
ട്രിനിഡാഡ്: പാകിസ്ഥാന്‍ താരം ബാബര്‍ അസം തന്റെ മോശം പ്രകടനം തുടരുകയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ മൂന്ന് പന്ത് മാത്രം നേരിട്ട താരം റണ്‍സൊന്നുമെടുക്കാതെ പുറത്തായിരുന്നു. ഒമ്പതാം ഓവറില്‍ ജെയ്ഡന്‍ സീല്‍സിന്റെ ഒരു ഫുള്‍ ഡെലിവറിയില്‍ ബാബറിന്റെ വിക്കറ്റ് തെറിച്ചു. 31 ഏകദിന മത്സരങ്ങള്‍ക്കിടെ ബാബറിന്റെ ആദ്യമായിട്ടാണ് പൂജ്യത്തിന് പുറത്താകുന്നത്. എന്നിരുന്നാലും, ബാബറിന്റെ പുറത്താകല്‍ സോഷ്യല്‍ മീഡിയ ആഘോഷിച്ചു.
ട്രോളിലൂടെയാണ് ക്രിക്കറ്റ് ആരാധകര്‍ ബാബറിനെ നേരിട്ടത്. 'ബാബര്‍ അസമിന് 100 റണ്‍സിന് സെഞ്ച്വറി നഷ്ടമായി' എന്നൊരു ഒരു ആരാധകന്‍ എഴുതി. 'പാകിസ്ഥാന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഓവര്‍റേറ്റഡ് ബാറ്റ്‌സ്മാനാണ് ബാബര്‍ അസം' എന്ന് മറ്റൊരു ക്രിക്കറ്റ് ആരാധകന്‍ കുറിച്ചിട്ടത്. ശക്തമായ പിന്തുണ ലഭിച്ചിട്ടും ബാബറിന് ലഭിച്ച അവസരങ്ങള്‍ മുതലെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഒരു ആരാധകന്‍ ചൂണ്ടിക്കാട്ടി. ചില ട്രോളുകള്‍ വായിക്കാം...
ബാബറിന്റെ മോശം പ്രകടനം പുതിയ കാര്യമല്ല. 2023 ലെ ഏഷ്യാ കപ്പില്‍ നേപ്പാളിനെതിരെ 131 പന്തില്‍ നിന്ന് 151 റണ്‍സ് നേടിയതാണ് അദ്ദേഹത്തിന്റെ അവസാന സെഞ്ച്വറി. പിന്നീട് 71 ഇന്നിംഗ്സുകളില്‍ മൂന്നക്ക സ്‌കോര്‍ പോലും നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ഈ നീണ്ട റണ്‍ വരള്‍ച്ച തന്നെയാണ് അദ്ദേഹത്തിന്റെ നിലവിലെ ഫോമിനെയും സ്ഥിരതയെയും കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് കാരണമായത്.
ഈ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍, ബാബര്‍ 64 പന്തില്‍ നിന്ന് 47 റണ്‍സ് നേടിയിരുന്നു. പാകിസ്ഥാനെ വിജയത്തിലേക്ക് നയിക്കാന്‍ ഈ ഇന്നിംഗ്‌സ് നിര്‍ണായകമായിരുന്നു. എന്നാല്‍ മികച്ച തുടക്കങ്ങള്‍ വലിയ സ്‌കോറുകളാക്കി മാറ്റാന്‍ ബാബറിന് സാധിക്കുന്നല്ല. പാകിസ്ഥാന്റെ ബാറ്റിംഗ് ഓര്‍ഡറിലെ ഒരു പ്രധാന താരമാണെങ്കിലും ഒരു മാച്ച് വിന്നിംഗ് സെഞ്ച്വറി നേടാനുള്ള സമ്മര്‍ദ്ദം ബാബറിന് മുകളിലുണ്ട്.
ഏഷ്യാ കപ്പ് മുന്നിലെത്തി നില്‍ക്കെ ബാബര്‍ ഫോമില്‍ തിരിച്ചെത്തണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. നിലവില്‍ ടി20 ഫോര്‍മാറ്റില്‍ അദ്ദേഹം കളിക്കുന്നില്ല. എന്നാല്‍ പോലും ആറ് മാസത്തിനിടെ ടി20 ലോകകപ്പ് നടക്കാനിരിക്കെ ഏഷ്യാ കപ്പ് ടീമിലേക്ക് പാകിസ്ഥാനെ തിരിച്ചുവിളിച്ചേക്കും. അതിന് മുമ്പ് മുന്‍ ക്യാപ്റ്റന്‍ ഫോം വീണ്ടെടുക്കേണ്ടതുണ്ടെന്ന് മാത്രം.