
മുംബൈ: അടുത്തവര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിന്‍റെ മത്സരക്രമം ഐസിസി ഇന്നലെ ഔദ്യോഗികമായി പുറത്തിറക്കിയതിന് പിന്നാലെ ലോകകപ്പ് ഫൈനലില്‍ ആരെ എതിരാളികളായി കിട്ടണമെന്നാണ് ആഗ്രഹമെന്ന ചോദ്യത്തിന് മറുപടി നല്‍കി ഇന്ത്യൻ ടി20 ടീം നായകൻ സൂര്യകുമാര്‍ യാദവ്. ലോകകപ്പ് മത്സരക്രമം പുറത്തിറക്കുന്ന ചടങ്ങില്‍ അവതാരകന്‍റെ ചോദ്യത്തിനായിരുന്നു സൂര്യകുമാര്‍ യാദവ് മറുപടി നല്‍കിയത്.
പരമ്പരാഗത എതിരാളികളായ പാകിസ്ഥാന്‍റെ പേരല്ല, ഓസ്ട്രേലിയയെ ആണ് ഫൈനലില്‍ എതിരാളികളായി കിട്ടണമെന്ന് സൂര്യകുമാര്‍ യാദവ് ആഗ്രഹം പ്രകടിപ്പിച്ചത്. അതിനൊരു കാരണവുമുണ്ട്. 2023ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ 140 കോടി ഇന്ത്യക്കാരുടെ സ്വപ്നം തകര്‍ത്തായിരുന്നു ഓസ്ട്രേലിയ കിരീടം നേടിയത്. ഇതിനുള്ള പ്രതികാരത്തിനായാണ് സൂര്യകുമാര്‍ അഹമ്മദാബാദില്‍ നടക്കുന്ന ഫൈനലില്‍ ഓസീസിനെ തന്നെ എതിരാളികളായി കിട്ടണമെന്ന് ആഗ്രഹം പ്രകിപ്പിച്ചത്. ഐസിസി പുറത്തുവിട്ട മത്സരക്രമം അനുസരിച്ച് പാകിസ്ഥാനാണ് ഫൈനലില്‍ എത്തുന്നതെങ്കില്‍ ഫൈനല്‍ ശ്രീലങ്കയിലെ കൊളംബോയിലായിരിക്കും നടക്കുക. ഇന്ത്യയില്‍ കളിക്കില്ലെന്ന പാക് നിലപാടിനെ തുടര്‍ന്നാണിത്.
അതേസമയം ഫൈനലില്‍ ആരെ എതിരാളികളായി കിട്ടമെന്ന് മുന്‍ നായകന്‍ രോഹിത് ശര്‍മയോട് അവതാരകന് ചോദിച്ചപ്പോൾ ദയവുചെയ്ത് ഐസിസിയുടെ ഭാഗത്തുനിന്ന് പറയണമെന്ന് സൂര്യകുമാര്‍ രോഹിത്തിനോട് അഭ്യര്‍ത്ഥിച്ചു. രോഹിത്തിനെ ലോകകപ്പിന്‍റെ ബ്രാന്‍ഡ് അംബാസഡറായി നേരത്തെ തെരഞ്ഞെടുത്തിരുന്നു. ഫൈനലില്‍ ഓസ്ട്രേലിയ മാത്രമല്ല, ഇന്ത്യയുടെ എതിരാളികളായി ആരെ കിട്ടിയാലും അവരെ തോല്‍പിച്ച് കിരീടം നേടുമെന്നാണ് കുതുന്നതെന്ന് രോഹിത് പറഞ്ഞു. തീര്‍ച്ചയായും ഇന്ത്യ ഫൈനലില്‍ എത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഫൈനലില്‍ ആ ടീമിനെ വേണം, ഈ ടീമിനെ വേണം എന്നൊന്നും ഞാന്‍ പറയുന്നില്ല, കഴിഞ്ഞതൊക്കെ കഴിഞ്ഞതാണ്.
ഓസ്ട്രേലിയയെ ഫൈനലില്‍ കിട്ടണമെന്ന് സൂര്യ പറയാന്‍ കാരണം അത്രയേറെ ഹൃദയഭാരത്തോടെയായിരിക്കും. പക്ഷെ എന്നെ സംബന്ധിച്ച് ഇന്ത്യ ഏത് ടീമിനെതിരെ ഫൈനല്‍ കളിച്ചാലും സന്തോഷമേയുള്ളു. അതില്‍ ജയിക്കുന്നത് കാണാനാണ് ഞാനാഗ്രഹിക്കുന്നത്. മറ്റുള്ള ടീമുകള്‍ എന്താണ് ചിന്തിക്കുന്നത് എന്ന് എനിക്കറിയില്ല. ഇന്ത്യ ഫൈനലില്‍ എത്തണമെന്നും കിരീടം നേടണമെന്നും മാത്രമാണ് തന്‍റെ ആഗ്രഹമെന്നും രോഹിത് പറഞ്ഞു. അടുത്ത വര്‍ഷം ഫെബബ്രുവരി ഏഴിന് ആരംഭിക്കുന്ന ടി20 ലോകകപ്പില്‍ മുംബൈയില്‍ അമേരിക്കക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. ഫെബ്രുവരി 12ന് ദില്ലിയില്‍ നമീബിയ, 15ന് കൊളംബോയില്‍ പാകിസ്ഥാന്‍, 18ന് അഹമ്മദാബാദില്‍ നെതര്‍ലന്‍ഡ്സ് എന്നിവരാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ എതിരാളികള്‍.