വാര്‍ണറും പെറിയും മികച്ച താരങ്ങള്‍; സ്‌മിത്തിനെ കടത്തിവെട്ടി ലബുഷെയ്‌ന്‍ മികച്ച ടെസ്റ്റ് താരം

Published : Feb 10, 2020, 06:54 PM ISTUpdated : Feb 10, 2020, 07:04 PM IST
വാര്‍ണറും പെറിയും മികച്ച താരങ്ങള്‍; സ്‌മിത്തിനെ കടത്തിവെട്ടി ലബുഷെയ്‌ന്‍ മികച്ച ടെസ്റ്റ് താരം

Synopsis

ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അലന്‍ ബോര്‍ഡര്‍ മെഡല്‍ വാര്‍ണര്‍ക്ക്, എലിസ് പെറിക്ക് ബെലിന്ദ ക്ലാര്‍ക്ക് മെഡല്‍.

സിഡ്‌നി: കഴിഞ്ഞ വര്‍ഷത്തെ മികച്ച താരങ്ങള്‍ക്കുള്ള ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച പുരുഷ താരത്തിനുള്ള അലന്‍ ബോര്‍ഡര്‍ മെഡല്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറും വനിതാ താരത്തിനുള്ള ബെലിന്ദ ക്ലാര്‍ക്ക് മെഡല്‍ ഓള്‍റൗണ്ടര്‍ എലിസ് പെറിയും സ്വന്തമാക്കി. വാര്‍ണര്‍ മൂന്നാം തവണയും പെറി രണ്ടാം തവണയാണ് പുരസ്‌കാരം സ്വന്തമാക്കുന്നത്. പന്ത് ചുരണ്ടല്‍ വിവാദത്തിലെ വിലക്കിന് ശേഷമാണ് പുരസ്‌കാരം നേടി വാര്‍ണറുടെ തിരിച്ചുവരവ്.  

സ്റ്റീവ് സ്‌മിത്ത്, പാറ്റ് കമ്മിന്‍സ് എന്നിവരെ മറികടന്നാണ് വാര്‍ണര്‍ ജേതാവായത്. ആഷസില്‍ തിളങ്ങിയ സ്‌മിത്തിനെ ഒരു പോയിന്‍റിനാണ് വാര്‍ണര്‍ പിന്നിലാക്കിയത്. ഏകദിന ലോകകപ്പിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായ വാര്‍ണര്‍ മൂന്ന് സെഞ്ചുറികള്‍ അടക്കം 647 റണ്‍സ് നേടിയിരുന്നു. ആഷസില്‍ നിരാശപ്പെടുത്തിയെങ്കിലും ട്രിപ്പിള്‍ സെഞ്ചുറി(335) നേടി ശക്തമായി തിരിച്ചെത്തി. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലും പാകിസ്ഥാനും ശ്രീലങ്കയ്‌ക്കും എതിരായ ടി20 പരമ്പരയിലും തിളങ്ങി. 

പുരുഷ ടെസ്റ്റ് താരത്തിനുള്ള പുരസ്‌കാരം മാര്‍നസ് ലബുഷെയ്‌ന്‍ സ്വന്തമാക്കി. 22 പോയിന്‍റ് നേടിയ സ്‌റ്റീവ് സ്‌‌മിത്തിനേക്കാള്‍ മൂന്ന് വോട്ടുകള്‍ അധികം നേടിയാണ് ലബുഷെയ്‌ന്‍ അവാര്‍ഡിനര്‍ഹനായത്. 11 ടെസ്റ്റുകളില്‍ നിന്ന് 1104 റണ്‍സ് നേടിയ ലബുഷെയ്‌ന്‍ ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഉയര്‍ന്ന റണ്‍വേട്ടക്കാരന്‍. ആഷസില്‍ സ്‌മിത്തിന് കണ്‍കഷണ്‍ സബ്സ്റ്റിറ്റ്യൂട്ടായി ടീമിലെത്തിയ താരം 353 റണ്‍സാണ് നേടിയത്. ഹോം വേദിയില്‍ പാകിസ്ഥാനെതിരെ 173.5 ശരാശരിയില്‍ 347 റണ്‍സും ന്യൂസിലന്‍ഡിനെതിരെ 91.5 ശരാശയില്‍ 549 റണ്‍സും നേടി. 

മികച്ച ഏകദിന താരത്തിനുള്ള പുരസ്‌കാരം ആരോണ്‍ ഫിഞ്ചും ആലിസ ഹീലിയും കരസ്ഥമാക്കി. ടി20യിലെ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരവും ഡേവിഡ് വാര്‍ണര്‍ക്കാണ്. വനിതകളില്‍ ഹീലിക്ക് തന്നെയാണ് ഈ പുരസ്‌കാരവും. തുടര്‍ച്ചയായ വര്‍ഷമാണ് മികച്ച ഏകദിന-ടി20 താരത്തിനുള്ള പുരസ്‌കാരങ്ങള്‍ ആലിസ ഹീലി നേടുന്നത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം ഷോണ്‍ മാര്‍ഷും യുവതാരത്തിനുള്ള അവാര്‍ഡ് വെസ് അഗറും സ്വന്തമാക്കി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫി: കേരളത്തിനെതിരെ ബംഗാളിന് 15 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്
ആരോണ്‍-വിഹാല്‍ സഖ്യം നയിച്ചു, അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യ ഫൈനലില്‍; ലങ്കയെ തോല്‍പ്പിച്ചത് എട്ട് വിക്കറ്റിന്