മാനവ് കൃഷ്ണയ്ക്ക് സെഞ്ച്വറി, കൂച്ച് ബെഹാ‍ർ ട്രോഫിയിൽ സൗരാഷ്ട്രയ്ക്കെതിരെ ഇന്നിങ്സ് തോൽവി ഒഴിവാക്കി കേരളം

Published : Nov 26, 2025, 09:58 AM IST
Manav Krishna Kerala U19 Captain

Synopsis

ഒരു ഘട്ടത്തിൽ ഏഴിന് 167 റൺസെന്ന നിലയിൽ ഇന്നിങ്സ് തോൽവി മുന്നിൽക്കണ്ട കേരളത്തെ വാലറ്റക്കാർക്കൊപ്പം ചേ‍ർന്ന് കരകയറ്റിയത് ക്യാപ്റ്റന്‍റെ ഇന്നിങ്സുമായി കളം നിറഞ്ഞ മാനവ് കൃഷ്ണയാണ്.

കല്‍പ്പറ്റ: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ, ക്യാപ്റ്റൻ മാനവ് കൃഷ്ണയുടെ ഉജ്ജ്വല സെഞ്ച്വറിയുടെ മികവിൽ ഇന്നിങ്സ് തോൽവി ഒഴിവാക്കി കേരളം. കേരളത്തിന്‍റെ രണ്ടാം ഇന്നിങ്സ് 352 റൺസിന് അവസാനിച്ചു. 81 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്ട്ര മൂന്നാം ദിവസം കളി നി‍ർത്തുമ്പോൾ ഒരു വിക്കറ്റിന് എട്ട് റൺസെന്ന നിലയിലാണ്.

കേരള ക്യാപ്റ്റൻ മാനവ് കൃഷ്ണയുടെ ഉജ്ജ്വല ഇന്നിങ്സായിരുന്നു മൂന്നാം ദിവസത്തെ ശ്രദ്ധേയമാക്കിയത്. ഒരു ഘട്ടത്തിൽ ഏഴിന് 167 റൺസെന്ന നിലയിൽ ഇന്നിങ്സ് തോൽവി മുന്നിൽക്കണ്ട കേരളത്തെ വാലറ്റക്കാർക്കൊപ്പം ചേ‍ർന്ന് കരകയറ്റിയത് ക്യാപ്റ്റന്‍റെ ഇന്നിങ്സുമായി കളം നിറഞ്ഞ മാനവ് കൃഷ്ണയാണ്. 27 റൺസെടുത്ത തോമസ് മാത്യുവിന്‍റെ വിക്കറ്റായിരുന്നു മൂന്നാം ദിവസം കേരളത്തിന് ആദ്യം നഷ്ടമായത്. ജോബിൻ ജോബി പത്ത് റൺസുമായി മടങ്ങി. അഞ്ചാം വിക്കറ്റിൽ മാധവ് കൃഷ്ണയും മാനവ് കൃഷ്ണയും ചേർന്ന് 77 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ തുടരെ മൂന്ന് വിക്കറ്റുകൾ വീണത് കേരളത്തിന് തിരിച്ചടിയായി. 56 റൺസെടുത്ത മാധവ് കൃഷ്ണയെ ദേവർഷ് എൽബിഡബ്ല്യുവിൽ കുടുക്കിയപ്പോൾ, ഹൃഷികേശിനെയും അമയ് മനോജിനെയും ഒരേ ഓവറിൽ മോഹിത് ഉൾവയും പുറത്താക്കി.

മൂന്ന് വിക്കറ്റ് മാത്രം ശേഷിക്കെ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ അപ്പോഴും 105 റൺസ് കൂടി വേണമായിരുന്നു. എന്നാൽ മാനവ് കൃഷ്ണയും അഭിനവും ചേർന്ന് നേടിയ 91 റൺസ് കേരളത്തിന് കരുത്തായി. സ്കോർ 258ൽ നില്ക്കെ 38 റൺസെടുത്ത അഭിനവ് മടങ്ങിയെങ്കിലും ദേവഗിരിക്കൊപ്പം ചേർന്ന് മാനവ് ഇന്നിങ്സ് തോൽവി ഒഴിവാക്കി. ഇതിനിടയിൽ സെഞ്ച്വറി പൂർത്തിയാക്കിയ മാനവ് ഒൻപതാം വിക്കറ്റിൽ ദേവഗിരിയുമൊത്ത് 90 റൺസാണ് കൂട്ടിച്ചേർത്തത്. ഇതിൽ 78ഉം പിറന്നത് മാനവിൻ്റെ ബാറ്റിൽ നിന്നായിരുന്നു. ഒടുവിൽ 189 റൺസിന് മാനവ് പുറത്തായതോടെ കേരളത്തിന്‍റെ ഇന്നിങ്സിനും അവസാനമായി. 233 പന്തുകളിൽ 26 ബൗണ്ടറികളും നാല് സിക്സുകളും അടങ്ങുന്നതായിരുന്നു മാനവിന്‍റെ ഇന്നിങ്സ്. സൗരാഷ്ട്രയ്ക്ക് വേണ്ടി മോഹിത് ഉൾവ മൂന്നും ഹിത് ബബേരിയ, വത്സൽ പട്ടേൽ, ദേവർഷ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്ട്രയ്ക്ക് ആദ്യ ഓവറിൽ തന്നെ ഓപ്പണ‍ർ കരൺ ​ഗധാവിയുടെ വിക്കറ്റ് നഷ്ടമായി. അഭിനവിന്‍റെ പന്തിൽ എൽബിഡബ്ല്യു ആയാണ് കരൺ പുറത്തായത്. കളി നി‍ർത്തുമ്പോൾ രുദ്ര ലഖാന മൂന്നും ഹിത് ബബേരിയ നാലും റൺസുമായി ക്രീസിലുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഇന്ത്യയെ തോല്‍പിച്ചത് ഇന്നിംഗ്സിനൊടുവിൽ ജഡേജയുടെ മെല്ലെപ്പോക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍
2026 ടി20 ലോകകപ്പിതാ മുന്നില്‍; അവകാശവാദം ഉന്നയിച്ച് യുവതാരങ്ങള്‍, ഇതാ ചില മിന്നും പ്രകടനങ്ങള്‍