
മെല്‍ബണ്‍: ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ (Cricket Australia) 2021 മികച്ച ടെസ്റ്റ് ഇലവനില്‍ നാല് ഇന്ത്യന്‍ താരങ്ങള്‍. എന്നാല്‍ ക്യാപ്റ്റന്‍ വിരാട് കോലി (Virat Kohli) ടീമിലിടം നേടിയിട്ടില്ല. ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ (David Warner), സ്റ്റീവന്‍ സ്മിത്ത് (Steven Smith), പാറ്റ് കമ്മിന്‍സ് (Pat Cummins) എന്നിവര്‍ക്ക് ടീമിലിടം നേടാനായില്ല. പാകിസ്ഥാനില്‍ നിന്ന് മൂന്ന് താരങ്ങള്‍ ടീമിലെത്തി.
ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിമുത് കരുണാരത്‌നെയാണ് ടീമിന്റെ ഓപ്പണര്‍. ഈ വര്‍ഷം 902 റണ്‍സ് നേടിയ ദിമുത് തന്നെയാണ് ടീമിന്റെ നായകനും. നാല് സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടും. രോഹിത് ശര്‍മയാണ് സഹഓപ്പണര്‍. ഈ വര്‍ഷം തകര്‍പ്പന്‍ ഫോമിലായിരുന്നു രോഹിത്. രണ്ട് സെഞ്ചുറിയും നാല് അര്‍ധ ശതകവും ഉള്‍പ്പെടെ 906 റണ്‍സാണ് രോഹിത് നേടിയത്.
മൂന്നാമനായി ലബുഷെയ്ന്‍ ക്രീസിലെത്തും. അടുത്തിടെ ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്മാരുടെ റാങ്കിംഗില്‍ ലബുഷെയ്്ന്‍ ഒന്നാമതെത്തിയിരുന്നു. 65.75 ശരാശരിയില്‍ 526 റണ്‍സാണ് ലബുഷെയ്ന്‍ നേടിയത്. ഇതില്‍ രണ്ട സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടും. നാലമനായ ക്രീസിലെത്തുന്ന റൂട്ട് ആറ് സെഞ്ചുറിയാണ് 2021ല്‍ നേടിയത്.
61 എന്ന ബാറ്റിങ് ശരാശരിയില്‍ റൂട്ട് വാരിക്കൂട്ടിയത് 1708 റണ്‍സ്. പാകിസ്ഥാന്‍ വെറ്ററന്‍ താരം ഫവാദ് ആലം പിന്നാലെയെത്തും. 571 റണ്‍സ് ആണ് പാക് താരം കണ്ടെത്തിയത്. മൂന്ന് തവണ സെഞ്ചുറി നേടി. ഇന്ത്യന്‍ താരം റിഷഭ് പന്താണ് വിക്കറ്റ് കീപ്പര്‍. 748 റണ്‍സ് ആണ് പന്ത് ഈ വര്‍ഷം സ്വന്തമാക്കിയത്. 30 ക്യാച്ചുകളും ആറ് സ്റ്റംപിങ്ങും പന്തിന്റെ അക്കൗണ്ടിലുണ്ട്.
ഇന്ത്യന്‍ താരങ്ങളായ അശ്വിനും അക്‌സര്‍ പട്ടേലുമാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഇലവനിലെ സ്പിന്നര്‍മാര്‍. ഈ വര്‍ഷം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയത് അശ്വിനാണ്. ഒമ്പത് കളിയില്‍ നിന്ന് 57 വിക്കറ്റ് അശ്വിന്‍ വീഴ്ത്തി. പട്ടേല്‍ അഞ്ച് ടെസ്റ്റില്‍ നിന്ന് 27 വിക്കറ്റും. ന്യൂസിലന്‍ഡിന്റെ കെയ്ല്‍ ജെയ്മിസണ്‍, പാകിസ്ഥാന്‍ താരങ്ങളായ ഹാസന്‍ അലി, ഷഹീന്‍ അഫ്രീദി എന്നിവര്‍ പേസര്‍മാരായും ടീമിലെത്തി.
ക്രിക്കറ്റ് ഓസ്ട്രേലിയയുടെ 2021ലെ ഇലവന്‍: രോഹിത് ശര്‍മ, ദിമിത് കരുണാരത്നെ (ക്യാപ്റ്റന്‍), മര്‍നസ് ലബുഷെയ്ന്‍, ജോ റൂട്ട്, ഫവാദ് ആലം, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, ജെയ്മിസണ്‍, അക്‌സര്‍ പട്ടേല്‍, ഹാസന്‍ അലി, ഷഹീന്‍ അഫ്രീദി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!