോർ എയറോഡ്രോമിലാണ് ഫിലിപ്സ് തന്‍റെ ആകാശത്തെ പറക്കൽ വൈദഗ്ധ്യം പ്രകടമാക്കിയത്.

ഓക്‌ലൻഡ്: ഗ്രൗണ്ടില്‍ അസാധ്യ ക്യാച്ചുകളിലൂടെയും പന്തുകൊണ്ടും ബാറ്റുകൊണ്ടും ആരാധകരെ വിസ്മയിപ്പിക്കുന്ന താരമാണ് ന്യൂസിലന്‍ഡ് ഓൾറൗണ്ടർ ഗ്ലെൻ ഫിലിപ്സ്. എന്നാൽ ഇപ്പോൾ ഫിലിപ്സ് വാർത്തകളിൽ നിറയുന്നത് ഗ്രൗണ്ടിലെ പറക്കല്‍ കൊണ്ടല്ല, മറിച്ച് ആകാശത്തെ പറക്കല്‍കൊണ്ടാണ്. ഫിലിപ്സ് ഒരു ചെറുവിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യിക്കുന്ന വീഡിയോ ആണ് ആരാധകരെ അമ്പരപ്പിച്ചത്.

ഇന്നലെ ഓക്ലൻഡിലെ ആർഡ്‌മോർ എയറോഡ്രോമിലാണ് ഫിലിപ്സ് തന്‍റെ ആകാശത്തെ പറക്കൽ വൈദഗ്ധ്യം പ്രകടമാക്കിയത്. ചെറുവിമാനം റൺവേയിൽ സുരക്ഷിതമായി ഇറക്കുന്ന ദൃശ്യങ്ങൾ ഫിലിപ്സ് തന്നെ തന്‍രെ ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ചതോടെയാണ് ആരധകര്‍ ഞെട്ടിയത്. കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് നേടാനുള്ള പരിശ്രമത്തിലാണ് ഫിലിപ്സ് ഇപ്പോൾ.

View post on Instagram

പറക്കലിനോടുള്ള തന്‍റെ ഇഷ്ടം ഫിലിപ്സ് ഒരിക്കലും മറച്ചുവെച്ചിട്ടില്ല. ക്രിക്കറ്റ് കളിക്കുന്നില്ലായിരുന്നു എങ്കിൽ താൻ ഒരു പൈലറ്റ് ആകുമായിരുന്നു എന്ന് ഫിലിപ്സ് മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. പറക്കൽ എന്നത് എന്‍റെ വലിയൊരു പാഷനാണ്. കയ്യിൽ ഇഷ്ടം പോലെ പണമുണ്ടായിരുന്നെങ്കിൽ ക്രിക്കറ്റിന് പകരം ഞാൻ ഏവിയേഷൻ മേഖല തിരഞ്ഞെടുക്കുമായിരുന്നു. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം ഒരു കരിയർ നോക്കുകയാണെങ്കിൽ എന്‍റെ ലിസ്റ്റിൽ ഒന്നാമത് പൈലറ്റ് ജോലി തന്നെയായിരിക്കും- ഫിലിപ്സ് പറഞ്ഞു.

ആകാശത്തെ പറക്കലുകൾക്ക് ശേഷം ഫിലിപ്സ് ഇനി ഐപിഎൽ ആവേശത്തിലേക്ക് ഇറങ്ങുകയാണ്. ഇത്തവണ ഗുജറാത്ത് ടൈറ്റൻസിന് വേണ്ടിയാണ് കിവീസ് താരം കളിക്കുന്നത്. ആകാശത്തെ പറക്കലിനുശേഷം ഇനി ഗ്രൗണ്ടില്‍ പറന്നുയരുന്ന ഫിലിപ്സിന്‍റെ പ്രകടനം കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക