
മെല്‍ബണ്‍: അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ നിന്ന് പിന്മാറിയതിനെതിനെ ന്യായീകരിച്ചും അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍റെ ഭീഷണി തള്ളിയും ക്രിക്കറ്റ് ഓസ്ട്രേലിയ. ക്രിക്കറ്റില്‍ നിന്ന് രാഷ്ട്രീയത്തെ മാറ്റി നിര്‍ത്തണമെന്ന റാഷിദ് ഖാന്‍റെ വിമര്‍ശനം തള്ളി ക്രിക്കറ്റ് ഓസ്ട്രേലിയ ചീഫ് എക്സിക്യൂട്ടീവ് നിക്ക് ഹോക്‌ലി രംഗത്തെത്തി.
അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങളെ രാഷ്ട്രീയമെന്ന് ആക്ഷേപിക്കാനാകില്ലെന്ന് ഹോക്‌ലി പറഞ്ഞു. പരമ്പരയുമായി മുന്നോട്ട് പോകാമെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ഒരു മാസത്തിനിടെ താലിബാന്‍ സ്വീകരിച്ച സ്ത്രീവിരുദ്ധ സമീപനങ്ങള്‍ കാരണം, നിലപാട് മാറ്റാന്‍ നിര്‍ബന്ധിതരായെന്നും ഓസ്ട്രേലിയന്‍ സര്‍ക്കാരുൾപ്പെടെ വിവിധ തലങ്ങളില്‍ ചര്‍ച്ച നടത്തിയാണ് തീരുമാനമെടുത്തതെന്നൂം ഹോക്‌ലി പറഞ്ഞു. അഫ്ഗാനില്‍ സ്ത്രീകള്‍ക്ക് കൂടുതൽ അവസരങ്ങള്‍ ലഭിക്കുമെന്നും പരമ്പര പുനരാരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി.
പരമ്പരയില്‍ നിന്ന് പിന്‍മാറാനുള്ള തീരുമാനം ഓസ്ട്രേലിയ പിന്‍വലിച്ചില്ലെങ്കില്‍, ബിഗ് ബാഷ് ലീഗില്‍ നിന്ന് പിന്‍മാറുമെന്ന് അഫ്ഗാനിസ്ഥാന്‍റെ ടി20 ടീം നായകന്‍ കൂടിയായ റാഷിദ് ഖാന്‍ ഭീഷണിപ്പെടുത്തിയിരുന്നു. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനം ദയനീയമെന്ന് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡും പ്രതികരിച്ചിരുന്നു.
സമാനമായ കാരണത്താല്‍ രണ്ടാം തവണയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയില്‍ നിന്ന് പിന്മാറുന്നത്. 2021 നവംബറില്‍ ഹൊബാര്‍ട്ടില്‍ ഒരു ടെസ്റ്റ് കളിക്കാന്‍ ഇരു ക്രിക്കറ്റ് ബോര്‍ഡുകളും പദ്ധതിയിട്ടിരുന്നു. പിന്നീട് ഓസ്‌ട്രേലിയ അപ്രതീക്ഷിതമായി പിന്മാറുകയായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നിരുന്നു.
താലിബാന്‍റെ സ്ത്രീവിരുദ്ധ നടപടികളിൽ പ്രതിഷേധം; അഫ്‌ഗാനെതിരായ പരമ്പരയിൽ നിന്ന് പിൻമാറി ഓസീസ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!