ഇനി അമേരിക്കന്‍ ക്രിക്കറ്റില്‍; കോറി അന്‍ഡേഴ്‌സണ്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ജേഴ്‌സിയില്‍ നിന്ന് വിരമിച്ചു

By Web TeamFirst Published Dec 5, 2020, 2:17 PM IST
Highlights

ന്യൂസിലന്‍ഡ് ജേഴ്‌സിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ആന്‍ഡേഴ്‌സണ്‍. അമേരിക്കന്‍ ടീമില്‍ കളിച്ചേക്കുമെന്നുള്ള ശക്തമായ സൂചനയാണ് ആന്‍ഡേഴ്‌സണ്‍ നല്‍കുന്നത്.

വെല്ലിങ്ടണ്‍: കഴിഞ്ഞ ദിവസമാണ് ന്യൂസിലന്‍ഡ് താരം കോറി അന്‍ഡേഴ്‌സണ്‍ യുഎസ്എ ക്രിക്കറ്റ് ടീമിലേക്ക് ചേക്കേറുന്നുവെന്ന വാര്‍ത്തകള്‍ വന്നത്. എന്നാല്‍ വാര്‍ത്തകളോട് 29കാരന്‍ പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ ന്യൂസിലന്‍ഡ് ജേഴ്‌സിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ആന്‍ഡേഴ്‌സണ്‍. അമേരിക്കന്‍ ടീമില്‍ കളിച്ചേക്കുമെന്നുള്ള ശക്തമായ സൂചനയാണ് ആന്‍ഡേഴ്‌സണ്‍ നല്‍കുന്നത്.

അമേരിക്കയില്‍ മേജര്‍ ലീഗ് ക്രിക്കറ്റില്‍ (എംഎല്‍സി) കളിക്കാനാണ് ആന്‍ഡേഴ്‌സണിന്റെ നീക്കം. മൂന്ന് വര്‍ഷത്തേക്ക് എംഎല്‍സി ഫ്രാഞ്ചൈസിയുമായി കരാര്‍ ഒപ്പിട്ടുകഴിഞ്ഞു താരം. 2018ലാണ് അവസാനമായി ന്യൂസീലന്‍ഡ് ജഴ്സിയില്‍ കോറി ആന്‍ഡേഴ്സന്‍ കളിച്ചത്. പേസ് ഓള്‍റൗണ്ടറായ കോറി ആന്‍ഡേഴ്സന്‍ മൂന്ന് ഫോര്‍മാറ്റിലുമായി 93 മത്സരങ്ങള്‍ ന്യൂസീലന്‍ഡിനുവേണ്ടി കളിച്ചിട്ടുണ്ട്. ഏകദിന ക്രിക്കറ്റില്‍ വേഗത്തില്‍ സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാമനാണ് ആന്‍ഡേഴ്‌സണ്‍. 2014ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 36 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. 

13 ടെസ്റ്റില്‍ നിന്ന് 863 റണ്‍സാണ് ആന്‍ഡേഴ്‌സണിന്റെ സമ്പാദ്യം. ഇതില്‍ ഒരു സെഞ്ചുറിയും ഉള്‍പ്പെടും. 116 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 16 വിക്കറ്റും നേടി. 49 ഏകദിനങ്ങളില്‍ നിന്ന് 1109 റണ്‍സ് നേടി. 131 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 60 വിക്കറ്റുകളും അക്കൗണ്ടില്‍ ചേര്‍ത്തു. 31 ടി20 മത്സരങ്ങളില്‍ 485 റണ്‍സും 14 വിക്കറ്റും നേടി.

ആന്‍ഡേഴ്സണിന്റെ പ്രതിശ്രുത വധു അമേരിക്കക്കാരിയായ മേരി മാര്‍ഗരറ്റാണ്. ഇരുവരും അമേരിക്കയില്‍ താമസമാക്കാനുള്ള തയ്യാറെടുപ്പിലാണ്. അക്കാരണത്താലാണ് ന്യൂസീലന്‍ഡില്‍ നിന്ന് വിരമിച്ച് അമേരിക്കയിലേക്ക് തന്റെ തട്ടകം മാറ്റാന്‍ കോറി ആന്‍ഡേഴ്സന്‍ തയ്യാറായതെന്നാണ് റിപ്പോര്‍ട്ട്. 

ന്യൂസീലന്‍ഡിനുവേണ്ടി കളിക്കാന്‍ സാധിച്ചത് വലിയ അംഗീകാരമാണെന്ന് അദ്ദേഹം വിരമിക്കല്‍ സന്ദേശത്തില്‍ വ്യക്തമാക്കി. ''ന്യൂസിലന്‍ഡ് ജേഴ്‌സി അണിയാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. എന്റെ എല്ലാ കാര്യത്തിലും വലിയ പിന്തുണയാണ് ന്യൂസിലന്‍ഡില്‍ ലഭിച്ചത്. താരമെന്ന നിലയില്‍ ടീമിനൊപ്പം സ്വന്തമാക്കിയ നേട്ടങ്ങളില്‍ വളരെയധികം സന്തോഷം.'' ആന്‍ഡേഴ്‌സണ്‍ വ്യക്തമാക്കി.

click me!