ജാമിസണിന് പകരക്കാരനെ പ്രഖ്യാപിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്! ദക്ഷിണാഫ്രിക്കന്‍ താരം ചില്ലറക്കാരനല്ല

By Web TeamFirst Published Mar 20, 2023, 12:23 PM IST
Highlights

32 കാരനായ മഗാലയെ താരലേലത്തില്‍ ആരും താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. മാത്രമല്ല, ആദ്യമായിട്ടാണ് താരം ഐപിഎല്ലിന്റെ ഭാഗമാകുന്നത്. അടിസ്ഥാനവിലയായ 50 ലക്ഷത്തിനാണ് മഗാല ചെന്നൈയ്ക്ക് വേണ്ടി കളിക്കുക.

ചെന്നൈ: പരിക്കിനെ തുടര്‍ന്ന് ഐപിഎല്ലില്‍ നിന്ന് പിന്മാറിയ കെയ്ല്‍ ജാമിസണിന് പകരം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിസാന്‍ഡ മഗാലയെ ടീമില്‍ ഉള്‍പ്പെടുത്തി. ഒരു കോടിക്കാണ് ജാമിസണിനെ ചെന്നൈ താരലേലത്തില്‍ ടീമിലെത്തിച്ചിരുന്നത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് മുമ്പ് താരത്തിന് പരിക്കേറ്റു. പിന്നാലെ ഐപിഎല്ലില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്കന്‍ പേസറെ ചെന്നൈ ടീമിലെത്തിക്കുകയായിരുന്നു.

32 കാരനായ മഗാലയെ താരലേലത്തില്‍ ആരും താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. മാത്രമല്ല, ആദ്യമായിട്ടാണ് താരം ഐപിഎല്ലിന്റെ ഭാഗമാകുന്നത്. അടിസ്ഥാനവിലയായ 50 ലക്ഷത്തിനാണ് മഗാല ചെന്നൈയ്ക്ക് വേണ്ടി കളിക്കുക. 2021ന് ശേഷം മഗാല ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ടി20 മത്സരങ്ങളും കളിച്ചിട്ടില്ല. എന്നാല്‍ പ്രഥമ ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ മഗാലയ്ക്കായി. സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ്പിന് വേണ്ടി കളിച്ച താരം വിക്കറ്റ് വേട്ടക്കാരില്‍ അഞ്ചാമനായിരുന്നു. 14 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 

ലോവര്‍ ഓര്‍ഡര്‍ ബാറ്ററായും മഗാലയെ ഉപയോഗിക്കാം. ഇതുവരെ രണ്ട് ടി20 അര്‍ധ സെഞ്ചുറികള്‍ മഗാല സ്വന്തമാക്കി. എസ്എ 20 കളിക്കുമ്പോള്‍ പവര്‍പ്ലേയിലാണ് പകുതി വിക്കറ്റുകളും വീഴ്ത്തിയത്. എന്നാല്‍ ഡെത്ത് ഓവറുകളിലും തിളങ്ങാനുള്ള കരുത്തുണ്ട് മഗാലയ്ക്ക്. നെതര്‍ലന്‍ഡ്‌സിനെതിരെ ഏകദിന പരമ്പര കളിക്കേണ്ടതിനാല്‍ വൈകി മാത്രമെ ദക്ഷിണാഫ്രിന്‍ താരങ്ങള്‍ക്ക് ഐപിഎല്‍ കളിക്കാന്‍ സാധിക്കൂ. എന്നാല്‍ നെതര്‍ലന്‍ഡ്‌സിനെതിരെ പരമ്പരയ്ക്കുള്ള ടീമിനെ ഇപ്പോഴും പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ വെസ്റ്റ് ഇന്‍ഡീസിനെ ഏകദിന പരമ്പര കളിച്ചുകൊണ്ടിരിക്കുകയാണ് മഗാല. അടുത്തിടെ മഗാലയെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന്റെ സെന്‍ട്രല്‍ കോണ്‍ട്രാക്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. 

മാര്‍ച്ച് 31ന് ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് സിഎസ്‌കെയുടെ ആദ്യ മത്സരം.

ശ്രീലങ്കയുടെ പോരാട്ടം അവസാനിച്ചു! കിവീസിന് ഇന്നിംഗ്‌സ് ജയം; ടെസ്റ്റ് പരമ്പര തൂത്തുവാരി

click me!