
മുംബൈ: കൊവിഡ്(COVID-19) മൂന്നാം തരംഗത്തിന്‍റെ ആശങ്കകള്‍ക്കിടെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റ് (Ranji Trophy 2021-22) അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ച് ബിസിസിഐ. രഞ്ജി ട്രോഫിക്ക് പുറമെ കേണല്‍ സി കെ നായിഡു ട്രോഫി(Col C K Nayudu Trophy), സീനിയര്‍ വനിതകളുടെ ടി20 ലീഗ്(Senior Women’s T20 League) മത്സരങ്ങളും ബിസിസിഐ മാറ്റിവെച്ചിട്ടുണ്ട്.
ഈ മാസം 13 മുതല്‍ ആയിരുന്നു രഞ്ജി ട്രോഫി മത്സരങ്ങള്‍ തുടങ്ങേണ്ടിയിരുന്നത്. കേരളത്തിന്‍റെ ആദ്യ മത്സരം വിദര്‍ഭക്കെതിരെ ബെംഗലൂരുവിലാണ് നിശ്ചയിച്ചിരുന്നത്. സി കെ നായിഡു ട്രോഫിയും ഈ മാസമായിരുന്നു തുടങ്ങേണ്ടിയിരുന്നത്. സീനിയര്‍ വനിതാ ടി20 ലീഗ് അടുത്ത മാസമായിരുന്നു നടക്കേണ്ടിയിരുന്നത്.
കളിക്കാരുടെ സുരക്ഷക്കാണ് പ്രധാന പരിഗണനയെന്നും രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മൂന്ന് ടൂര്‍ണമെന്‍റുകളും ഇനിയൊരറിയിപ്പുണ്ടാകും വരെ നീട്ടിവെക്കുകയാണെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. സാഹചര്യം മെച്ചപ്പടുന്നതിന് അനുസരിച്ച് പുതുക്കിയ തീയതികള്‍ പീന്നീട് അറിയിക്കുമെന്നും ജയ് ഷാ പറഞ്ഞു.
രഞ്ജി ട്രോഫി മുന്‍ നിശ്ചയപ്രകാരം നടത്താന്‍ ശ്രമിക്കുമെന്ന് കഴിഞ്ഞ ദിവസം ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ടൂര്‍ണമെന്‍റിന് വേദിയാവേണ്ട മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി, ബെംഗലൂരു നഗരങ്ങളില്‍ കൊവിഡ് മൂന്നാം തരംഗം ആശങ്കയുണര്‍ത്തുന്ന പശ്ചാത്തലത്തില്‍ ടൂര്‍ണമെന്റുമായി മുന്നോട്ടു പോകുന്നത് വലിയ റിസ്ക് ആകുമെന്ന് വിലയിരുത്തി ടൂര്‍ണമെന്‍റ് മാറ്റിവെക്കാന്‍ ബിസിസിഐ നിര്‍ബന്ധിതരാവുകയായിരുന്നു.
കൊവിഡ് മൂലം കഴിഞ്ഞ രഞ്ജി സീസണും ബിസിസിഐക്ക് നടത്താനായിരുന്നില്ല. ആദ്യ മത്സരം കളിക്കുന്നതിന് മുന്നോടിയായി പരിശീലന മത്സരങ്ങള്‍ക്കായി മുംബൈ ടീം കൊല്‍ക്കത്തയില്‍ എത്തിയിരുന്നു. പുതിയ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ മുംബൈ ടീം തീരിച്ചുപോകും. അടുത്തമാസം നടക്കേണ്ട വെസ്റ്റ് ഇന്‍ഡീസ്-ഇന്ത്യ പരമ്പരയുടെ കാര്യത്തിലും ബിസിസിഐയില്‍ നിന്ന് വൈകാതെ തീരുമാനമുണ്ടാക്കുമെന്നാണ് സൂചന.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!