പ്രായത്തെ തോല്‍പ്പിച്ച് ഇബ്രാഹിമോവിച്ച്; എ സി മിലാനായി ഗോള്‍ നേടിയപ്പോള്‍ പിറന്നത് റെക്കോര്‍ഡ്- വീഡിയോ

By Web TeamFirst Published Mar 19, 2023, 10:55 PM IST
Highlights

സ്വീഡന്റെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനായ ഇബ്രയെ നാല്‍പത്തിയൊന്നാം വയസ്സിലും ദേശീയ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് കോച്ച് ജയിന്‍ ആന്‍ഡേഴ്‌സണ്‍.

മിലാന്‍: പ്രായത്തെ തോല്‍പിച്ച് വീണ്ടും സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച്. ഇറ്റാലിയന്‍ ലീഗില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായമേറിയ താരമെന്ന റെക്കോര്‍ഡാണ് ഇബ്രാഹിമോവിച്ച് സ്വന്തമാക്കിയത്. സെരി എ യിയില്‍ യുഡിനീസിനെതിരെ ഈ ഗോള്‍ നേടുമ്പോള്‍ 41 വയസ്സും 166 ദിവസവുമാണ് സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചിന്റെ പ്രായം. ഇറ്റാലിയന്‍ ലീഗില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായമേറിയ താരമാണിപ്പോള്‍ സ്വീഡിഷ് സ്‌ട്രൈക്കര്‍. സ്ലാറ്റന്‍ ഗോളടിച്ചെങ്കിലും മിലാന്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് തോറ്റു. ഗോളിന്‍റെ വീഡിയോ കാണാം... 

The goal that broke the record, courtesy of Zlatan Ibrahimović 🇸🇪🦁 pic.twitter.com/EQeyrJ88D2

— Lega Serie A (@SerieA_EN)

41 വയസ്സും 25 ദിവസവും പ്രായമുള്ളപ്പോള്‍ അലസ്സാന്ദ്രോ കോസ്റ്റകുര്‍ട്ട നേടിയ ഗോളിന്റെ റെക്കോര്‍ഡാണ് ഇബ്രാഹിമോവിച്ച് മറികടന്നത്. അയാക്‌സ്, യുവന്റസ്, ഇന്റര്‍ മിലാന്‍, ബാഴ്‌സലോണ, പി എസ് ജി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലാ ഗാലക്‌സി ക്ലബുകള്‍ക്ക് വേണ്ടി കളിച്ചിട്ടുള്ള ഇബ്ര എ സി മിലാനായി എഴുപത്തിയാറ് ഗോള്‍ നേടിയിട്ടുണ്ട്. ക്ലബ് ഫുട്‌ബോളില്‍ അഞ്ഞുറിലേറെ ഗോള്‍ നേടിയിട്ടുള്ള ഇബ്രാഹിമോവിച്ച് സ്വീഡനായി 121 കളിയില്‍ 62 ഗോളും നേടിയിട്ടുണ്ട്.

സ്വീഡന്റെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനായ ഇബ്രയെ നാല്‍പത്തിയൊന്നാം വയസ്സിലും ദേശീയ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് കോച്ച് ജയിന്‍ ആന്‍ഡേഴ്‌സണ്‍. യൂറോകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ടീമിലേക്കാണ് ഇബ്രയെ സ്വീഡന്‍ തിരിച്ചുവിളിച്ചിരിക്കുന്നത്. 

'നിങ്ങള്‍ക്കെന്നെ വിവാഹം കഴിക്കാമോ'; എയര്‍പോര്‍ട്ടിലെ ആരാധകന് റോസാപ്പൂ നല്‍കികൊണ്ട് രോഹിത്തിന്റെ ചോദ്യം

ആഴ്‌സനലിന് ജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ജൈത്രയാത്ര തുടര്‍ന്ന് ആഴ്‌സനല്‍. ക്രിസ്റ്റല്‍പാലസിനെ ഒന്നിനെതിരെ നാല് ഗോളിന് തകര്‍ത്തു. ബുക്കായോ സാക്ക ഇരട്ട ഗോള്‍ നേടി. ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, ഗ്രാനിത് ഷാക്ക എന്നിവരാണ് മറ്റ് ഗോളുകള്‍ നേടിയത്. ജെഫ്രെ ഷുല്‍പാണ് ക്രിസ്റ്റല്‍പാലസിന്റെ ആശ്വാസഗോള്‍ നേടിയത്. പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ ആറാം മത്സരം ജയിച്ച ആഴ്‌സനന്‍ 28 മത്സരങ്ങളില്‍ 69 പോയിന്റുമായി ലീഗില്‍ ഒന്നാംസ്ഥാനത്ത് തുടരുന്നു. 61 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് രണ്ടാമത്.

click me!