ആശ്വാസ വാര്‍ത്ത, 'തല' സുഖമായിരിക്കുന്നു; ധോണിയുടെ ശസ്‌ത്രക്രിയ വിജയകരം

By Web TeamFirst Published Jun 1, 2023, 8:29 PM IST
Highlights

എം എസ് ധോണിയുമായി ശസ്‌ത്രക്രിയക്ക് ശേഷം സംസാരിച്ചതായി സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍ വ്യക്തമാക്കി

മുംബൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ എം എസ് ധോണി മുംബൈയിലെ കോകിലാ ബെന്‍ ആശുപത്രിയില്‍ ഇടത്തേ കാല്‍മുട്ടില്‍ ശസ്‌ത്രക്രിയക്ക് വിധേയനായി. ശസ്‌ത്രക്രിയ വിജയകരമാണെന്നും താരം സുഖമായിരിക്കുന്നതായും സിഎസ്‌കെയോടും ആശുപത്രിയോടും ബന്ധപ്പെട്ട വൃത്തങ്ങള്‍ ക്രിക്‌ബസിനോട് സ്ഥിരീകരിച്ചു. 

ഐപിഎല്‍ പതിനാറാം സീസണ്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് മെയ് 31ന് വൈകിട്ടാണ് കാല്‍മുട്ടിലെ ചികില്‍സയ്‌ക്കായി ധോണി മുംബൈയില്‍ എത്തിയത്. വിദഗ്‌ധ പരിശോധനകള്‍ക്ക് ശേഷം ധോണിയെ ശസ്‌ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു. ധോണിക്കൊപ്പം ഭാര്യ സാക്ഷി ആശുപത്രിയിലുണ്ട്. നിലവില്‍ ആശുപത്രിയിലുള്ള ധോണി കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമേ വീട്ടിലേക്ക് മടങ്ങുകയുള്ളൂ. സ്പോര്‍ട്‌‌സ് മെഡിസിന്‍ വിദഗ്‌ധനായ ഡോ. ദിന്‍ഷാ പര്‍ദിവാലയുടെ നേതൃത്വത്തിലായിരുന്നു ധോണിയുടെ ശസ്‌ത്രക്രിയ. മുമ്പ് കാറപകടത്തില്‍ കാലിന് ഗുരുതരമായി പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്‍റെ ശസ്‌ത്രക്രിയയും പര്‍ദിവാലയുടെ മേല്‍നോട്ടത്തിലായിരുന്നു.

എം എസ് ധോണിയുമായി ശസ്‌ത്രക്രിയക്ക് ശേഷം സംസാരിച്ചതായി സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍ വ്യക്തമാക്കി. 'ശസ്‌ത്രക്രിയ കഴിഞ്ഞ് ധോണിയുമായി സംസാരിച്ചു. എന്ത് ശസ്‌ത്രക്രിയയാണ് നടത്തിയത് എന്ന് എനിക്ക് വിശദമാക്കാനാവില്ല. എന്നാലും താക്കോല്‍ദ്വാര ശസ്‌ത്രക്രിയയാണ് നടത്തിയത്. സംസാരത്തില്‍ ധോണി സന്തോഷവാനായിരുന്നു' എന്നുമാണ് കാശി വിശ്വനാഥന്‍റെ പ്രതികരണം. ധോണിക്ക് എപ്പോള്‍ പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കാനാകും എന്ന് വ്യക്തമല്ലെങ്കിലും രണ്ട് മാസം കൊണ്ട് താരത്തിന് ഓടാന്‍ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 

ഇടത് കാല്‍മുട്ടിലെ പരിക്കുമായാണ് ഐപിഎല്‍ 2023 സീസണ്‍ നാല്‍പ്പത്തിയൊന്നുകാരനായ എം എസ് ധോണി കളിച്ചത്. എല്ലാ മത്സരങ്ങളിലും വിക്കറ്റ് കീപ്പറുടെ ഗ്ലൗ അണിഞ്ഞ താരം കാര്യമായി റണ്‍സ് കണ്ടെത്തിയില്ലെങ്കിലും ബാറ്റിംഗിന് ഇറങ്ങി. ഐപിഎല്‍ ചരിത്രത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് അഞ്ചാം കിരീടം സമ്മാനിക്കാന്‍ ധോണിക്കായിരുന്നു. ശസ്‌ത്രക്രിയയും പരിശീലനവും കഴിഞ്ഞ് ധോണി അടുത്ത ഐപിഎല്‍ സീസണിലും സിഎസ്‌കെ കൂപ്പായത്തില്‍ കളിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ. 

Read more: ധോണിയുടെ കാല്‍മുട്ടിലെ ചികില്‍സ, വിരമിക്കല്‍; അഭ്യൂഹങ്ങളോട് പ്രതികരിച്ച് സിഎസ്‌കെ സിഇഒ

click me!