Latest Videos

ശ്രീലങ്കയുടെ പോരാട്ടം അവസാനിച്ചു! കിവീസിന് ഇന്നിംഗ്‌സ് ജയം; ടെസ്റ്റ് പരമ്പര തൂത്തുവാരി

By Web TeamFirst Published Mar 20, 2023, 11:34 AM IST
Highlights

രണ്ടിന് 113 എന്ന നിലയിലാണ് ശ്രീലങ്ക നാലാം ഇന്നിംഗ്‌സ് ആരംഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ ഒരു റണ്‍ പോലും കൂട്ടിചേര്‍ക്കുന്നതിന് മുമ്പ് കുശാല്‍ മെന്‍ഡിസിന്റെ (50) വിക്കറ്റ് ശ്രീലങ്കയ്ക്ക് നഷ്ടമായി.

വെല്ലിംഗ്ടണ്‍: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ന്യൂസിലന്‍ഡ് തൂത്തുവാരി. പരമ്പരയില്‍ രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 58 റണ്‍സിനുമാണ് ന്യൂസിലന്‍ഡ് ജയിച്ചത്. ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 580നെതിരെ ശ്രീലങ്ക മറുപടി ബാറ്റിംഗില്‍ 164ന് പുറത്തായിരുന്നു. ഫോള്‍ഓണ്‍ വഴങ്ങിയ സന്ദര്‍ശകര്‍ രണ്ടാം ഇന്നിംഗ്‌സില്‍ 358ന് പുറത്താവുകയായിരുന്നു. 

രണ്ടിന് 113 എന്ന നിലയിലാണ് ശ്രീലങ്ക നാലാം ഇന്നിംഗ്‌സ് ആരംഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ ഒരു റണ്‍ പോലും കൂട്ടിചേര്‍ക്കുന്നതിന് മുമ്പ് കുശാല്‍ മെന്‍ഡിസിന്റെ (50) വിക്കറ്റ് ശ്രീലങ്കയ്ക്ക് നഷ്ടമായി. തലേ ദിവസത്തെ സ്‌കോറിനോട് ഒരു റണ്‍ കൂട്ടിചേര്‍ത്ത് എയ്ഞ്ചലോ മാത്യൂസും (2) മടങ്ങി. ഇതോടെ ശ്രീലങ്ക നാലിന് 116 എന്ന നിലയിലായി. തുടര്‍ന്ന് ദിനേശ് ചാണ്ഡിമല്‍ (62)- ധനഞ്ജയ ഡി സില്‍വ (98) സഖ്യം 126 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ചാണ്ഡിമലിനെ പുറത്താക്കി ബ്ലെയര്‍ ടിക്‌നര്‍ കിവീസിന് ബ്രേക്ക് ത്രൂ നല്‍കി. 

നിഷാന്‍ മധുഷനക (39) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത് മടങ്ങി. പിന്നാലെ സെഞ്ചുറിക്ക് രണ്ട് റണ്‍ അകലെ ധനഞ്ജയയും വീണു. കശുന്‍ രജിതയുടെ (110 പന്തില്‍ 20) പോരാട്ടം തോല്‍വിഭാരം കുറയ്ക്കാന്‍ മാത്രമാണ് സഹായിച്ചത്. പ്രഭാത് ജയസൂര്യ (2), ലാഹിരു കുമാര (7) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അഷിത് ഫെര്‍ണാണ്ടോ (0) പുറത്താവാതെ നിന്നു. ടിം സൗത്തി, ബ്ലെയര്‍ ടിക്‌നര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

ഒന്നാം ഇന്നിംഗ്‌സില്‍ ലങ്ക 164ന് പുറത്തായിരുന്നു. മൈക്കല്‍ ബ്രേസ്‌വെല്‍, മാറ്റ് ഹെന്റി എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു. 89 റണ്‍സ് നേടിയ ദിമുത് കരുണാര്തനെ ഒഴികെ മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചിരുന്നില്ല. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കിവീസിന് കെയ്ന്‍ വില്യംസണ്‍ (215), ഹെന്റി നിക്കോള്‍സ് (200) എന്നിവരുടെ ഇന്നിംഗ്‌സാണ് ഒന്നാം ഇന്നിംഗ്‌സില്‍ കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. നിക്കോള്‍സാണ് മത്സരത്തിലെ താരം. വില്യംസണ്‍ പരമ്പരയിലെ താരമായി. 

ആദ്യ ടെസ്റ്റില്‍ അവസാന പന്തില്‍ ജയിച്ച കിവീസ് രണ്ട് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ശ്രീലങ്കക്ക് പരമ്പര 2-0ന് സ്വന്തമാക്കണമായിരുന്നു. ആദ്യ ടെസ്റ്റില്‍ ലങ്ക തോറ്റതോടെ ഓസ്‌ട്രേലിയക്കൊപ്പം ഇന്ത്യ ഫൈനലിലെത്തിയിരുന്നു.

കാര്യങ്ങള്‍ ശുഭകരമല്ല! ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമാനോവിച്ചിനെ വിലക്കിയേക്കും

click me!