ടീം മാസ്ക് ഫോഴ്സുമായി ബിസിസിഐ; സച്ചിനും ഗാംഗുലിയും കോലിയും രോഹിത്തും ടീമില്‍

By Web TeamFirst Published Apr 18, 2020, 7:20 PM IST
Highlights

ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുക എന്നത് തന്നെ വലിയ അഭിമാനമാണ്. പക്ഷെ ഇന്ന് നമ്മള്‍ അതിലും വലിയൊരു ടീമിനെയാണ് ഉണ്ടാക്കാന്‍ പോകുന്നത്. ടീം മാസ്ക് ഫോഴ്സ്- കോലി വിഡിയോയില്‍ പറയുന്നു

ദില്ലി: കൊവിഡ് 19നെ പ്രതിരോധിക്കാന്‍ പൊതുസ്ഥലങ്ങളില്‍ മാസ്ക്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി ടീം മാസ്ക് ഫോഴ്സ് വീ‍ഡിയോയുമായി ബിസിസിഐ. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലി എന്നിവരെല്ലാം മാസ്ക് ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി വീ‍ഡിയോയില്‍ പറയുന്നു.

ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുക എന്നത് തന്നെ വലിയ അഭിമാനമാണ്. പക്ഷെ ഇന്ന് നമ്മള്‍ അതിലും വലിയൊരു ടീമിനെയാണ് ഉണ്ടാക്കാന്‍ പോകുന്നത്. ടീം മാസ്ക് ഫോഴ്സ്- കോലി വിഡിയോയില്‍ പറയുന്നു.സച്ചിനാകട്ടെ, കമോണ്‍ ഇന്ത്യ, മാസ്ക് ധരിക്കു, മാസ്ക് ഫോഴ്സിന്റെ ബാഗമാകൂ എന്ന് ആരാധകരോട് അഭ്യര്‍ത്ഥിച്ചു. ഒപ്പം കൈകള്‍ 20 സെക്കന്‍ഡ് നേരം കഴുകാനും സാമൂഹിക അകലം പാലിക്കാനും മറക്കരുതെന്നും സച്ചിന്‍ ആരാധകരോട് പറഞ്ഞു.

Also Read:കൊവിഡ് പ്രതിരോധമെന്നാല്‍ ഇങ്ങനെ ആയിരിക്കണം; കേരളത്തെ അഭിനന്ദിച്ച് ഇര്‍ഫാന്‍ പത്താന്‍

സച്ചിനും ഗാംഗുലിക്കും കോലിക്കും പുറമെ രോഹിത് ശര്‍മ, ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന, വനിതാ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, മിതാലി രാജ്, മുന്‍ താരങ്ങളായ ഹര്‍ഭജന്‍ സിംഗ്, വീരേന്ദര്‍ സെവാഗ്, രാഹുല്‍ ദ്രാവിഡ് എന്നിവരും മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വീഡിയോയില്‍ വാചാലരാവുന്നു.

മാസ്ക് ഫോഴ്സി്റെ ഭാഗമാകാന്‍ എളുപ്പമാണെന്നും വീട്ടില്‍ തന്നെ  ഇരുന്ന് മാസ്കുകള്‍ ഉണ്ടാക്കിയാല്‍ മതിയെന്നും രോഹിത് ശര്‍മ പറഞ്ഞു.നേരത്തെ കൊവിഡ് ദുരിതബാധിതരെ സഹായിക്കാനായി ബിസിസിസിഐ പ്രധാനമന്ത്രിയുടെ പിഎം കെയേഴ്സ് ഫണ്ടിലേക്ക് 51 കോടി രൂപ സംഭാവനയായി നല്‍കിയിരുന്നു.

click me!