'നന്നായി കളിക്കുന്നവര്‍ തുടരട്ടെ'; രോഹിത്-കോലി സഖ്യത്തിന്റെ ഏകദിന ക്രിക്കറ്റ് ഭാവിയെ കുറിച്ച് സൗരവ് ഗാംഗുലി

Published : Aug 11, 2025, 11:49 AM IST
Rohit Sharma and Virat Kohli

Synopsis

നന്നായി കളിക്കുന്നവർ തുടരണമെന്നും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കണമെന്നും ഗാംഗുലി പറഞ്ഞു.

കൊല്‍ക്കത്ത: ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടക്കുന്ന ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിന് ശേഷം വിരാട് കോലിയും രോഹിത് ശര്‍മയും ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചേക്കുമെന്നുള്ള വാര്‍ത്തകള്‍ വരുന്നുണ്ട്. ഓസ്‌ട്രേലിയന്‍ പര്യടനം അവരുടെ വിടവാങ്ങല്‍ മത്സരമായിരിക്കുമെന്ന് ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വാര്‍ത്തകള്‍ ബിസിസിഐ തന്നെ തള്ളികളഞ്ഞിരുന്നു. ഇരുവരേയും കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കില്ലെന്നാണ് ബിസിസിഐ വ്യക്തമാക്കിയത്.

ഇപ്പോള്‍ ഇത്തരം വാര്‍ത്തകളോട് പ്രതികരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമൊക്കെ ആയിരുന്ന സൗരവ് ഗാംഗുലി. ഇരുവരും ഏകദിനങ്ങളില്‍ നിന്ന് വിരമിച്ചേക്കുമെന്ന പ്രചാരണം സൗരവ് ഗാംഗുലി തള്ളി. അത്തരമൊരു തീരുമാനത്തെക്കുറിച്ച് തനിക്ക് യാതൊരു വിവരവുമില്ലെന്നും പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം അവര്‍ കളിക്കുന്നതെന്ന് തീരുമാനിക്കേണ്ടതെന്നും ഗാംഗുലി.

ഗാംഗുലി പറയുന്നതിങ്ങനെ... ''എനിക്ക് ഈ വാര്‍ത്തകളെ കുറിച്ച് കൂടുതലൊന്നും അറിയില്ല. അതുകൊണ്ടുതന്നെ അഭിപ്രായം പറയാനും കഴിയില്ല. പറയാന്‍ പ്രയാസമാണ്. നന്നായി കളിക്കുന്നുണ്ടെങ്കില്‍ അവര്‍ ഏകദിനങ്ങളില്‍ തുടരണം. കോലിയുടെ ഏകദിന റെക്കോര്‍ഡ് അസാധാരണമാണ്, രോഹിത് ശര്‍മ്മ വിഭിന്നമല്ല. വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ ഇരുവരും അസാധാരണ പ്രകടനം പുറത്തെടുത്തവരാണ്.'' ഗാംഗുലി വ്യക്തമാക്കി.

ഇരുവരും ടെസ്റ്റ്, ടി20 മത്സരങ്ങളില്‍ നിന്ന് വിരമിച്ചതോടെ അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഒക്ടോബര്‍ 19 മുതല്‍ പെര്‍ത്ത്, അഡലെയ്ഡ്, സിഡ്‌നി എന്നിവിടങ്ങളില്‍ നടക്കുന്ന ഏകദിന മത്സരങ്ങളായിരിക്കും ഇരുവരുടേയും അവസാന പരമ്പരയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഏകദിനത്തില്‍ എക്കാലത്തെയും മികച്ച റണ്‍ സ്‌കോറര്‍മാരുടെ പട്ടികയില്‍ കോലി മൂന്നാം സ്ഥാനത്താണ്. അതേസമയം ഫോര്‍മാറ്റില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന റെക്കോര്‍ഡ് രോഹിത്തിന്റെ പേരിലാണ്.

2025 ഫെബ്രുവരിയില്‍ നടന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലാണ് രോഹിതും കോലിയും അവസാനമായി ഇന്ത്യയെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പ്രതിനിധീകരിച്ചത്. അതിനുശേഷം, അവര്‍ ഇന്ത്യയ്ക്കായി ഒരു മത്സരത്തിലും പങ്കെടുത്തിട്ടില്ല.

PREV
Read more Articles on
click me!

Recommended Stories

പകരക്കാരെല്ലാം പരാജയപ്പെടുന്നു, എന്നിട്ടും അവസരമില്ല; സഞ്ജു സാംസണ്‍ ഇനി എന്ത് ചെയ്യണം?
ടിവി അമ്പയറുടെ ഭീമാബദ്ധം, നോ ബോളായിട്ടും കണ്ടില്ലെന്ന് നടിച്ചപ്പോൾ ബുമ്രക്ക് സ്വന്തമായത് ചരിത്രനേട്ടം