
ഓക്‌ലന്‍ഡ്: കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും മഹത്തായ കായിക മുഹൂര്‍ത്തത്തിനുള്ള 'ഗ്രേറ്റസ്റ്റ് ലോറസ് സ്‌പോര്‍ട്ടിംഗ് മൊമന്‍റ് 2000-2020' വോട്ടിംഗില്‍ ആരാധകരോട് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ലോകകപ്പ് നേട്ടത്തിനായി വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. സുഹൃത്തും, സഹതാരവും, മാര്‍ഗദര്‍ശിയും ആരാധനാ മൂര്‍ത്തിയുമായ സച്ചിന് വോട്ട് ചെയ്യാനായി നമുക്കെല്ലാം ഓരുമിക്കാം എന്ന് ട്വീറ്റ് ചെയ്ത കോലി വോട്ട് ചെയ്യാനുള്ള ലിങ്കും ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്.
ഈ മാസം 16നാണ് വോട്ടിംഗ് അവസാനിക്കുന്നത്. 17ന് പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കും. ഒരു രാജ്യത്തിന്റെ പ്രതീക്ഷകളെ മുഴുവന്‍ ചുമലിലേറ്റി ഇന്ത്യയെ ലോകകപ്പ് നേട്ടത്തിലേക്ക് നയിച്ചതിനാണ് സച്ചിന് നാമനിര്‍ദേശം ലഭിച്ചത്. വിവിധ കായിക ഇനങ്ങളിലായി ആകെ 20 പേര്‍ക്കാണ് നാമനിര്‍ദേശം ലഭിച്ചത്. നാമനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആരംഭിച്ച വോട്ടിംഗില്‍ ആദ്യ രണ്ട് ഘട്ടം പൂര്‍ത്തിയായപ്പോഴാണ് കായികരംഗത്തെ ഓസ്‌കാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോറസ് പുരസ്‌കാരത്തിന് അന്തിമ ചുരുക്കപ്പട്ടികയില്‍ സച്ചിന്റെ നേട്ടവും ഇടം നേടിയത്.
സച്ചിന്‍റെ കരിയറിലെ ആറാം ലോകകപ്പിലായിരുന്നു 2011ല്‍ ഇന്ത്യ രണ്ടാമത്തെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. സച്ചിന് നോമിനേഷന്‍ ലഭിച്ചത് ക്രിക്കറ്റിന്‍റെ മഹത്തായ നിമിഷമാണെന്ന് ലോറസ് അക്കാദമി അംഗം കൂടിയായ ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് വോയുടെ നേരത്തെ പ്രതികരിച്ചിരുന്നു. 2002ല്‍ ഓസീസ് ക്രിക്കറ്റ് ടീം ലോറസ് ടീം ഓഫ് ദ് ഇയര്‍ ആയിതെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!