കൊവിഡ് 19: നിലയ്ക്കാത്ത സഹായവുമായി മൊർത്താസ; ഇക്കുറി 300 കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റ്

By Web TeamFirst Published Mar 28, 2020, 6:14 PM IST
Highlights

തന്‍റെ ശമ്പളത്തിന്‍റെ പകുതി നേരത്തെ തന്നെ കൊവിഡ് 19 സഹായമായി മൊർത്താന നല്‍കിയിരുന്നു

ധാക്ക: കൊവിഡ് 19 മഹാമാരിയില്‍ കഷ്ടതയനുഭവിക്കുന്ന തന്‍റെ ജന്‍മനാട്ടുകാർക്ക് സഹായവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഷ്റഫെ മൊർത്താസ. നറൈലിലെ പാവപ്പെട്ട 300 കുടുംബങ്ങള്‍ക്ക് അഞ്ച് കിലോ അരിയും എണ്ണയും ഉരുളക്കിഴങ്ങും ഉപ്പും മറ്റ് ധാന്യങ്ങളും അടങ്ങുന്ന കിറ്റാണ് താരം രണ്ട് ദിവസത്തിനുള്ളില്‍ എത്തിക്കുക എന്ന് ഡെയ്‍ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു. 

Read more: കൊവിഡ് ബാധ ആസൂത്രിതമായിരുന്നോ; ചോദ്യവുമായി ഹര്‍ഭജനും

തന്‍റെ ശമ്പളത്തിന്‍റെ പകുതി നേരത്തെ തന്നെ കൊവിഡ് 19 സഹായമായി മൊർത്താന നല്‍കിയിരുന്നു. മറ്റ് 26 ബംഗ്ലാദേശ് താരങ്ങളും സഹായഹസ്തം നീട്ടിയവരിലുണ്ട്. ഏകദിന നായകന്‍ തമീം ഇക്ബാലാണ് ഏറ്റവും ഉയർന്ന തുക നല്‍കിയത്. ഇരുപത്തിയേഴ് താരങ്ങളില്‍ 17 പേർ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്‍റെ വാർഷിക കരാറിലുള്ളവരാണ്. ആകെ 30 ലക്ഷത്തിലേറെ ബംഗ്ലാദേശ് താക്കയാണ് ഇതിലൂടെ സമാഹരിച്ചത്. 

Read more: ഈ പോരാട്ടം അത്ര എളുപ്പമല്ല; ഇനിയെങ്കിലും യാഥാര്‍ഥ്യത്തിലേക്ക് ഉണരൂ; അഭ്യര്‍ഥനയുമായി കോലി

കൊവിഡ് 19 ബാധമൂലം ബംഗ്ലാദേശ് മാർച്ച് 26 മുതല്‍ 10 ദിവസം രാജ്യത്ത് ഷട്ട് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ബംഗ്ലാദേശില്‍ 48 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ അഞ്ച് മരണങ്ങള്‍ റിപ്പോർട്ട് ചെയ്തു. അതേസമയം ലോകത്താകെ മരണസംഖ്യ 28,000 പിന്നിട്ടു. ഇതുവരെ ആറ് ലക്ഷത്തിലേറെ പേരെയാണ് കൊവിഡ് 19 ബാധിച്ചത്. 

click me!