
കൊച്ചി: തുടര്‍ച്ചയായ മൂന്ന് തോല്‍വികളാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നേരിട്ടത്. 15 മത്സരങ്ങളില്‍ 26 പോയിന്റുമായി അഞ്ചാം സ്ഥാനത്താണിപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ്. പരിക്കാണ് ബ്ലാസ്റ്റേഴ്‌സിനെ വലയ്ക്കുന്ന പ്രധാന പ്രശ്‌നം. അവസാനമായി ഗോള്‍ കീപ്പര്‍ സച്ചിന്‍ സുരേഷിന് പരിക്കേറ്റത്. ലെസ്‌കോവിച്ച് അടുത്ത മത്സരത്തില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. മെയ് മാസത്തില്‍ സൈന്‍ ചെയ്ത ഓസ്‌ട്രേലിയന്‍ താരം ജോഷ്വയെ പരിക്കിലൂടെ നഷ്ടമായത് മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തുടങ്ങിയ തിരിച്ചടിയാണ് സച്ചിന്‍ സുരേഷില്‍ എത്തി നില്‍ക്കുന്നത്.
തോളിന് പരിക്കേറ്റ് നാട്ടിലുള്ള സച്ചിന്‍ ഈയാഴ്ച തന്നെ മുംബൈയിലെത്തി ശസ്ത്രക്രിയക്ക് വിധേയനാകുമെന്നാണ് ക്ലബ്ബ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അഡ്രിയാന്‍ ലൂണയ്ക്കും ക്വാമെ പെപ്രയ്രക്കും പിന്നാലെ വിശ്വസ്ത ഗോളിക്കും സീസണ്‍ നഷ്ടമാകാനാണ് സാധ്യത. ചെന്നൈയിനെതിരെ പകരക്കാരനായി ഇറങ്ങി മികച്ച പ്രകടനം നടത്തിയ സീനിയര്‍ ഗോളി കരണ്‍ജിത് സിംഗ് ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചിരുന്നു.
പരിക്കുകളെ കുറിച്ച് കോച്ച് ഇവാന്‍ വുകോമാനോവിച്ച് പറയുന്നതിങ്ങനെ... ''മുന്‍ നിര താരങ്ങളെ ഒന്നിച്ചു കളിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. വിചിത്രവും വേദനജനകവുമാണ്. ഏഴ് മത്സരം കൂടി ഇനി ബാക്കിയുണ്ട്. ചെന്നെയിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ മാര്‍കോ ലെസ്‌കോവിച്ചിനെ പിന്‍വലിച്ചത് തന്റെ തീരുമാനപ്രകാരമാണ്. ഈ മാസം 25ന് ഗോവയ്‌ക്കെതിരായ ഹോം മത്സരത്തിന് മുന്‍പ് ലെസ്‌കോവിച്ച് ശാരീരികക്ഷമത വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷ.'' കോച്ച് വ്യക്തമാക്കി.
ചാംപ്യന്‍സ് ലീഗ്: ബാഴ്‌സലോണ ജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല; ഇന്ന് നാപോളിക്കെതിരെ
അവസാന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയോട് ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ വഴങ്ങിയ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി. 60ാം മിനിറ്റില്‍ ആകാസ് സംഗ്വാന്‍ ആണ് ചെന്നൈയിന്‍ എഫ് സിയുടെ വിജയഗോള്‍ നേടിയത്.