കൊവിഡിന് എതിരായ പോരാട്ടത്തില്‍ അണിനിരന്ന് റെയ്നയും; 52 ലക്ഷം രൂപയുടെ സഹായം

By Web TeamFirst Published Mar 28, 2020, 6:51 PM IST
Highlights

കൊവിഡിന് എതിരായ പോരാട്ടത്തിന് 52 ലക്ഷം രൂപ നല്‍കുമെന്ന് റെയ്ന സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചു

ലക്നൌ: കൊവിഡ് 19 ബാധിതര്‍ക്ക് സഹായങ്ങളുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്നയും. കൊവിഡിന് എതിരായ പോരാട്ടത്തിന് 52 ലക്ഷം രൂപ നല്‍കുമെന്ന് റെയ്ന സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചു. ഇതില്‍ 31 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 21 ലക്ഷം ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമാണ്. 

കൊവിഡ് 19നെ തുരത്താന്‍ ഏവരും സഹായം ചെയ്യേണ്ട സമയമാണിത് എന്ന് റെയ്ന ഓർമ്മിപ്പിച്ചു. ലോക് ഡൌണ്‍ ഏവരും പാലിക്കണമെന്നും റെയ്ന ട്വിറ്ററില്‍ കുറിച്ചു. 

It’s time we all do our bit to help defeat . I’m pledging ₹52 lakh for the fight against (₹31 lakh to the PM-CARES Fund & ₹21 lakh to the UP CM’s Disaster Relief Fund). Please do your bit too. Jai Hind!

— Suresh Raina🇮🇳 (@ImRaina)

കൊവിഡ് 19ന് എതിരായ പോരാട്ടങ്ങള്‍ക്ക് 50 ലക്ഷം രൂപയുടെ സഹായം മാസ്റ്റർ ബ്ലാസ്റ്റർ സച്ചിന്‍ ടെന്‍ഡുല്‍ക്കർ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് ബാധിതർക്ക് സഹായവുമായി ബിസിസിഐ പ്രസിഡന്‍റ് സൌരവ് ഗാംഗുലിയുടെ രംഗത്തെത്തി. ബംഗാള്‍, സൌരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനുകളും സഹായം പ്രഖ്യാപിച്ചിരുന്നു. 

Read more: കൊവിഡ് 19: ദുരിതമനുഭവിക്കുന്നവര്‍ക്ക്  സഹായഹസ്തവുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കറും

ഐപിഎല്‍ 13-ാം സീസണ്‍ വൈകുന്നതോടെ ചെന്നൈ സൂപ്പർ കിംഗ്സിലെ പരിശീലനം റദ്ദാക്കി റെയ്ന നാട്ടിലേക്ക് മടങ്ങിയിരുന്നു. നായകന്‍ എം എസ് ധോണി, അമ്പാട്ടി റായുഡു, പീയുഷ് ചൌള തുടങ്ങിവരെല്ലാം പരിശീലനത്തിനായി ചെന്നൈയില്‍ എത്തിയിരുന്നു. കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ ഐപിഎല്‍ റദ്ദാക്കുമോ അതോ വീണ്ടും നീട്ടിവക്കുമോ എന്ന് ഇപ്പോള്‍ വ്യക്തമല്ല. മാർച്ച് 29ന് ആരംഭിക്കേണ്ട സീസണ്‍ ഏപ്രില്‍ 15ലേക്കാണ് നിലവില്‍ മാറ്റിയിരിക്കുന്നത്. 

Read more: കൊവിഡിനെതിരെ ബാറ്റേന്തി സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനും; ധനസഹായം പ്രഖ്യാപിച്ചു

 

click me!