
ലഖ്നോ: ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി ഓസ്ട്രേലിയ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ 134 റണ്‍സിന്‍റെ പരാജയമാണ് കങ്കാരുക്കള്‍ രുചിച്ചത്. ആദ്യം ബാറ്റ് ചെയ്ത് കൂറ്റൻ സ്കോര്‍ പേരിലാക്കിയ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ ഒരു ഘട്ടത്തില്‍ പോലും പിടിച്ച് നില്‍ക്കാനാകാതെ കമ്മിൻസും സംഘവും അടിയറവ് പറഞ്ഞു.
ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 312 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുമായി ഇറങ്ങിയ ഓസീസിന്‍റെ പോരാട്ടം 177 റണ്‍സില്‍ അവസാനിച്ചു. ഓസ്ട്രേലിയൻ നിരയില്‍ മര്‍നസ് ലാബുഷെയ്ന് (46) ഒഴികെ ആര്‍ക്കും പേരിനൊത്ത പ്രകടനം പുറത്തെടുക്കാനായില്ല. ദക്ഷിണാഫ്രിക്കയ്ക്കായി കഗിസോ റബാദ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. വാലറ്റക്കാരുടെ പ്രകടനമാണ് ഓസീസിനെ വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്
നേരത്തെ, ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഓപ്പണര്‍ ക്വിന്‍റണ്‍ ഡി കോക്കിന്‍റെ സെഞ്ചുറിയുടെയും ഏയ്ഡന്‍ മാര്‍ക്രത്തിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെയും കരുത്തിലാണ് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 311റണ്‍സെടുത്തത്. 109 റണ്‍സെടുത്ത് ലോകകപ്പിലെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി നേടിയ ഡി കോക്കാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍.
തുടക്കം മുതല്‍ തകര്‍ത്തടിച്ചായിരുന്നു ദക്ഷിണാഫ്രിക്കയുടെ തുടക്കം. ഓപ്പണിംഗ് വിക്കറ്റില്‍ ഡി കോക്ക് തകര്‍ത്തടിക്കുകയും ക്യാപ്റ്റന്‍ ടെംബാ ബാവുമ പിന്തുണ നല്‍കുകയും ചെയ്തതോടെ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 108 റണ്‍സടിച്ചു. ബാവുമയെ(35) വീഴ്ത്തിയ മാക്സ്‌വെല്ലാണ് ഓസീസിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്.പിന്നീടെത്തിയ റാസി വാന്‍ഡര്‍ ദസ്സന്‍(26) നല്ല തുടക്കമിട്ടെങ്കിലും ആദം സാംപയുടെ പന്തില്‍ പുറത്തായി. 90 പന്തില്‍ സെഞ്ചുറി തികച്ച ഡി കോക്ക് 106 പന്തില്‍ 109 റണ്‍സെടുത്ത് പുറത്തായി.
ഒരു ഘട്ടത്തില്‍ 350 കടക്കുമെന്ന് തോന്നിച്ച ദക്ഷിണാഫ്രിക്കയ്ക്ക് അവസാന അഞ്ചോവറില്‍ 39 റണ്‍സടിക്കാനെ കഴിഞ്ഞുള്ളു. ഡേവിഡ് മില്ലര്‍(17) നിരാശപ്പെടുത്തിയപ്പോള്‍ മാര്‍ക്കോ ജാന്‍സനാണ്(22 പന്തില്‍ 26) ദക്ഷിണാഫ്രിക്കയെ 300 കടത്തിയത്. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്കും ഗ്ലെന്‍ മാക്സ്‌വെല്ലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!